ടി.പത്മനാഭന്റെ നര്‍മ്മം

296
0


സുനില്‍.സി.ഇ

മഡി ഓഫ് മാനേഴ്‌സ് (Comedy of Mannser) എന്ന നാടകശാഖ ഇംഗ്ലീഷില്‍ ആരംഭിച്ചത് ബെഞ്ചമിന്‍ (ബെന്‍) ജോണ്‍സനാണ.’എവ്‌രി മാന്‍ ഇന്‍ഹിസ് ഹ്യൂമര്‍’ ( Every man in his humour ) എന്ന നാടക വും ‘എവ്‌രി മാന്‍ ഔട്ട് ഓഫ് ഹിസ് ഹ്യൂമര്‍’ ( Every man out of his humour ) എന്ന നാടകവും സാമൂഹ്യ ജീവിതത്തി ന്റെ പിഴവുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന നാടകങ്ങളാണ്. ആ ദ്യത്തേത് ഹര്‍ഷാന്ത നാടകവും രണ്ടാമത്തേത് ശുഭാന്ത നാടകവുമായിരുന്നു. സര്‍ വാള്‍ട്ടര്‍ സ്‌കോട്ടിന്റെ രചനകളുടെ ചരിത്രാവബോധത്തെയും നാടകീയചടുലതയെയും കഥാഖ്യാനപാടവത്തെയുംകാള്‍ ഒരു സാധാരണ വായനക്കാരനെ പെട്ടെന്ന് പിടികൂടുന്നത് അദ്ദേഹത്തിന്റെ ജീവിതമെഴുത്തുകള്‍ തന്നെയാണ്. ജെയ്ന്‍ ഓസ്റ്റിന്റെ സമര്‍ത്ഥമായ ഘടനാസൃഷ്ടികളെക്കാള്‍ നമ്മെ പിന്‍തുടരുന്നത് മൃദുദര്‍ശനോക്തികളും അതിന്റെ വിപരീതാര്‍ത്ഥ പ്രയോഗങ്ങളും ആണ്. ഒരു കാലഘട്ടത്തിന്റെ രീതി സമ്പ്രദായങ്ങളെ പിശുക്കില്ലാതെ രചനകളിലാവിഷ്‌കരിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ ‘സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി'( Sense and Sensibility) എന്ന ഒരേസമയം ദാര്‍ശനികാംശങ്ങളുടെ യും കുറുമ്പുകളുടെയും സമ്മിശ്ര ഉല്‍പ്പന്നമാണ്. ജെയിന്റെ ഏറ്റവും പ്രായം കുറഞ്ഞ കഥാപാത്രമുളള നോവല്‍ എന്ന രീതിയിലല്ല ‘നോര്‍ ത്തേഞ്ജര്‍ ആബി’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത്. മറിച്ച് ആദ്യന്തം ആക്ഷേപഖണ്ഡങ്ങള്‍ നിറഞ്ഞ നോവല്‍ എന്ന രീതിയിലാണ് അതു വായനക്കാരന്‍ സ്വീകരിച്ചത്.ഹെന്റി റ്റില്‍നി എന്ന വൈദികനിലൂടെയും കാതറിന്‍ എന്ന പതിനഞ്ചുകാരി നായികയിലൂടെയും വികസിക്കുന്ന ഈ നോവല്‍ മനുഷ്യസ്വഭാവത്തെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ ഉപയോഗിക്കുന്നത് തത്വചിന്താപരമായ ആശയങ്ങളല്ല. കോമിക് വാക്യങ്ങള്‍കൊണ്ടാണ് ജെയ്ന്‍ ഓസ്റ്റിന്‍ വായനക്കാരെ നയിച്ചുകൊണ്ടു പോകുന്നത്. ലോകസാഹിത്യം മൊത്തം പരിശോധിച്ചാല്‍ ഇതുപോലെ ഒരുപാട് ജീവിതാഭിമുഖ്യകൃതികള്‍ നമുക്ക് കണ്ടെടുക്കാനാകും. ദാമ്പത്യജീവിതത്തെക്കുറിച്ച് ഏറ്റവും വലിയ വാക്യങ്ങള്‍ നിര്‍മ്മിച്ചത് ബര്‍ണാഡ് ഷായാണ്.
‘ആദ്യത്തെ ഒരു മാസം ഭര്‍ത്താവ് പറയുന്നതു/മുഴുവന്‍ ഭാര്യ കേള്‍ക്കും/
പിന്നെത്തെ ഒരു മാസം ഭാര്യ പറയുന്നതു/മുഴുവന്‍ ഭര്‍ത്താവ് കേള്‍ക്കും/
പിന്നെ പിന്നെ ഇവര്‍ രണ്ടുപേരും പറയുന്നതു /ആ പ്രദേശം മുഴുവന്‍ കേള്‍ക്കും’ ബര്‍ണാഡ് ഷാ
എന്നിങ്ങനെയുളള ദര്‍ശനങ്ങള്‍ ലോകസാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമായി മാറിയിട്ടുണ്ട്. കഥയില്‍ ഫിലോസഫിയുടെ അംശം കലര്‍ത്തിയിട്ടുളള ഒരുപാട് എഴുത്തുകാര്‍ മലയാളത്തിലുണ്ട്. ജീവിതത്തി ന്റെ വ്യാകരണത്തെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ് ജെഫ്രി ആര്‍ച്ചര്‍. നമ്മുടെ ഉളളിലെല്ലാം ഒരു ഗ്രന്ഥമില്ലായിരിക്കാം; പക്ഷെ തീര്‍ച്ചയായും ഒരു നല്ല ചെറുകഥയുണ്ട് എ ന്നെഴുതിയ ജെഫ്രി ആര്‍ച്ചര്‍ക്ക് കഥ ഭാഷകൊണ്ടുളള ഭരണകൂടമായിരുന്നു. കഥാതന്തു ഒരുതരം ഡിപ്ലോമാറ്റിക് പ്രയോഗമാണെന്ന് ആര്‍ച്ചര്‍ അ ങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി.
