എം.ടി.രഘുനാഥിന്റെ സ്വാഗതംമുക്ക് എന്ന പുസ്തകത്തിനു വേണ്ടി ഡോ.കെ.എസ.രവികുമാറിന്റെ അവതാരിക
സമകാലിക നോവലിന്റെ പൊതുവായ വഴക്കങ്ങളെ ഭേദിക്കുന്ന കൃതിയാണ് എം.ടി.രഘുനാഥിന്റെ ‘സ്വാഗതംമുക്ക്’ ആഴത്തിലും വ്യാപ്തിയിലും ജീവിതാവിഷ്‌കാരം നടത്താന്‍ സാധ്യതയുള്ള സാഹിത്യരൂപം എന്ന നിലയില്‍ നോവല്‍ ജീവിതത്തിന്റെ വ്യത്യസ്തമേഖലകളെ ആഖ്യാന വിഷയ മാക്കാറുണ്ട്. എങ്കിലും അതിനു പരിമിതികള്‍ ഏറെയുണ്ട്. മിക്കവാറും സാമൂഹിക ജീവിതത്തിന്റെ മധ്യവര്‍ത്തി തലങ്ങളില്‍ ചുവടുവെപ്പിക്കുകയാണ് മലയാള നോവലിന്റെ പതിവുശീലം; ജീവിതത്തിന്റെ അധഃസ്ഥിത തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഭവങ്ങള്‍ വളരെ കുറവ്.
ഗ്രാമത്തിന്റെ സ്വഭാവത്തില്‍നിന്ന് ഏറെയൊന്നും വളര്‍ന്നിട്ടില്ലാത്ത ഒരു ചെറുപട്ടണത്തിലെ റെയില്‍വേസ്റ്റേഷനു മുന്‍വശത്തുള്ള ചെറിയ അങ്ങാടിയും പരിസരങ്ങളുമാണ് സ്വാഗതംമുക്ക്. ഒരു സന്ദര്‍ഭത്തില്‍ ആഖ്യാനത്തില്‍ പരവൂര്‍ പഞ്ചായത്ത് എന്ന് സ്ഥലസൂചന കടന്നുവരുന്നുണ്ട്. അതില്ലെങ്കിലും കൃത്യമായ പ്രാദേശികത കഥാപാത്രങ്ങളുടെ ഭാഷണശൈലിയിലൂടെ അഭിവ്യക്തമാകുന്നു. കൊല്ലം ജില്ലയിലെ കടല്‍ത്തീരത്തോടടുത്തുള്ള പ്രദേശങ്ങളിലെ ദേശ്യഭാഷണ രീതിയാണത്. റെയില്‍വേസ്റ്റേഷനും അതിനുമുന്‍പിലെ റോഡുവക്കില്‍ വളര്‍ന്നുയര്‍ന്നു നില്ക്കുന്ന ആല്‍വൃക്ഷവും അടുത്തുള്ള തട്ടുകടയുടെ മട്ടിലുള്ള ചായക്കടയും ആണ് ‘സ്വാഗതംമുക്കിന്റെ’ ഹൃദയഭൂമി. സ്വാഭാവികമായും ജീവിതത്തിന്റെ പല തലങ്ങളില്‍പ്പെട്ട ആളുകള്‍ അതുവഴി കട ന്നുപോകുകയും അവിടെ പെരുമാറുകയും ചെയ്യുന്നുണ്ടാവും. പക്ഷേ ഈ നോവലില്‍ ആ ലോകം കടന്നുവരുന്നില്ല. അവിടെ കേന്ദ്രീകരിച്ചു കഴിയുന്ന അധഃസ്ഥല ജീവിതത്തിന്റെ ചില പ്രതിനിധികളായ കഥാപാത്രങ്ങളെ മുന്‍ നിര്‍ത്തിയാണ് ആഖ്യാനം മുന്നേറുന്നത്. അവരാരും അവരുടെ ശരിയായ പേരുകളിലല്ല നോവലില്‍ പരാമൃഷ്ടരാകുന്നത്. വാല്‍മാക്രി, ചെതല്‍, കാട്ടുകുളം, എംഎ ക്കാരന്‍, ഇരുട്ട്, സൈക്കിള്‍, പാതിര, പളുങ്ക് എന്നിങ്ങനെ പോകുന്നു വട്ടപ്പേരുകളില്‍ അറിയപ്പെടുന്ന കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങള്‍ക്കൊന്നും കുടുംബവും മറ്റുതരത്തിലുള്ള വ്യവസ്ഥാപിത ജീവിതബന്ധങ്ങളും ഉണ്ടെന്ന് പറയാനാവില്ല. വാല്‍മാക്രി എന്ന ചായക്കടക്കാരന്‍ പൂക്കുഞ്ഞിന്റെ മകനെക്കുറിച്ചും ഇരുട്ട് എന്ന അന്ധയാചകന്റെ അമ്മയെ ക്കുറിച്ചും പരാമര്‍ശമുണ്ടെ ങ്കിലും കുടുംബം എന്ന സ്ഥാപനത്തിന്റെ പശ്ചാത്തലം അവിടെയും രൂപപ്പെടുന്നില്ല. അങ്ങനെ സമൂഹത്തിന്റെ വ്യവസ്ഥാപിതാര്‍ഥത്തിലുള്ള ഏറ്റവും ചെറിയ യൂണിറ്റ് ആയ കുടുംബം എന്ന സ്ഥാപനത്തെത്തന്നെ നിരാകരിച്ചിട്ടുള്ള, അല്ലെങ്കില്‍ അത്തരമൊരു സ്ഥാപനത്തിന്റെ സാധ്യതയ്ക്കു വെളിയില്‍ നില്ക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. ഒടുവില്‍ മുഖ്യ കഥാപാത്രങ്ങളായി മുതിര്‍ന്നുവരുന്ന ചെതലും പാതിരയും കൂടി ഒരു കുടുംബം സ്ഥാപിക്കാന്‍ ശ്രമിക്കുന്നിടത്തേക്ക് നോവല്‍ എത്തുന്നുണ്ട്; അതിന്റെ സാധ്യത സന്ദിഗ്ധമാണെങ്കിലും കുടുംബത്തിന്റെ അഭാവത്തില്‍, ജീവിതത്തിന്റെ ഓളപ്പാത്തിയില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകിനടക്കുന്ന കഥാപാത്രങ്ങളാണ് ഈ നോവലില്‍. അതിന്റെ മൂര്‍ത്തീകരണം പോലെയുണ്ട് ആഖ്യാനാന്ത്യത്തില്‍ ചെറുവള്ളത്തില്‍ കായലില്‍ ഒഴുകി നടക്കുന്ന ചെതലും പാതിരയും.
കേന്ദ്രീകൃതമായ ഒരിതിവൃത്തമോ നായക/ നായികാ പദവിയിലേക്ക് ഉയരുന്ന കഥാപാത്രങ്ങളോ ഇല്ലാത്ത ആഖ്യാനഗതിയാണ് നോവലിന്റെ ഏതാണ്ട് മൂന്നില്‍ രണ്ടു ഭാഗംവരെയും. അവിടെവെച്ച്, ചീട്ടുകളിക്കാരനായി ലക്ഷ്യമില്ലാതെ കഴിയുന്ന ചെതലും റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് നിശയുടെ മറവില്‍ ലൈംഗികത്തൊഴില്‍ ചെയ്തു ജിവിതം കഴിക്കുന്ന പാതിരയും തമ്മിലുള്ള ബന്ധം നോവലിന്റെ മുഖ്യ ഇഴയായി മാറുന്നു. അത് നോവലിന്റെ ആഖ്യാനഗതിയില്‍ ഉദ്വേഗജനകമായ ചില പരിണാമങ്ങള്‍ സൃഷ്ടിക്കുന്നു. വാസ്തവത്തില്‍ ആ പരിണാമമാണ് ഇരുണ്ടലോകത്തെ അവതരിപ്പിക്കുന്ന ഈ നോവലില്‍, വ്യവസ്ഥാപിതാര്‍ഥത്തില്‍ തിന്മയുടെയും സദാചാര രാഹിത്യത്തിന്റെയും പ്രതിനിധികള്‍ എന്നു പ്രതീതി നല്‍കുന്ന ചില കഥാപാത്രങ്ങളിലെ മനുഷ്യപ്പറ്റും നന്മയുടെ നേര്‍ത്ത സ്ഫുരണങ്ങളും വെളിവാക്കുന്നത്. ലൈംഗികത്തൊഴില്‍ ചെയ്യുന്ന പാതിര, പളുങ്ക്, സഖാത്തി തുടങ്ങിയ സ്ത്രീകള്‍ക്ക് വീടുനല്‍കി ജീവിതവൃത്തി കഴിയ്ക്കുന്ന വാര്‍ധക്യംകൊണ്ട് ആ തൊഴിലില്‍നിന്ന് വിരമിക്കേണ്ടി വന്ന സൈക്കിള്‍ മറിയ, പാതിരയും ചെതലും ഭാര്യാഭര്‍ത്താക്കന്മാരായി കഴിയാന്‍ തീരുമാനിച്ചെന്നറിഞ്ഞ് ആദ്യം ക്ഷോഭിച്ചെങ്കിലും പാതിരയ്ക്ക് ഒരു ജീവിതം കിട്ടുന്ന തോര്‍ത്ത് ഉള്ളില്‍ സന്തോഷിക്കുന്നത് ഇതിന്റെ ഒരു മുഖമാണ്. സ്ഥിരം കള്ളനായ കാട്ടുകുളം തന്റെ മുഖ്യശത്രുവായ ഉത്തമന്‍ പിള്ളയുടെ വീട്ടില്‍ മോഷണത്തിനു കയറിയപ്പോള്‍, അയാളുടെ ഭാര്യയുടെ ജാരസംസര്‍ഗം കൈയ്യോടെ പിടിച്ച് നാണം കെടുത്താന്‍ സന്ദര്‍ഭമുണ്ടായിരുന്നിട്ടും, വീണ്ടു വിചാരത്തില്‍ അതില്‍ നിന്ന് പിന്മടങ്ങുന്നത് നന്മയുടെ മറ്റൊരു മുഹൂര്‍ത്തമാണ്. നിരപരാധിയായ ചെതലിനെ പോലീസിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ കിണറ്റില്‍ചാടിയ പാതിരയുടെ പ്രവൃത്തിയിലെ ആത്മാര്‍ഥത, ദീര്‍ഘദാമ്പത്യത്തിന്റെ ഉറച്ച സ്‌നേഹത്തില്‍ നിന്നുപോലും ഉണ്ടാകാനിടയുള്ളതല്ല. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ അധോലോക ജീവികളായി പരിമിതപ്പെട്ടു പോകുന്നതായിരുന്ന ആ കഥാപാത്രങ്ങളെ മനുഷ്യത്വത്തിന്റെ സ്ഫുരണങ്ങള്‍ പ്രകടിപ്പിക്കുന്നവരാക്കി മാറ്റുന്നുണ്ട്. മൂല്യങ്ങളെ പാടേ നിരാകരിക്കുന്നവര്‍ എന്ന് കരുതപ്പെടുന്നവരില്‍ പോലും അവരറിയാത്ത മൂല്യങ്ങളുടെ ചില പ്രകാശ പ്രസരണങ്ങള്‍ ഉണ്ടാകും. ഹീനരായ അധോലോക ജീവികളായി നാം എഴുതിത്തള്ളുന്നവരിലും മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും ചില കണികകള്‍ തെളിഞ്ഞു കണ്ടേക്കാം. രചനയില്‍ അന്തര്‍ലീനമായ ഈ കാഴ്ചപ്പാടാണ് നോവലിനെ പ്രസക്തമാക്കുന്ന ഒരു പ്രധാന ഘടകം.
തുടക്കംമുതല്‍ ഒടുക്കംവരെ വായന ക്കാരനെ ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്ന ആഖ്യാന പാടവം സ്വാഗതംമുക്കില്‍ പ്രകടമാണ്. ഒട്ടും ആകര്‍ഷകമല്ലാത്ത ജീവിത രംഗങ്ങള്‍കൊണ്ടു കൊരുത്ത ഈ രചനയെ മടുപ്പുളവാക്കാത്ത ആഖ്യാനശില്പമാക്കി എന്നത് ചെറിയ കാര്യമല്ല.
നമ്മുടെ മുഖ്യധാരാ സാഹിത്യം ഏറിയ കൂറും ഒഴിവാക്കിയ ഒരു ജീവിതമേഖലയെ കേന്ദ്രീകരിച്ചെഴുതിയ ഈ കൃതി മലയാള നോവലിലെ ആനുകാലിക ഫാഷനുകളെ നിരാകരിക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന ബി.പി.എല്‍ കാര്‍ഡോ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരോ ഇല്ലാത്ത വെറും മനുഷ്യരെക്കുറിച്ചുള്ള ഈ ആഖ്യാനം ഭദ്രലോകം കണ്ടില്ലെന്നു നടിക്കാനോ ഒഴിഞ്ഞു മാറിപ്പോകാനോ ശ്രമിക്കാറുള്ള ഒരു ലോകത്തെയാണ് ചിത്രീകരിക്കുന്നത്. ആ ലോകത്തെ ജീവിതത്തിന്റെ വിരൂപമായ പുറം പോളയ്ക്കുള്ളില്‍ സ്പന്ദിക്കുന്ന പച്ചജീവിതത്തി ന്റെ വൈചിത്ര്യങ്ങളെ അത് ആവിഷ്‌കരിക്കുന്നു. തിന്മയുടെലോകം എന്നു മുദ്രകുത്തപ്പെട്ട അവിടെ മനുഷ്യത്വത്തിന്റെയും നന്മയുടെയും ചില സ്ഫുരണങ്ങളുണ്ട് എന്ന് ഈ നോവല്‍ പറയാതെ പറയുന്നു. അതിനാല്‍ ഞാന്‍ നിങ്ങളെ സ്വാഗതം മുക്കിലേക്ക് സ്വാഗതം ചെയ്യുന്നു.