തിരുവനന്തപുരം: കോവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണിന്റെ കാലയളവില്‍ കുടിപ്പള്ളിക്കൂടങ്ങളിലെ ആശാന്‍മാര്‍ക്കും ആശാട്ടിമാര്‍ക്കും മുടങ്ങിപ്പോയ വേതനം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
കുടിപ്പള്ളിക്കൂടങ്ങളില്‍ അധ്യാപനം നടത്തുന്നവര്‍ക്കുള്ള ഗ്രാന്‍ഡ് പ്രാദേശിക സര്‍ക്കാരുകള്‍ തനത് ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. കോവിഡ് കാലത്ത് കുടിപ്പള്ളിക്കൂടങ്ങളില്‍ ക്ലാസ് നടക്കുന്നില്ലെന്ന് പറഞ്ഞാണ് ആശാന്‍മാര്‍ക്കും ആശാട്ടിമാര്‍ക്കും ചിലയിടങ്ങളില്‍ ഗ്രാന്‍ഡ് നിഷേധിച്ചത്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്ന ഉടനെ ലോക്കഡൗണിന്റെ ഭാഗമായി കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിക്കാത്ത കാലയളവില്‍ ഗ്രാന്‍ഡ് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി.