കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും പരാതിപ്പെട്ടിട്ടില്ല

114
0

കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും ഒരു പരാതിയും പറഞ്ഞിട്ടില്ല. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി ജില്ലകളിലെ സാഹചര്യം പരിശോധിച്ച് നന്നായി ഗൃഹപാഠം ചെയ്ത് തയ്യാറാക്കിയ പട്ടികയാണ്. എല്ലാവരും ഭാരവാഹി പട്ടികയെ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ നല്ല പട്ടികയെന്നാണ് പൊതു അഭിപ്രായം. മുന്നൂറും നാനൂറും പേരടങ്ങുന്ന സമിതിയാണ് 51 ആയി ചുരുങ്ങുയത്. ചില കുറുവുകള്‍ ഉണ്ടാകാം. അര്‍ഹരായ ചിലര്‍ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സൗകര്യങ്ങളും നേതൃത്വം നല്‍കും. രാഷ്ട്രീയ കാര്യസമിതിയാണ് ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. ഭാരവാഹികളുടെ എണ്ണം എത്രയെന്ന് നിശ്ചയിച്ചതും രാഷ്ട്രീയ കാര്യസമിതിയാണ്. കഴിവിന്റെ പരമാവധി മികച്ച പട്ടിക പുറത്തിറക്കാന്‍ ശ്രമിച്ചു. ചില നേതാക്കള്‍ക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നു . മാധ്യമങ്ങള്‍ പറയുന്ന പോലെയുള്ള അതൃപ്തി അറിയിച്ചിട്ടില്ലെന്ന് ആ നേതാക്കള്‍ നേരിട്ട് വിളിച്ചു പറഞ്ഞു. പരാതി പറഞ്ഞാല്‍ അത് പരിഹരിക്കും. കെ. മുരളീധരനുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു . പട്ടികയില്‍ അതൃപ്തിയുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മുരളീധരനുമായി സംസാരിക്കും.