ഈ പറയപ്പെട്ട എല്ലാ പ്രസ്താവനകളും ടി.പത്മനാഭന്റെ കഥകള്‍ക്കുളള വിശേഷണമാണെന്നല്ല പറഞ്ഞതിന്റെ പൊരുള്‍. മറിച്ച് വായനക്കാര നെ അറിവിന്റെ ഋഷിയാക്കാന്‍ കഥയുടെ ഭാഷ എങ്ങനെയുളള പങ്കാണ് വഹിക്കുന്നതെന്നുളള ആലോചനയാണത്. പത്മനാഭന്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ വളരെ ഭിന്നമായ പരിണാമത്തിന്റെ ആദ്യരശ്മികളെയാണ് നാം കണ്ടെടുക്കുന്നത്. ടി.പത്മനാഭന്റെ രചനകളിലൂടെയുളള തിരനോട്ടം നടത്തല്‍ ജീവിതാനുഭവം സൃഷ്ടിക്കുന്ന അപമാനവികരണത്തിന്റെ അനുഭവങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. ഇന്ദ്രിയസംവേദ്യമായ ഭാഷയും, അതിനിടയില്‍ ഉയിര്‍ന്നുപൊന്തുന്ന ജീവിതത്തിന്റെ വേദന പുരണ്ട ഏടുകളെ തന്നെയാണ് വെളിപ്പെടുത്തുന്നത്. പത്മനാഭന്റെ കഥകള്‍ പ്രക്ഷേപിക്കുന്ന ഭാവന വ്യത്യസ്തമായ മനോഭാവങ്ങളെയാണ്. കഥയെഴുത്തിന്റെ സ്ഥിരശീലങ്ങളെ പിളര്‍ന്ന ടി.പത്മനാഭന്റെ പത്ത് കഥകളെയും ഒറ്റയൊറ്റ ക്യാബിനുകളായി തിരിച്ച് പഠിക്കപ്പെടേണ്ടതുണ്ട്. ചെറുകഥയെഴുത്ത് ഒരു സ്വകാര്യകലയാണെന്ന് നിരീക്ഷിച്ചത് ഫ്രാങ്ക് കോണറാണ്. ഈ സ്വകാര്യ ഭാവഗീതത്തെ ജനകീയമാക്കാന്‍ ജീവിത വീക്ഷണം ആവശ്യമായി വരുമെന്നും ഫ്രാങ്ക് കോര്‍ണര്‍ പറയുന്നുണ്ട്. അതു കഥയുടെ നാട്ടുതനിമ വര്‍ദ്ധിപ്പിക്കുമെന്ന് എല്ലാ കഥാകൃത്തുക്കളും വിശ്വസിക്കുന്നു. പക്ഷെ ഭാവന കൊണ്ട് ജീവിതത്തിന്റെ എല്ലാ വശങ്ങളെയും വിശദീകരിക്കാനാവില്ലെന്ന് പത്മനാഭന്‍ എന്ന കഥാകൃത്ത് തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഇത്രയും കാലം എഴുതിയ കഥകളില്‍ നിന്നും എത്ര കടഞ്ഞെടുത്തിട്ടും ജീവിതത്തെ മറികടക്കുന്ന കഥകള്‍ നമുക്ക് ലഭ്യമാവുന്നത്. പക്ഷെ ഈ കഥകള്‍ക്കിടയിലുളള ക്ഷോഭിക്കുന്ന കണ്ണുകള്‍ നമ്മെ ഓരോരോ തുരുത്തുകളിലേക്ക് മാറിയിരുന്ന് ഈ പത്തു കഥകളെയും നിരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. എങ്കിലും വായനക്കാരോട് ഉത്തരം പറയാന്‍ ആവശ്യപ്പെടുന്ന ഈ കഥകള്‍ ഒരുതരം ക്ലിനിക്കല്‍ സറ്റയറിലേക്ക് (Clinical Satire/ ചികിത്സാ സംബന്ധമായ) നമ്മെ നയിക്കുന്നു.
നര്‍മ്മം എന്ന നീറ്റുച്ചൂള/അവളുടെ കൈയില്‍ ആ പഴയ ചെരിപ്പുണ്ടായിരുന്നു./കയറില്‍ നിന്നു വെട്ടിയിറക്കാന്‍ കാത്തുനില്‍ക്കുന്ന/ഒരു ശവംപോലെ അവളുടെ വിരലുകളില്‍/അതു തൂങ്ങിനിന്നു.
ഒരു ചെറുകഥയ്ക്ക് ഒരു ഭാവമേ ഉണ്ടാകാവൂ എന്നും, എല്ലാ വാചകങ്ങളും അതിനെ സൃഷ്ടിക്കാനുതകണം എന്നും എഴുതിയത് എഡ്ഗാര്‍ അല്ലന്‍ പോയാണ്. കഥയുടെ നിര്‍മ്മാണവഴികളില്‍ ഈ തത്ത്വത്തെ മുറിഞ്ഞുപോകാതെ സംരക്ഷിക്കുന്ന കഥാകൃത്താണ് ടി.പത്മനാഭന്‍. ”അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്” എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോള്‍ അതിലെ ‘ഞാന്‍’ (ആഖ്യാതാവ് എന്ന കഥാകൃത്ത്) വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്.
കാണാതായ ചെരിപ്പിനെക്കുറിച്ചുളള അന്വേഷണത്തോടെ കഥ ആരംഭിക്കുകയും, അതു കണ്ടു കിട്ടുന്ന ഒരു നിമിഷത്തിന്റെ സൗന്ദര്യാഖ്യാനത്തോടെ കഥ അവസാനിക്കുകയും ചെയ്യുന്നതിനിടയില്‍ ഉടയുകയും ചിതറുകയും ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളെ പത്മനാഭന്‍ വരച്ചുകാട്ടുന്നു. ഒരു പാടു കഥകള്‍ പറയാറുണ്ടായിരുന്നു അമ്മ എഴുത്തച്ഛന്റെ കഥ പറഞ്ഞുകൊടുക്കുന്നതും, കാര്‍ത്തി എന്ന ചെരിപ്പുകളളിയുടെ കീഴ്ജാതിത്വത്തെക്കുറിച്ചുളള പരാമര്‍ശങ്ങളും നാം വായിക്കുമ്പോള്‍ അത്രയേറെ പ്രധാനപ്പെട്ട ചില ജീവിത പ്രശ്‌നങ്ങളിലൂടെ തന്നെയാണ് വായനക്കാരന്‍ കടന്നുപോകുന്നത്. ഒരുപക്ഷെ അക്ഷരം അറിയാതെ മരിച്ച ഒരു സാധു പ്രാണിയായി മാറി വെളളത്തില്‍ അക്ഷരം എഴുതി പഠിക്കുന്നതിനെ അമ്മ എഴുത്തച്ഛനായി വിശേഷിപ്പിക്കുന്ന കഥയുടെ ഈ ഭാഗം നര്‍മ്മത്തിനപ്പുറമുളള ഒരു ലോകത്തിലേക്ക് നമ്മെ നയിക്കുന്നു. ചെരിപ്പു മോഷ്ടിക്കുന്ന കാര്‍ത്തി ഒരു കീഴ്ജാതിക്കാരിയാണെന്നതിന്റെ തെളിവുകള്‍ കഥ വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ പത്മനാഭന്റെ കഥാഞരമ്പ് നമ്മെ തറച്ചുവെയ്ക്കുന്നത് സരസമായ സാഡിസത്തിലാണ്. ഇതിലെ നര്‍മ്മവും ഗൗരവവും അതിന്റെ സമസ്ത സൗന്ദര്യസംഹിതകളും മുഴക്കത്തോടെയാണ് നമ്മുടെ വികാരങ്ങളില്‍ ആഞ്ഞു വീശുന്നത്. ബാല്യത്തിലെ ലീലകള്‍ എന്നോണം അവതരിപ്പിക്കപ്പെടുന്ന ചില കാര്യങ്ങള്‍പോലും കഥാനിര്‍മ്മാണത്തിന്റെ സ്വയം പ്രകടിതരൂപങ്ങളായി മാറുമ്പോള്‍ ‘ഞാന്‍’ പലപല കഥാപാത്രങ്ങളായി രൂപമെടുക്കുന്നു. വിയോജിപ്പുകളെ മുന്‍കൂറായി നിരോധിക്കുന്ന നിഷ്ഠൂരമായ വിളംബരമാണ് ഈ കഥയുടെ നര്‍മ്മപാളം.
