മുഖ്യമന്ത്രി ഭീരുവിനെ പോലെ ഒളിച്ചോടുന്നു; പ്രതിപക്ഷം ചോദ്യം ചെയ്തത് ശബരിനാഥിന്റെ നിയമവിരുദ്ധ അറസ്റ്റിനെ

95
0

സര്‍ക്കാര്‍ നിരന്തരമായി അടിയന്തിര പ്രമേയ നോട്ടീസിനെ ഭയപ്പെടുകയാണ്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഉണ്ടായിട്ടും പ്രതിപക്ഷം വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോളാര്‍ കേസില്‍ മാത്രം ഏഴ് തവണയാണ് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയത്. തനിക്ക് നേരെ ചോദ്യങ്ങള്‍ ഉയരുന്ന ഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ഭീരുവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്.

ശബരിനാഥിനെ അറസ്റ്റ് ചെയ്ത വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാത്തത് സര്‍ക്കാര്‍ മറുപടി പറയാതെ ഒളിച്ചോടുന്നതിന് വേണ്ടിയാണ്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുന്നത്.

നിയമമന്ത്രി ഉന്നയിച്ച ക്രമപ്രശ്‌നത്തിന് ഒരു പ്രസക്തിയുമില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതല്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കവെ സോളാര്‍ കേസില്‍ ഏഴും ബാര്‍ കോഴയില്‍ നാലും തവണയാണ് അന്നത്തെ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. കോടതി പരിഗണനയിലുള്ള നിരവധി വിഷയങ്ങള്‍ അടിയന്തിര പ്രമേയമായി അവതരിപ്പിക്കാനുള്ള അനുമതി നല്‍കിയ ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടത്തി വിധി വരുന്നത് വരെയുള്ള കാലഘട്ടത്തില്‍ മാത്രമാണ് ആ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് പറയുന്നത്. നിയമന്ത്രിയുടെ വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്നതല്ല സര്‍ക്കാരിന് മറുപടി നല്‍കാന്‍ ഭയം ആണെന്നതാണ് അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചത്. എല്ലാ നിയമങ്ങളും ലംഘിച്ച് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. ആ അറസ്റ്റിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്.

എം.എം മണി നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ ഇത്രയും കാലം കാത്ത് നിന്നത് എന്തിനാണ്? മണി പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത്. വൈധവ്യം സ്ത്രീയുടെ വിധിയാണെന്ന് പറഞ്ഞ പ്രസ്താവന സി.പി.എമ്മിന്റെ പുരോഗമന പ്രതിച്ഛായയ്ക്കാണ് മങ്ങലേല്‍പ്പിച്ചത്. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഒരു ഉപമ നടത്തിയ എം വിന്‍സെന്റ് അപ്പോള്‍ തന്നെ തിരുത്തി. അതെങ്കിലും സി.പി.എം അംഗങ്ങള്‍ മണിക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കേണ്ടതായിരുന്നു. സഭയില്‍ പറഞ്ഞതിന് പിന്നാലെ കട്ടപ്പനയിലും മണി പ്രകോപനപരമായ പ്രസംഗം നടത്തി. ന്യായമായ കാര്യം ഉയര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ പോരാട്ടം നടത്തിയത്. ആ പോരാട്ടം അംഗീകരിച്ച് പ്രസ്താവന പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നു.