- ജില്ലയില്‍ 866 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സ്വന്തമായി തണ്ടപ്പേര് ഇല്ലാത്ത ആളുകളെ കണ്ടെത്താന്‍ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയമേളയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തുതന്നെ യൂണിക്ക് തണ്ടപ്പേര്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പട്ടയങ്ങള്‍ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഇ-പട്ടയങ്ങള്‍ നിലവില്‍ വരുന്നതോടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പട്ടയവുമായി ബന്ധപ്പെട്ട സകല രേഖകളും ഡിജിറ്റല്‍ ലോക്കര്‍ വഴി ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം നഗരത്തിനുള്ളില്‍ നിലവിലുള്ള ഭൂവിനിയോഗ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ അതിവേഗം പട്ടയം കൊടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നും റവന്യു വകുപ്പിന്റെ അശ്രാന്തപരിശ്രമം കൊണ്ടു മാത്രമാണ് 866 പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിനുള്ളില്‍ 1100 ലധികം പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലങ്ങളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന നിരവധിപേരുടെ സ്വപ്‌നമാണ് ഇന്നിവിടെ പൂവണിയുന്നതെന്നും അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ഉറപ്പാക്കുക എന്ന ബൃഹത്തായ ചുമതലയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സാധാരണക്കാരന് അനുഭവവേദ്യമാകുന്ന വലിയ മാറ്റങ്ങളാണ് റവന്യു വകുപ്പ് നടപ്പാക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ ഇന്നിവിടില്ല. അതേ പോലെ ഒരിക്കല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതികൊണ്ടു വന്നതും ഗുണകരമായ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ ജീവനക്കാര്‍ നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമായാണ് ജില്ലയില്‍ ഇത്രയും പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഓരോ വകുപ്പുകളും ജനങ്ങളുടെ ജീവിതദുരിതങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയുള്ള പരിശ്രമമാണ് നടത്തുന്നത്. ഭക്ഷ്യ വകുപ്പ് കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 1,53, 312 റേഷന്‍ കാര്‍ഡുകളാണ് മുന്‍ഗണനാ കാര്‍ഡുകളായി നല്‍കിയത്. മെയ് 20 ഓടു കൂടി ഒരു ലക്ഷം കാര്‍ഡുകള്‍ കൂടി ഈ വിഭാഗത്തില്‍ നല്‍കും. സാധാരണക്കാരായ ആളുകള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ മേഖലയിലും നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ 750 പട്ടയങ്ങളാണ് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും 866 പേര്‍ക്ക് പട്ടയം ഉറപ്പാക്കാന്‍ സാധിച്ചെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസക്കാലമായി ഇതിനു വേണ്ടി പ്രവര്‍ത്തിച്ച റവന്യു വകുപ്പിലെ വില്ലേജ് ഓഫീസ് മുതല്‍ തഹസില്‍ദാര്‍ വരെയുള്ളവരെ കളക്ടര്‍ അനുമോദിച്ചു.
കോട്ടയ്ക്കകം ലളിത് മഹല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം താലൂക്കിലെ 167 പേര്‍ക്കുള്ള പട്ടയ വിതരണവും നടന്നു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, കൗണ്‍സിലര്‍ ജാനകി അമ്മാള്‍, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, സബ്കളക്ടര്‍ മാധവിക്കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.