”എല്ലാറ്റിനും ഒരു കാലമുണ്ട്, അല്ലാതെ /നമ്മള്‍ വിചാരിച്ചതുകൊണ്ടൊന്നും”/അവള്‍ പറഞ്ഞത് തികച്ചും ശരിതന്നെയാണെന്ന്/എനിക്കും തോന്നി. കാലത്തിന്റെ ശക്തിയെക്കുറിച്ച്/കവികളും കഥാകൃത്തുക്കളുമൊക്കെ/എഴുതിയിട്ടുളളതും ഞാനോര്‍ക്കുന്നു.
ഡയസ് ലിറ്ററേച്ചര്‍ എന്നൊരു ശാഖ ഇപ്പോഴും പ്രബലമാണ്. സാംസ്‌കാരിക സദസ്സുകളിലെ സ്ഥിരം പ്രസംഗകരെ ഡയസ് ജീവികള്‍ എന്ന് വിശേഷിപ്പിച്ചത് സാഡിസ്മിത്താണ്. കേരളത്തില്‍ നിന്നും പല സ്ഥലങ്ങളിലേക്ക് കുടിയേറി താമസിക്കുന്ന മലയാളികള്‍ എല്ലായിടത്തും മലയാളി സംഘടനകള്‍ രൂപീകരിക്കാറുണ്ട്. അതില്‍ എഴുത്തുകാരും വായനക്കാരുമുണ്ട്. സംഘടനകളുണ്ട്. അവര്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരെ പ്രസംഗപര്യടനത്തിന് ക്ഷണിക്കാറുണ്ട്. ഇത്തരം ചില സന്ദര്‍ഭങ്ങളെയാണ് പത്മനാഭന്‍ ‘അബുദാബി’ എന്ന കഥയില്‍ അനാവരണം ചെയ്യുന്നത്. ആഖ്യാനകലയെ പരീക്ഷണങ്ങള്‍കൊണ്ട് നവീകരിക്കാന്‍ ശ്രമിക്കുന്ന പത്മനാഭന്‍ കഥയുടെ ഉപരിസംസ്‌കാരത്തെ ജനപ്രിയകലയുടെ സംസ്‌കാരവുമായി ഇണക്കുന്നതിന്റെ ഭാഗമായി കോമിക് വാക്യങ്ങള്‍ കഥാരചനയില്‍ നേരിട്ട് ഉപയോഗിക്കുന്നതിന്റെ സാക്ഷ്യമാണ് ‘അബുദാബി’. ലിന്‍ഡ ബാറി എന്ന എഴുത്തുകാരി സാംസ്‌കാരിക നായകത്വത്തിന്റെ പ്രസംഗ ടൂറിസത്തെക്കുറിച്ച് കോമിക് സ്ട്രിപ്പുകള്‍കൊണ്ട് കഥകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതു ദൃശ്യവ്യാഖ്യാനത്തിന്റെ ഡിസൈന്‍ സൃഷ്ടിക്കുകയും ചെയ്തു. അതുപോലെ അലസിപ്പോകാത്ത പരീക്ഷണങ്ങള്‍കൊണ്ടാണ് ടി.പത്മനാഭന്‍ അബുദാബിഎന്ന കഥ എഴുതിയിരിക്കുന്നത്. അബുദാബി എന്ന കഥയിലെ ഭാര്യാകഥാപാത്രം ഹാസ്യത്തിന്റെ വലിയ സാന്നിദ്ധ്യവുമായി മാറുന്നു. അബുദാബിയിലെ മലയാളി സംഘടനയുടെ കാര്യദര്‍ശി മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യകാരനെ നേരിട്ടു ക്ഷണിക്കാന്‍ വന്നതാണെന്ന് ആഖ്യാതാവ് പറയുമ്പോള്‍ ഭാര്യ പറയുന്ന മറുപടി ശ്രദ്ധേയമാണ്. ‘മതി, മതി ഒരു സാഹിത്യകാരന്‍! എനിക്ക് കേള്‍ക്കണ്ടാ, സൗകര്യം കിട്ടുമ്പോള്‍ ടാഗോറിനെയും മാര്‍ക്കേസിനേയുമൊക്കെ കക്കുന്ന…..എനിക്കല്ലേ അതൊക്കെ അറിയൂ……..’ നമ്മുടെ കഥയ്ക്ക് ഒരു വികസ്വര പ്രപഞ്ചമില്ലെന്നും അതു പോയകാലത്തിന്റെ അന്ധമായ അനുകരണമോ മോഷണമോ ഒക്കെയാണെന്നും പറയുന്നിടത്താണ് ഈ സറ്റയറിന് അര്‍ത്ഥം വയ്ക്കുന്നത്. ഇതിലെ ഹാസ്യം ബൗദ്ധിക സംവേദനത്തിന്റെ നിര്‍മ്മിതിയാണ്.
”എനിക്കു തോന്നുന്നത്…അവിടെ/ധാരാളം ഡോക്ടര്‍മാരുണ്ട്./യു.ജി.സി ശമ്പളം വാങ്ങുന്നവര്‍. അവരിലാരെങ്കിലും /എഴുതിയതാവും. ഇവര്‍ എഴുതുന്നതൊന്നും /മനുഷ്യര്‍ക്ക് മനസ്സിലാവില്ല./മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എലികളല്ല,/മനുഷ്യന്‍ തന്നെ ചത്തുപോകും”.
ടി.പത്മനാഭന്റെ ഏറ്റവും മികച്ച ഹാസ്യനിര്‍മ്മിതിയാണീ കഥ. ഉത്തരാധുനികത എന്ന പ്രസ്ഥാനത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ മുറുകുന്ന കാലമാണിപ്പോഴും. അത്തരം ഒരു കാലത്തിന്റെ ശാപമെന്നോണം ഇവിടുത്തെ ഭാഷാ ഡോ ക്ടര്‍മാരെ കളിയാക്കുകയാണ് പത്മനാഭന്‍. നാളുകളായി പലതരം വിഷങ്ങള്‍ ഒളിപ്പിച്ചിട്ടും എലികള്‍ ചാകുന്നില്ലെന്നും, ഒടുവില്‍ പെട്ടെന്നൊരു ദിവസം സു ബൈറിന്റെ പുസ്തകക്കടയിലെ എലികള്‍ ചത്തുപോകുന്നതും അതിന്റെ കാ രണം കണ്ടുപിടിക്കലുമൊക്കെയാണ് കഥയുടെ പ്രമേയം. ഒടുവില്‍ ചത്തുകിടക്കുന്ന മൂന്ന് എലികളെയും മുക്കാലും കരണ്ട നശിപ്പിക്കപ്പെട്ട ഒരു പുസ്തകവും ഷോപ്പില്‍ നിന്നും എടുക്കുന്നു. പുസ്തകം എഴുതിയ ആളിന്റെ ‘ഡോക്ടര്‍’ മാത്രമേയുളളൂ. പേര് എലി കരണ്ടിരുന്നു. ഈ കഥയുടെ ഹാസ്യം വാസ്തവികതയുടെയും അതിവാസ്തവികതയുടെയും ലയനം സൃഷ്ടിക്കുന്നു. ക ഥ പറച്ചിലിന്റെ വാമൊഴി പാരമ്പര്യത്തെ എഴുതപ്പെട്ട ആഖ്യാനത്തിന്റെ രൂപത്തിലേക്ക് മാന്ത്രികമായി പ്രവേശിപ്പിക്കുന്നു. റോബര്‍ട്ട് ഗ്രോസ് മിത്തിന്റെ പരീക്ഷണ കഥകള്‍ക്കു സദൃശ്യമാണ് പത്മനാഭന്റെ ഈ കഥ. പത്മനാഭന്റേത് ക്യാമറക്കണ്ണാണ്. സാംസ്‌കാരിക രോഗങ്ങളെ പെട്ടെന്നു തിരിച്ചറിയാന്‍ ആ കണ്ണുക ള്‍ക്കു കഴിയുന്നു. അതു എളുപ്പത്തില്‍ പകര്‍ത്തപ്പെടുന്നു. യു.ജി.സി ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാര്‍ എഴുതുന്നതൊ ന്നും മനുഷ്യര്‍ക്ക് മനസ്സിലാവില്ലെന്നും, മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എലികളല്ല, മനുഷ്യന്‍ തന്നെ ചത്തുപോകുമെന്നും പത്മനാഭന്‍ എഴുതുമ്പോള്‍ ഹാസ്യത്തി ന് എല്ലുബലം കൂടുന്നുവെന്നതിനപ്പുറം കടുത്ത വിമര്‍ശനമായി മാറുന്നു. നിലനില്‍ക്കുന്ന സിദ്ധാന്തങ്ങളും അവയുടെ നിര്‍മ്മാതാക്കളും ഇത്തരം സോ കോള്‍ഡ് ഡോക്ടര്‍മാരുടെ തരംതാഴ്ന്ന ഫാന്റസികളാണെന്നും അവ മനുഷ്യരുടെ ബുദ്ധിയെയും വിവേകത്തെയും കാര്‍ന്നു കാര്‍ന്നു തിന്നു തീര്‍ക്കുമെന്നും പത്മനാഭന്‍ നിരീക്ഷിക്കുന്നു.
കഥാകൃത്തോ? കഥാകൃത്തുക്കളൊക്കെ ഇങ്ങനെ…..
ഞാന്‍ എന്നോടുതന്നെയെന്ന പോലെ അപ്പോള്‍ പറഞ്ഞു:
കഥാകൃത്താണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല.
ചിലപ്പോള്‍ പുതിയ ഒരു നിരൂപകനുമായേക്കാം-
അതിനും ഒരു സാധ്യതയുണ്ട്.
കഥയിലെ ‘ഞാന്‍’ ഇന്നത്തെ സാഹിത്യത്തിന്റെ എല്ലാ അതിരുകളെയും സ്പര്‍ശിക്കുന്ന ഒരു ശരീരമാണ്. ഇതിലെ ‘ഞാന്‍’ന് നല്ല വേര് പടര്‍ച്ചയുണ്ട്. അതിന്റെ അര്‍ത്ഥം കുഴിച്ചെടുക്കാന്‍ വലിയ അദ്ധ്വാനം ആവശ്യമാണ്. കഥാകൃത്ത് തിരുവനന്തപുരത്തേക്കു യാത്ര പോകുന്നു. ഒരു ചെറുപ്പക്കാരന്‍ വഴിമുടക്കിക്കൊണ്ട് പ്രത്യക്ഷനാകുന്നു. അയാള്‍ മദ്യപിച്ചിട്ടുണ്ട്. അഞ്ചു വയസ്സുളള മകന്‍ ഗണപതിയെ, അനുഗ്രഹിക്കാന്‍ ആവശ്യപ്പെടുന്നു. ഇതിലെ ഞാന്‍ കഥാകൃത്ത് തന്നെയാണ്. പുതിയകാലത്തിലെ എഴുത്തുകാരെയും നിരൂപകരെ യുമൊക്കെ സഹിക്കുകയെന്നത് കൈവിട്ട സാഹസികതയാണെന്ന ഹാസ്യവാദ്യങ്ങളാണ് കഥയുടെ തുടര്‍ന്നുളള ഭാഗങ്ങളില്‍ നാം വായിക്കുന്നത്. ബുദ്ധിപഥങ്ങള്‍ക്കതീതമായി നില്‍ക്കുന്ന ഈ കഥ നയനപഥങ്ങള്‍ക്കുളളില്‍ ഭദ്രമായി ദിനംപ്രതി വന്നടിയുന്ന ചില കാഴ്ചകളുടെ സംഗ്രഹമാണ്. ഇന്നത്തെ എഴുത്തുകാരന്റെ ഭൂഖ ണ്ഡം ഇരുണ്ടതാണെന്ന് തെളിയിക്കുന്നതാണ് ഈ കഥയുടെ ബലം. ഒരു പൂര്‍വ്വഭാഷയും സൃഷ്ടിക്കാതെ ഭാഷയ്ക്കുളളില്‍ ഭാഷാന്തരങ്ങള്‍ തീര്‍ക്കുന്ന ഈ കഥ പുതിയ കാലത്തെ മദ്യപനായ എഴുത്തുകാരനോടുളള കടുത്ത വിമര്‍ശനമാണ്. ഇതൊരു ഭൂതകാലക്രിയയാകുമ്പോഴും അതിന്റെ ഏറ്റവും മലിനമായ മുഖത്തെയാണ് പത്മനാഭന്‍ അനാവരണം ചെയ്യുന്നത്. നൈജീരിയന്‍ കഥാകൃത്തായ അമോസ് റ്റിയൂറ്റിയുഓള വിചിത്രങ്ങളായ ഇത്തരം അനുഭവങ്ങളെ ഇതുപോലെ ഹാസ്യത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ എപ്പോഴും പത്മനാഭന്റെ എഴുത്തുമേശയ്ക്ക് കാവല്‍ കിടക്കുന്നു. നവസാഹിത്യലോകത്തിന്റെ ജാഢകളെയാണ് പത്മനാഭന്‍ ഈ ചുരുങ്ങിയ ഹാസ്യത്തിലൂടെ വിമര്‍ശിക്കുന്നത്.
