ഇന്ന് തൈക്കാട് അയ്യാഗുരു മഹാജയന്തി

96
0

ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തില്‍ വലിയ ശിഷ്യസമ്പത്തിനുടമയായ മഹായോഗിവര്യനായിരുന്നു തൈക്കാട് അയ്യാസ്വാമികള്‍. വിവിധ ജാതിമത വിഭാഗത്തില്‍പ്പെട്ടവരെയും വനിതകളെയും ശിഷ്യഗണങ്ങളില്‍പ്പെടുത്തി എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, മക്കിടി ലബ്ബ, തക്കല പീര്‍മുഹമ്മദ്, പേട്ടയില്‍ ഫെര്‍ണാണ്ടസ്, സ്വയംപ്രകാശ യോഗിനി അമ്മ, കൊല്ലത്തമ്മ, മണക്കാട് ഭവാനി തുടങ്ങി അന്‍പതിലധികം പ്രഗത്ഭരുടെ ശിഷ്യഗണമുണ്ടായിരുന്നു.

ജാതിഭ്രാന്ത് അതിന്റെ അത്യുന്നതിയില്‍ നിന്നകാലത്ത് കേരളത്തില്‍ ജാതി മത വര്‍ഗ്ഗവര്‍ണ്ണലിംഗഭേദമെന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളില്‍ ഉള്ളവര്‍ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു അയ്യസ്വാമികള്‍. തിരുവനന്തപുരത്ത് തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടൊപ്പം പുലയസമുദായത്തില്‍ ജനിച്ച അയ്യങ്കാളിയെയുമിരുത്തി അയിത്തോച്ചാടനത്തിനായി ‘പന്തിഭോജനം’ നടത്തി. ആധുനിക ലോകത്തില്‍ ആദ്യമായി പന്തിഭോജനം ആരംഭിച്ചതു അയ്യാസ്വാമികളായിരുന്നു. തുടര്‍ന്ന് സവര്‍ണ്ണര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ എന്നാക്ഷേപിച്ചു.

‘ഇന്ത ഉലകത്തിലെ

ഒരേ ഒരു മതം താന്‍

ഒരേ ഒരു ജാതി താന്‍

ഒരേ ഒരു കടവുള്‍ താന്‍’

എന്നായിരുന്നു ഇതിനോട് അയ്യാ സ്വാമികളുടെ മറുപടി. അയ്യാഗുരു പഠിപ്പിച്ച ഈ വരികളാണ് വര്‍ഷങ്ങള്‍ക്കുശേഷം ‘ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യര്‍ക്ക്’ എന്ന് നാരായണഗുരു മലയാളീകരിച്ചത്. അയ്യാസ്വാമികളാകട്ടെ 18 തമിഴ് സിദ്ധന്മാരിലൊരാളായിരുന്ന തിരുമൂലരുടെ ‘ഒന്‍ റേ കുലം ഒരുവനേ ദേവനും അന്‍ റേ നിനൈമിന്‍ നമനില്‌പൈ നാളുമേ’ എന്ന വരികളില്‍ നിന്നാണ് ഈ തത്വം ഉള്‍ക്കൊണ്ടത്