യുദ്ധവും കോവിഡും ഏറ്റവും ബാധിക്കുന്നത് സ്ത്രീകളെ: മന്ത്രി വീണാ ജോര്‍ജ്

86
0

യുദ്ധവും കോവിഡും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു നൂറ്റാണ്ടിനപ്പുറം നീളുന്ന ചരിത്രമാണ് സ്ത്രീകളുടെ പുരോഗതിയ്ക്ക് പിന്നിലുള്ളത്. പല മേഖലകളിലും സ്ത്രീകള്‍ ഇന്നും വിവേചനം അനുഭവിക്കുന്നുണ്ട്. അതിന് മാറ്റം വരേണ്ടതാണ്.

അടുത്ത തലമുറയെങ്കിലും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഉത്തരവാദിത്തങ്ങള്‍ പങ്കിടാന്‍ പഠിപ്പിക്കണം. ബോധത്തിലും ബോധ്യത്തിലും കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരണം. അതിനായി ക്രിയാത്മകമായ ഇടപെടലുകള്‍ വേണം. സ്വപ്നം കാണാന്‍ ഓരോ പെണ്‍കുട്ടിയ്ക്കും കഴിയട്ടെ. ജീവിത യാഥാര്‍ത്ഥ്യത്തില്‍ കാലൂന്നി നിന്നുള്ള ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളേയാണ് നമുക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷമി, ഡോ. സുനിത കൃഷ്ണന്‍, ഡോ. യു.പി.വി. സുധ എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിത രത്‌ന പുരസ്‌കാരം സമ്മാനിച്ചു.

അങ്കണവാടി മുഖേന നല്‍കുന്ന സേവനങ്ങള്‍ പൂര്‍ണമായി ജനങ്ങളില്‍ എത്തിക്കുന്നതിനായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ജില്ലാ കളക്ടര്‍ (കോഴിക്കോട് മുന്‍ കളക്ടര്‍ സാംബശിവറാവു) എന്നിവര്‍ക്കുളള അവാര്‍ഡും വിതരണം ചെയ്തു. 14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികള്‍ക്കുമുളള ഐസിഡിഎസ് അവാര്‍ഡുകളും വിതരണം ചെയ്തു. സ്ത്രീധനത്തിനെതിരായുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ ഉദ്ഘാടനവും ‘വിവാഹ പൂര്‍വ കൗണ്‍സിലിംഗ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ‘അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശനം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അട്ടപ്പാടിയിലെ ‘പെന്‍ട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ‘ധീര’ പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ഡയറക്ടര്‍ ടി.വി. അനുപമ നന്ദിയും പറഞ്ഞു. വി.കെ. പ്രശാന്ത് എംഎല്‍എ, ശശി തരൂര്‍ എംപി, നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി, പ്ലാനിംഗ് ബോര്‍ഡംഗം മിനി സുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.