നര്‍മ്മക്കപ്പല്‍
‘തന്റെ മുക്ര കേട്ട് ലോകം മുഴുവന്‍ നടുങ്ങുന്നുണ്ടെന്നു
/അവന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു./പക്ഷേ, സത്യത്തില്‍ ആരും നടുങ്ങുന്നുണ്ടായിരുന്നില്ല./താന്‍ മീശ വിറപ്പിക്കുമ്പോള്‍ ലോകം മുഴുവന്‍/വിറയ്ക്കുന്നുണ്ടെന്ന് വിഡ്ഡിയായ അവന്‍ കരുതി എന്നുമാത്രം’
റുഡ്യാര്‍ഡ്കിപ്ലിംങ്ങിന്റെ ‘ജംഗിള്‍സ്റ്റോറികള്‍’ പോലെയോ ആഫ്രിക്കന്‍ നാടോടിക്കഥകള്‍ പോലെയോ ഒക്കെ വായിച്ചു പോകാവുന്ന ഒരു ഹാസ്യമരുന്നാണ് ‘ചുണ്ടെലിയും മതിലും’ ഏറ്റവും ചെറിയ ഒരു ആഫ്രിക്കന്‍ നാടോടിക്കഥയിങ്ങനെയാണ് ”ജന്തുക്കളെ സൃഷ്ടിച്ചപ്പോള്‍ ആദ്യം വാലില്ലായിരുന്നുവെന്നാണു പറയുന്നത്/ ഒരിക്കല്‍ സൃഷ്ടാവ് അവരെ വിളിച്ചുകൂട്ടി ഇഷ്ടമുളള വാല്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞു;/ രണ്ടാമതു വന്നവര്‍ക്കും നല്ല വാലുകള്‍ കിട്ടി/ മുയലുകളാണ് അവസാനം വന്നത്/ അവര്‍ മടിയന്മാരായതുകൊണ്ട് അവര്‍ക്കുളള വാല്‍ എടുക്കാന്‍ മറ്റുജന്തുക്കളെ ഏല്‍പ്പിച്ചു./ മറ്റുളള ജന്തുക്കള്‍ നല്ല വാലുകള്‍ സ്വീകരിച്ച ശേഷം ചെറുതും വികൃതവുമായ വാലുകള്‍ മുയലുകള്‍ക്കു കൊണ്ടു കൊടുത്തു”. ഇത്തരം കഥകള്‍ നമ്മെ നയിക്കുന്നത് ഒരു ഗുണപാഠശാലയിലേക്കാണ്. പത്മനാഭന്റെ ഈ ഹിതോപദേശകഥ നമ്മുടെ നിരക്ഷരാവസ്ഥയുടെ പ്രതീകങ്ങളെയാണ് കഥയില്‍ കൊണ്ടുപോയി ക്ലിപ്പ് (clip) ചെയ്യുന്നത്. ഒരു ചുണ്ടെലി ജീവിതത്തില്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതായ പല കാര്യങ്ങളുമുണ്ടല്ലോ. അതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഇവര്‍ വാധ്യാന്മാരുമായി വഴക്കുകൂടി എന്നൊക്കെ പത്മനാഭന്‍ എഴുതുമ്പോള്‍ ആഫ്രിക്കന്‍ നാടോടിക്കഥകളുടെ ഒരു ഗ്രാഫിലേക്ക് ഈ കഥ വളരുന്നു. ‘മൃഗങ്ങള്‍ക്ക് വാലുണ്ടായത്’ എന്ന കഥ മുകളില്‍ വിവരിക്കയുണ്ടായല്ലോ. അതിന്റെ ഒരു ഗുണപാഠം തന്നെ ഇങ്ങനെയാണ്. ‘ഒരു കാര്യം നല്ലതുപോലെ ചെയ്യണമെങ്കില്‍ നിങ്ങള്‍ തന്നെ ചെയ്യുക’. ഇവിടെ മതിലും ചുണ്ടെലിയും തമ്മിലുളള തര്‍ക്കങ്ങള്‍ കഥയ്ക്കു വിഷയമാകുമ്പോള്‍ ഇഴജന്തുക്കള്‍ തളയ്ക്കപ്പെടുന്നതിന്റെയും അവയ്ക്കു മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നതിന്റെയും സന്ദേഹങ്ങള്‍ കഥാകൃത്തിനെ വേട്ടയാടുന്നു. ജീവിക്കാനുളള അവരുടെ സ്വാതന്ത്ര്യത്തെ തിരിച്ചുപിടിക്കാനുളള ആഹ്വാനങ്ങള്‍ ഈ കഥ കരുതിവയ്ക്കുന്നു.
”ചെരുപ്പുകളെക്കുറിച്ചുളള എന്റെ സങ്കല്‍പം /ഒരു പെണ്‍ ബൂര്‍ഷ്വായുടേതായിരുന്നുവെന്ന /ദു:ഖകരമായ സത്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല”.
‘ചെരുപ്പ്’ എന്ന കഥ പത്മനാഭന്റെ ആത്മകഥപോലെ വായിച്ചുപോകാവുന്നതാണ്. പത്മനാഭന്‍ കഥയുടെ ഒടുവില്‍ വിറച്ചുകൊണ്ട് പറയുന്നു-”നിങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് തോന്നുന്നു. പ്രസിദ്ധ സാഹിത്യകാരനെയും പത്രപ്രവര്‍ത്തകനുമായ ‘വരുണ’ നല്ല ഞാന്‍. വെറും പത്മനാഭനാണ്-ഒരു വക്കീല്‍”. സാഹിത്യകാരനും കലയ്ക്കുമായി നാടുചുറ്റുന്നവരെക്കുറിച്ചുളള ആകുലതകള്‍ ഈ കഥയിലുണ്ട്. കൃഷ്ണജി എന്ന കഥാപാത്രത്തിലൂടെ എഴുത്തുകാരന്റെ സന്ദേഹങ്ങളെയും അസ്വസ്ഥതകളെയും തനിച്ചിരിപ്പുകളെയും ഏകാന്തതകളെയുമൊക്കെയാണ് പത്മനാഭന്‍ അനാവരണം ചെയ്യുന്നത്. ജീവിതത്തെ ഭയപ്പെടുന്ന ഒരു വലിയ യാഥാര്‍ത്ഥ്യമായിട്ടാണ് പത്മനാഭന്‍ ഇവിടെ കലാപ്രവര്‍ത്തനത്തെ ചിത്രീകരിച്ചിരിക്കുന്നത്. സാഹിത്യകമ്പോളത്തിലെ ഏതുപമയും വിറ്റുപോകുമെന്നുളളതിനാല്‍ പത്മനാഭന്‍ കരുതിക്കൂട്ടി നിര്‍മ്മിച്ച ഒരുപമയല്ല എഴുത്തുജീവിതത്തിന്റെ കഥപറയുന്ന ഈ വിഷയം. യാഥാര്‍ത്ഥ്യത്തിന്റെ വേഗം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിലെ കൃഷ്ണാജിയും മഖനോവ്‌സ്‌കിയുമൊക്കെ കാലവേഗതയുടെ പ്രതീകങ്ങളാണ്. ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ ഏകീകരണ വാസനയില്‍ നിന്ന് പത്മനാഭന്റെ കലാ പ്രതിഭ സ്വാതന്ത്ര്യം നേടിക്കൊണ്ടിരിക്കുന്നതിന്റെ സ്വാധീന വലയമാണ് ഈ കഥയുടെ ഒടുവില്‍ നാം കാണുന്നത്. ഭാഷയുമായുളള മത്സരക്കളിയില്‍ ഏര്‍പ്പെടലാണ് സാഹിത്യപ്രവര്‍ത്തനമെന്ന് പത്മനാഭന്‍ തെളിയിക്കുന്നത് ചെരുപ്പിലാണ്. ഉള്‍ക്കാഴ്ചയുടെ തീഷ്ണതകള്‍ ഇടവരികളിലെ പ്രയോഗങ്ങള്‍ക്ക് ഹാസ്യത്തിന്റെ ചാരുത സമ്മാനിക്കുമ്പോഴും പത്മനാഭന്‍ ഉന്നയിക്കുന്ന ദാര്‍ശനിക പ്രശ്‌നം അരാജകം എന്ന ഓമനപ്പേരിട്ട് നാം വിളിക്കുന്ന ഒരു എഴുത്തുകാരന്റെ സ്വതന്ത്ര ജീവിതം തന്നെയാണ്. ഇവിടെ ‘ചെരുപ്പ്’ എന്ന പ്രതീകം ഗൂഢാക്ഷര വ്യാഖ്യാനത്തിന്റെ സമീപത്തോളം എത്തുന്ന ഫിക്ഷണല്‍ റിയലിസമാണ്.
”സാറെ, അവന്‍ നല്ലവനാ. ഓരോ പിള്ളേരെപ്പോലെ /കഞ്ചാവും ചാരായവും ഒന്നും അടിച്ചു നടക്കുന്നവനല്ല./അവന്‍ പിന്നെ നാടകത്തിലും സിനിമയിലുമൊക്കെ/കളിക്കുന്നത്- അതൊരു തെറ്റാണോ സാറേ?” ‘
സിനിമാറ്റിക് ലിറ്ററേച്ചറിന് (Cinimatic Literature ) വല്ലാത്തൊരു ആദരവ് ലഭിക്കുന്ന കാലമാണിത്. അത്തരമൊരു കാലത്തിന്റെ നീറ്റുന്ന പ്രശ്‌നങ്ങളെയാണ് ‘ഭാവിയിലെ ഒരു കലാകാര’ നില്‍ നാം കാണുന്നത്. പത്മനാഭന്റെ കല സിനിമയുടെ ചരിത്രപാരമ്പര്യത്തിലും (Black and White culture) ഭാവന ചെയ്യപ്പെട്ട പാരമ്പര്യത്തിലും അതിന്റെ വ്യാപ്തി മണ്ഡലങ്ങള്‍ തിരയുന്നതിന്റെ വലിയ ഉദാഹരണമാണീ കഥ. ഒരു നാള്‍ വൈകുന്നേരം ആഖ്യാതാവായ കഥാപാത്രം വലിയ ഒരു റെസ്റ്റോറന്റില്‍ പോകുന്നതും അവിടെ വെച്ച് വളരെ സുപരിചിതനായ ഒരു പയ്യനെ കാണുകയും, പിന്നീട് വീണ്ടുമൊരു ദിവസം സിനിമയ്ക്കുശേഷം അതേ റെസ്റ്റോറന്റില്‍ കയറുകയും സിനിമയില്‍ കണ്ട അതേ പയ്യനെ അവിടെ കാണുകയും ഒക്കെ ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം. സിനിമയുടെ അത്തരം സീനുകള്‍ അയാള്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരുന്നു – ‘നായകന്‍ അനാഥശാലയില്‍ ബാല്യം കഴിച്ചുകൂട്ടിയപ്പോള്‍ അയാളുടെ കൂടെ ഉണ്ടായിരുന്നവന്‍. ചാപ്പലിന്റെ പിറകിലെ കുറ്റിക്കാട്ടില്‍, കായല്‍ക്കരയില്‍ ഒളിച്ചിരുന്നു ബീഡി വലിക്കുന്നവന്‍, കൂട്ടുകാരിലൊരുവന് രോഗം വന്നപ്പോള്‍ രാപ്പകല്‍ എല്ലാം മറന്ന് അവനെ ശുശ്രൂഷിച്ചവന്‍, മരിച്ചുപോയ ചങ്ങാതിയുടെ ശവപ്പെട്ടിക്ക് മുമ്പില്‍ പെയ്യാന്‍ പോകാന്‍ മഴയ്ക്കുമുമ്പുളള മേഘം പോ ലെ വളരെ നേരം നിന്നവന്‍. സിനിമ നമ്മുടെ സം സ്‌കാരത്തിന്റെ അസ്തിത്വസംബന്ധിയായ നീതിശാസ്ത്രമായി വളര്‍ന്നത് ഇപ്പോഴാണ്. അതി നുമുമ്പുളള ഒരു സിനിമാ സംസ്‌കാരത്തെ ഈ ക ഥയില്‍ അടയാളപ്പെടുത്തുന്നതോടൊപ്പം ഒരു കലാകാരന്റെ ജീവിതത്തെ പൊതുസമൂഹം എത്ര അലക്ഷ്യമായി കണ്ടിരുന്നുവെന്നതിന്റെ സാക്ഷ്യം കൂടിയാണീ കഥ. ദൃശൃനിരക്ഷരതയെക്കുറിച്ചുളള ഏ റ്റവും ശക്തമായ കഥയാണിത്. സിനിമയില്‍ അഭിനയിച്ചവനായതുകൊണ്ട് ഒരു ഹോട്ടലിലും പണി ക്കുനിര്‍ത്താത്തതും സിനിമയില്‍ അവസരം ലഭിക്കാത്തതും ഒക്കെ കഥയില്‍ അനാവരണം ചെയ്യപ്പെടുകയാണ്. സിനിമയുടെ ഇല്ലമായ മദ്രാസിലേയ്ക്ക് ഈകഥ നമ്മെ ക്ഷണിക്കുന്നു.
