കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില കൊടുക്കാതെ തമിഴ്നാട് സർക്കാർ. ഇന്നലെ രാത്രി സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ തുറന്നു. വെള്ളം 142 അടിയെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. ഇന്ന് രാവിലെയോടെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഒരെണ്ണമൊഴികെ എല്ലാ ഷട്ടറുകളും അടച്ചു. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്.
30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1687 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോയത്. സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിരുന്നു.
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ അർദ്ധ രാത്രിയിൽ വെള്ളം തുറന്നുവിട്ടതോടെ ആളുകൾ ഭീതിയിലായി. ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ സ്റ്റാലിന് കത്തയച്ചത്. എന്നാൽ തമിഴ്നാട് ഇത് ചെവിക്കൊണ്ടില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് രണ്ട് ഷട്ടറുകൾ തുറന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ ആളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്. വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി.