ഡോ. ഷാനവാസിന്റെ മരണത്തില്‍ ദുരൂഹത’; പുനരന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ

77
0

മലപ്പുറം: ആദിവാസി മേഖലയിലെ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ഷാനവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിവരാവകാശ കൂട്ടായ്മ. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയാണ് കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണത്തിലൂടെ ദുരൂഹത മാറ്റണമെന്നുമാണ് കൂട്ടായ്മ ഭാരവാഹികളുടെ ആവശ്യം.

2015 ഫെബ്രുവരി 13 നാണ് ഡോ. പി സി ഷാനവാസ് മരിക്കുന്നത്. ആതുര സേവനമുള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഷാനവാസ്. കോഴിക്കോട് നിന്നും മൂന്ന് സുഹൃത്തുക്കളോടൊപ്പം നിലമ്പൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു മരണം. അന്ന് കാറില്‍ ഒപ്പമുണ്ടായിരുന്നയാള്‍ പിന്നീട് സ്ത്രീ പീഡന കേസില്‍ അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

ഷാനവാസിന്റെ മരണശേഷം സുഹൃത്തുക്കളില്‍ ചിലര്‍ ആത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇക്കാര്യം ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ വരണമെന്നുമാണ് ഇവരുടെ ആവശ്യം. ഷാനവാസും സുഹൃത്തുക്കളും കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു നിഗമനം . ഷാനവാസ് ആത്മഹത്യ ചെയ്തതാണ് എന്ന സംശയവും പിന്നീട് നിലവില്‍ വന്നിരുന്നു. എന്നാല്‍ ആത്മഹത്യ അല്ലായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശ്വാസ നാളത്തില്‍ ഭക്ഷണാവശിഷ്ടങ്ങളുള്ളതായും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി.