കേരളത്തിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു: മന്ത്രി വി ശിവൻകുട്ടി

117
0

സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങളെകുറിച്ചുള്ള പുസ്തകം നിയമസഭാ മീഡിയ റൂമിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം തുടങ്ങി ഏതു പ്രശ്‌നങ്ങളും അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ തുടങ്ങിയ സഹജ കോൾസെന്റർ സംവിധാനമാണ് ഇതിൽ ഏറ്റവും പുതിയത്.
തൊഴിൽ വകുപ്പിന്റെ സജീവമായ ഇടപെടൽ എല്ലാ തൊഴിൽ മേഖലയിലുമുണ്ടെന്നും വികസന സൗഹൃദ തൊഴിൽ സംസ്‌കാരം എന്ന ആശയം തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക സുരക്ഷക്കുമായി നിലവിലുള്ള നിയമങ്ങളിൽ ഒൻപത് നിയമഭേദഗതികളാണ് കഴിഞ്ഞ വർഷം വകുപ്പ് കൊണ്ടുവന്നത് തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്നും 60 വയസായി വർധിപ്പിച്ചതും ചുമട് ഭാരം 75 കിലോയിൽ നിന്നും 55 ആക്കി കുറച്ചതും തൊഴിലാളിപക്ഷ സമീപന നിലപാടുകളുടെ ഭാഗമാണ്. സ്ത്രീകൾക്കും കൗമാരക്കാർക്കും എടുക്കാവുന്ന പരമാവധി ചുമട് ഭാരം 35 കിലോ ആക്കിയിട്ടുണ്ട്.

ഇന്ന് ഏറെ വിഷമതകൾ നേരിടുന്ന അസംഘടിതരായ ഗാർഹിക തൊഴിലാളി മേഖലയുടെ പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചു. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഗാർഹിക തൊഴിലാളികളെ
അംഗമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനൊപ്പം ഗാർഹികതൊഴിലാളി റിക്രൂട്ടിംഗ് ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരുന്നതും തൊഴിലാളി/തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാരും അസംഘടിതരായവരുമായ തൊഴിലാളികൾക്കും നഗരങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കുമുള്ള ഭവന പദ്ധതികൾ രാജ്യത്തെ ആദ്യത്തെ സർക്കാർ മേഖലയിലെ ഓൺ ലൈൻ ടാക്‌സി തുടങ്ങിയ ഒട്ടേറെ പദ്ധതികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു.

നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമിൽ നടന്ന പ്രകാശന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി പുസ്തകം ഏറ്റുവാങ്ങി. ലേബർ കമ്മിഷണർ അനുപമ ടി വി, എംപ്ലോയ്‌മെന്റ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, തൊഴിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ പി രാമചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.