ഓരോരുത്തരുടെ പ്രവൃത്തിക്കും/ഓ രോ ഉദ്ദേശ്യമുണ്ടാവുമല്ലോ./അതെന്താ ണ് എന്ന് അറിയുന്നതിനു മുമ്പേ /അ തിനെക്കുറിച്ചൊക്കെ വിധി കല്‍പ്പിക്കുന്നത്!
സൈബര്‍ സാഹിത്യകാലത്തിലെ സ യറ്ററുകളാണ് ‘ഭാഷയും വായനയും’ എന്നകഥയെ അടിമുടി പൊതിഞ്ഞു നില്‍ക്കുന്നത്. ഇതിലെ ചെറുപ്പക്കാര്‍ ഏറ്റവും പുതിയകാലത്തിലെ എഴുത്തുകാരന്റെ അപരബിംബമാണ്. സമകാലിക ജീവിതത്തെ പുതിയ വെളിച്ചത്തി ല്‍ കാണിക്കാന്‍ ഇത്തരം ഒരു വിവരണ തന്ത്രം ആവശ്യമാണ്. സാഹിത്യജീവിതത്തിന് ഇങ്ങനെയും ഒരു വശമുണ്ടോ എന്ന അത്ഭുതത്തിന്റെ തീക്ഷ്ണതയില്‍ സ്വന്തം മീഡിയത്തെ പരീക്ഷണത്തിനു വിധേയമാക്കുകയാണ് കഥാകാരന്‍. സാറിന്റെ എല്ലാ നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ട് എന്നു പറയുന്ന ചെറുപ്പക്കാരനെ ഒരുതരി ഭാവവ്യത്യാ സം പോലുമില്ലാതെ നേരിട്ടു ഇതിലെ കഥാകൃത്തായ (ഞാന്‍) കഥാപാത്രം. ഒരു നോവലുപോലുമെഴുതിയിട്ടില്ലായെന്ന വസ്തുത അറിയാവുന്ന ഏതൊ രു വായനക്കാരന്റെയും ചിരി തുന്നല്‍ തെറിച്ച് പുറത്തുവരും. വായനയോടുളള താല്‍പര്യരാഹിത്യത്തെ അടയാളപ്പെടുത്താന്‍ ഇതിലും നല്ല ഒരു പ്രമേ യം വേറെ ആവശ്യമില്ല. സൈബര്‍ കാ ലത്ത് എല്ലാവരും എഴുത്തുകാരായി മാറിയതിനെ പത്മനാഭന്‍ കളിയാക്കുകയാണിവിടെ. സൈക്കിള്‍ യാത്രക്കാരനായ ചെറുപ്പക്കാരന്‍ വൈജ്ഞാനി കശാഖയില്‍ വരുന്ന ഒരു പുസ്തകം എടുത്തു നല്‍കാനൊരുങ്ങുമ്പോള്‍ ക ഥാകൃത്ത് തടയുന്നു. സൈബര്‍കാല ത്ത് എല്ലാ അറിവുകളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്നതിനാല്‍ ആ വി രല്‍ത്തുമ്പറിവാണ് ഇതിലുളളതെന്ന് പത്മനാഭന്‍ തിരിച്ചറിയുന്നു. പുസ്തകങ്ങള്‍ ക്ക് താങ്ങുവില ആവശ്യമായി വരുന്ന ഒരു കാലഘട്ടത്തിലാണ് വായനയുടെ പ്രസക്തിയെക്കുറിച്ച് പത്മനാഭന്‍ കഥയില്‍ എഴുതുന്നത്. കോമിക് പുസ്തകങ്ങളുടെ സാക്ഷരതയില്‍നിന്ന് നല്ലകഥകള്‍ വായിക്കുന്ന ശീലത്തിലേക്കുളള ദൂരം ഒരുപാടാണെന്ന് ഈ കഥ പറഞ്ഞുതരുന്നു. വായന ഒറ്റയ്ക്കുളള തീര്‍ത്ഥാടനമാണെന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നു.
രാവ് നീളുകയും ആളുകള്‍ യഥാര്‍ത്ഥ/ബുഫേ മട്ടില്‍ അവിടവിടെ കൊച്ചു ദ്വൂപുകളായി /മാറി കൈയ്യിലുളള പ്ലേറ്റുകളില്‍ നിന്ന്
/വിശപ്പടക്കാനാരംഭിക്കുകയും ചെയ്തപ്പോള്‍
/മേനോന്‍ മാത്രം പ്ലേറ്റുമെടുത്ത് ഹാരിസണ്‍ സായ്പിന്റെ /ലോണിലൂടെയും വരാന്തയിലൂടെയും /ഒരു സ്വപ്നനാടനക്കാരനെപ്പോലെ നടന്നു.
