ആരോഗ്യ ജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം

106
0

തിരുവനന്തപുരം: ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ (മേയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വളരെ നേരത്തെ മുതല്‍ നിരവധി യോഗങ്ങള്‍ നടത്തി പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം കൂടി മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അപ്രതീക്ഷിതമായി മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുണ്ട്. അതിനാല്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നേ തന്നെ ആശുപത്രികളും പരിസരവും ശുചിത്വം ഉറപ്പു വരുത്താനാണ് വാരാചരണം നടത്തുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രത കാമ്പയിനിലൂടെ പൊതുജന പങ്കാളിത്തത്തോടെ പരിസര ശുചീകരണം ഉറപ്പാക്കി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കി വരുന്നു. പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ മുദ്രാവാക്യം. മഴ തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ എലിപ്പനിയ്‌ക്കെതിരെ ‘മൃത്യുഞ്ജയം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. കൊതുകുജന്യ രോഗങ്ങള്‍ എലിപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കാതെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കാതെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്.

മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തങ്ങള്‍ കൂടാതെ കുടിവെള്ള ശുചിത്വവും ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും നടത്തേണ്ടതാണ്. അതുപോലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഈ സമയം വളരെ പ്രധാനമാണ്. നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കാന്‍ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കണം. വാര്‍ഡ് തല സമിതികള്‍, ആരോഗ്യജാഗ്രത പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാവരും ഒരുപോലെ ഈ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.