സിപിഎം കേരളീയ സമൂഹത്തോട് മാപ്പുപറയണം: റ്റി.യു.രാധാകൃഷ്ണന്‍

148
0

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍.വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഎമ്മിനകത്ത് ആഭ്യന്തര കലാപം രൂക്ഷമാണ്. അതില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സിവി വര്‍ഗീസിന്റെ പരാമര്‍ശം.വര്‍ഗീസിന്റെ പരാമര്‍ശത്തെ നിയമപരമായി നേരിടും.തുടര്‍ നടപടി കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് സ്വീകരിക്കും.ചില വ്യക്തികള്‍ ഈ സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യ അന്യായം ഫയല്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു അന്യായവും നല്‍കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടില്ല. കേസുകൊടുത്ത് ഈ സംഭവം വഴിതിരിച്ചുവിടാനും ഉദ്ദേശിക്കുന്നില്ലെന്നും റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

വര്‍ഗീസ് നടത്തിയ പ്രസ്താവന അത് അദ്ദേഹത്തിന്റെത് തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എകെജി സെന്ററില്‍ നിന്നുള്ള തിരക്കഥക്ക് അനുസരിച്ചാണ് ഇടുക്കി സിപിഎംജില്ലാ സെക്രട്ടറി വിവാദ പരാമര്‍ശം നടത്തിയത്. നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യം മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ പാരമ്പര്യം. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കലാപത്തിന് പ്രോത്സഹനം നല്‍കുന്ന ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. ഈ വെല്ലുവിളി കോണ്‍ഗ്രസ് നേരിടും. നിരവധി തവണ നേരത്തെയും സിപിഎം കെ.സുധാകരനെ വധിക്കാന്‍ ശ്രമം നടത്തി.പേരാവൂരില്‍ 1993ല്‍ സുധാകരന്‍ സഞ്ചരിച്ചിരുന്ന കാറിനെ നേരെ ബോംബ് എറിഞ്ഞു. അന്ന് ഭാഗ്യം കൊണ്ടുമാത്രമാണ് സുധാകരന്‍ രക്ഷപ്പെട്ടത്. കെ.സുധാകരനെ വല്ലാതെ ഭയക്കുന്നതിനാലാണ് ഇത്തരം പരാമര്‍ശം സിപിഎം നേതാക്കള്‍ നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശവും വികരാവുമായ കെ.സുധാകരന്റെ ദേഹത്ത് തൊട്ടാല്‍ സിപിഎം വിവരം അറിയുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.