അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിര്‍ണായക ചുവടുവയ്പ്പാകും: മന്ത്രി വീണാ ജോര്‍ജ്

124
0

മന്ത്രി കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്ന കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രോഗിയുടെ ബന്ധുക്കള്‍ എന്നിവരുമായി മന്ത്രി ആശയ വിനിമയം നടത്തി.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിര്‍ണായക ചുവടുവയ്പ്പാകും ഈ ശസ്ത്രക്രിയയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരളിലേക്കുള്ള രക്തപ്രവാഹം ആരംഭിച്ചിട്ടുണ്ട്. ദാതാവും സുഖമായിരിക്കുന്നു. ഇവരുടെ ശസ്ത്രക്രിയ സൗജന്യമായാണ് ചെയ്യുന്നത്. ആരോഗ്യ മേഖലയില്‍ ഇതൊരു വലിയ നേട്ടത്തിന് വഴിതെളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ സ്വദേശിയ്ക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കരള്‍ പകുത്ത് നല്‍കുന്നത്. രാവിലെ 7 മണിക്കു മുന്‍പുതന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകും.

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.