സ്‌പെയിനിന്റെ ദേശീയ വിനോദങ്ങളില്‍ ഒന്നാണ് കാളപ്പോര്. ഇതാസ്വദിക്കുന്നത് ഒരു മാനസിക കുഴപ്പമല്ല. അതൊരു വൈരുദ്ധ്യത്തിന്റെ തത്വശാസ്ത്രം തരപ്പെടുത്തുന്നു. പട്ടിയോടുളള അമിതവാത്സല്യം പത്മനാഭന്‍ ഒരുപാട് കഥകളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പട്ടിക്ക് സംഹാരഭാവമില്ലെന്ന് പഠിപ്പിക്കാന്‍ അതുതകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പത്മനാഭന്‍ എഴുതുന്ന നായ്ക്കഥകള്‍ ഒരു പുതിയ സെന്‍സിബിലിറ്റിയില്‍ നിര്‍ത്തിവേണം വായിക്കാന്‍. അതു ചിത്തവൃത്തിയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനമൊന്നുമല്ല.ഹാരിസണ്‍ സായിപിന്റെ നായ എന്ന കവിതയിലെ ‘നായ’ വിവരണങ്ങള്‍, ധൈഷണികമായ കഠിന വേദനകളെക്കാള്‍ ലോജിക്കല്‍ സറ്റയറുകളായി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യരെ ആദരിക്കാത്ത ഒരു സമൂഹം നായ സംരക്ഷണത്തിന് നടത്തുന്ന പ്രയത്‌നങ്ങള്‍ ഒരു ഹിംസാപ്രവണതയായിട്ടൊന്നും പത്മ നാഭന്‍ അവതരിപ്പിക്കുന്നില്ലെങ്കില്‍ കൂടി, മിസ്സിസ് ഹാരിസണിന്റെ അമിത നായ പ്രേമത്തെ ഹാസ്യാത്മകമായി പത്മനാഭന്‍ അവതരിപ്പിക്കുന്നു. ആന്തരികപ്രത്യക്ഷങ്ങളും സാമാന്യമായ അനുമാനങ്ങളും ഇടകലര്‍ത്തി അപഗ്രഥിക്കുന്ന ഒരു സങ്കീര്‍ണ്ണപ്രശ്‌നമാണ് ഈ കഥയിലെ നായ പരിപോഷണം. ഈ വിഷയം വിദൂരകാലത്തിലെ ജഡതയല്ല എന്നുളളതുകൊണ്ട് തന്നെ ഒന്നിലധികം വായനകള്‍ ഈ കഥ ആവശ്യപ്പെടുന്നു.
പാര്‍ലമെന്റ് മെമ്പര്‍മാരെ അദ്ദേഹത്തിന് ഭയമായിരുന്നു. /ഒരു നടുക്കത്തോടെ മേലാവ് ഓര്‍ത്തു. ദൈവമേ/ഈ മഹാപാപി നമ്പ്യാര്‍ എന്തൊക്കെയായിരിക്കും /എന്നെക്കുറിച്ച് എഴുതിപിടിപ്പിച്ചിട്ടുണ്ടാവുക?
സമകാലിക സാംസ്‌കാരിക കഥകളിലെ പ്രമേയം ചരിത്രമാണ്. പക്ഷെ അവ വ്യത്യസ്തമായ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും. നമ്മുടെ കാലഘട്ടത്തില്‍ രാഷ്ട്രീയം അത്തരം ചരിത്ര സംഹിതകളെ വെറും അധികാര ഗര്‍വ്വായി തൊട്ടുകാണിച്ചു കൊണ്ടിരിക്കുകയാണ്.അത്തരം ഒരു രാഷ്ട്രീയ പരിസരത്തെ അട്ടിമറിക്കുകയാണ് പത്മനാഭന്റെ ‘ഹംസരാഗം’ എന്ന കഥ. രാഷ്ട്രീയം ജാതീയമായ അംശങ്ങള്‍ ചുമന്നുകൊണ്ടു നടക്കുമ്പോള്‍ ഒരു ഹര്‍ജിക്കും ഉത്തരം ലഭിക്കില്ലായെ ന്ന് ഈ കഥ തെളിയിക്കുന്നു. കഥയില്‍ പത്മനാഭന്‍ ഇങ്ങനെ കുറിക്കുന്നു. ”തികച്ചും അശരണനായി തന്റെ മുമ്പില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനെ ഏ താനും നിമിഷനേരം തറപ്പിച്ചുനോക്കിയശേഷം മേലാവ് എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ പറഞ്ഞു: ‘എടോ, താനും ഒരു നായരാണ്, അല്ലേ?’. എന്നിങ്ങനെയുളള ജാതീയതയുടെ കാലത്താണ് ‘ഹംസഗാനം’ ഒരു ചലഞ്ചിംഗ് വെന്‍ച്വറായി മാറുന്നത്. മാത്രമല്ല, കഥ ചരിത്രത്തെയെന്നപ്പോലെ മനുഷ്യത്വരഹിതമായ ജീവിതസാഹചര്യങ്ങളുടെ വാഴ്ചയെയും ചോദ്യം ചെയ്യുന്നു. പാര്‍ലമെന്റിലേക്ക് മ ഹാകവികളെ നോമിനേറ്റ് ചെയ്യുന്ന ഒരു സമ്പ്രദായം പണ്ടുകാലം മുതല്‍ക്കേ ഇവിടുണ്ടല്ലോ. മ ഹാകവി കാളിദാസന്‍, വ്യാസന്‍, ശങ്കരക്കുറുപ്പ്, മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ എന്നീ നോമിനേറ്റഡ് എഴുത്തുകാരെ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ‘ഹംസഗാനം’ നമുക്ക് പറഞ്ഞുതരുന്നു. മേലാവുമാര്‍ ഇന്നും ഉണ്ട്. പക്ഷെ അവരെ എഴുതി തോല്‍ പ്പിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്ക് ധൈര്യം പോരാ. ആല്‍ബര്‍ട്ടിന്‍ സറാസാങ്ങിനെപ്പോലെയുളളവര്‍ രാഷ്ട്രീയ അനീതിയ്‌ക്കെതിരെ എഴുതിയതി ന്റെ പേരില്‍ ജയിലിടക്കപ്പെട്ടവരാണ്. എഴുത്ത് വീരപ്രവൃത്തിയും സത്വര നടപടിയുമാണ്”.
അനുബന്ധവായനകള്‍
അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്തുളള കഥാകാരനാണ് ടി.പത്മനാഭന്‍. നര്‍മ്മം അദ്ദേഹത്തിനു വഴങ്ങില്ലായെന്ന് വിശ്വസിക്കുന്ന ഒരു പറ്റം വായനക്കാര്‍ ചുറ്റിലുമുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളെയും ധാരണകളെയും അട്ടിമറിച്ചുകൊണ്ടാണ് പത്മനാഭന്റെ പത്ത് നര്‍മ്മകഥകള്‍ നമ്മെ പിന്‍തുടരുന്നത്. ഇന്ദ്രിയങ്ങള്‍ക്കതീതവും ബുദ്ധിയിലൂടെമാത്രം ഗ്രഹിക്കാവുന്നതുമായ പരമസത്യങ്ങളുടെ മാത്രം ലോകമായിരുന്നു പത്മനാഭന്റെ കഥകള്‍ എന്നും വിശ്വസിച്ചിരുന്നവരുടെ നടുവിലേക്കാണ് ഈ നര്‍മ്മ കഥകള്‍ നങ്കൂരമിടുന്നത്. ഈ കഥയിലെ ഓരോ നര്‍മ്മ പാളങ്ങളെയും സമസ്ത കോശങ്ങളും കൊണ്ടു വായിക്കേണ്ടുന്നവയാണ്. കാരണം അവ ഒരു തരം ക്ലിനിക്കല്‍ സറ്റയറാണ് കൈമാറുന്നത്.