സി.ആര്‍.സുകുമാരന്‍ നായര്‍
റോമില്‍, ഒരുകാലത്ത് ആന്റൊക്ലീസ് എന്നു പേരുള്ള ഒരു അടിമയുണ്ടായിരുന്നു. അവനെ വിലക്കുവാങ്ങിയിരുന്ന യജമാനന്‍ അവനോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. രാപകല്‍ അവനെക്കൊണ്ട് കഠിനാദ്ധ്വാനം ചെയ്യിക്കുകയും ഒരു ചെറിയ തെറ്റിനുപോലും ചമ്മട്ടിപ്രഹരം ഏല്‍പ്പിക്കുകയും ചെയ്തുവന്നു.
അതിനാല്‍ അവന്‍ ഒരു ദിവസം യജമാനന്റെ ബംഗ്ലാവില്‍ നിന്നും ഒളിച്ചോടി ഒരു വനത്തില്‍ ചെന്ന് ഒരു ഗുഹയില്‍ ഒളിച്ചിരുന്നു.
പ്രഭാതത്തില്‍ ഒരു ഭയങ്കര അലര്‍ച്ച കേട്ട് അവന്‍ ഉണര്‍ന്നു ആ ശബ്ദം ക്രമേണ അടുത്തുവരുന്നതായും തോന്നി. വേദനകൊണ്ട് ആര്‍ത്തനാദം പുറപ്പെടുവിച്ചിരുന്ന ഒരു സിംഹത്തിന്റെ അലര്‍ച്ചയായിരുന്നത്. കുറെ സമയം കഴിഞ്ഞ് മുടന്തിയും ഞരങ്ങിയും ആ സിംഹം ഗുഹയിലേക്ക് കടന്നു വരുന്നത് അവന്‍ കണ്ടു.
അവിടെ ഒരു കോണില്‍ നിവര്‍ന്നുകിടന്ന് നീരു വന്നു വീര്‍ത്തിരിക്കുന്ന ഒരു കാല്‍ നക്കിത്തുടച്ചു തുടങ്ങി ഈ ദുരവസ്ഥ കണ്ട് ആന്റൊക്ലീസന്റെ ഹൃദയം ദയാപൂര്‍ണ്ണമായി.
ധൈര്യസമേതം അവന്‍ ഇഴഞ്ഞ്‌ചെന്ന് സിംഹത്തിനെ സമീപിച്ചു വേദനയുടെ കാരണം ശ്രദ്ധിച്ചു മനസ്സിലാക്കി ഒരു വലിയ മുള്ള് കൈപ്പത്തിയില്‍ ആഴത്തില്‍ തറച്ചുകയറിയിരിക്കുന്നതായി അവന്‍ കണ്ടു. വളരെ ശ്രദ്ധയോടെ ആ മുള്ള് ആന്റോക്ലീസ് എടുത്തുമാറ്റി.
ചില പച്ചമരുന്നുകള്‍ പ്രയോഗിച്ച് മുറിവ് വച്ചുകെട്ടി. വേദന പൂര്‍ണ്ണമായും മാറി. താമസിയാതെ മുറിവ് ഭേദപ്പെട്ടു. സിംഹത്തിന് വളരെ ആശ്വാസമായി. കൃതജ്ഞനായ സിംഹം സ്‌നേഹത്തോടെ ആന്റോക്ലീസിന്റെ കയ്യില്‍ നക്കിയിട്ട് പുറത്തുപോയി.
ആന്റോക്ലീസ് ആ ഗുഹയില്‍ കുറച്ചുനാള്‍ താമസിച്ചശേഷം അടുത്തുള്ള ഒരു നഗരത്തിലേക്കു പോയി. അതേ നഗരത്തിലെ ചന്ത സ്ഥലത്ത് വന്നിരുന്ന നിഷ്ഠൂരനായ അവന്റെ യജമാനന്‍ അവനെ കണ്ടു.
ഉടനെ തന്നെ അയാള്‍ അവനെ പിടികൂടി കാരാഗൃഹത്തിലടച്ചു. യജമാനനില്‍ നിന്ന് ഒളിച്ചോടിയ അടിമകള്‍ക്കു റോമന്‍ നിയമപ്രകാരം കഠിനശിക്ഷകള്‍ ആണ് നല്‍കി വന്നിരുന്നത്. കൂട്ടിനുള്ളില്‍ കിടന്ന് വിശന്നു പൊരിയുന്ന സിംഹത്തിന്റെ മുന്നിലേക്കു ഒരു ചെറിയ കഠാരയും കൊടുത്ത് അടിമയെ എറിഞ്ഞുകൊടുക്കുക എന്നത് ഇത്തരം ശിക്ഷകളില്‍ ഒന്നായിരുന്നു.
സിംഹം അവസാനം അടിമയെ കൊന്ന് തി ന്നും ഇതായിരുന്നു പതിവ്. ഈ ക്രൂരവിനോദം കാണുന്നതിന് കുടുംബസമേതം രാജാവുള്‍പ്പടെയുള്ള ഒരു വലിയ ജനാവലി കാഴ്ചക്കാരായി എത്തും. നിയമാനുസരണം ആന്റോക്ലീസ് ആ ഇരുമ്പുകൂട്ടില്‍ ഒരു കഠാരയുമായി പ്രവേശിച്ചു.
അല്പസമയത്തിനുശേഷം വിശന്നു പൊരിയുന്ന ഒരു സിംഹത്തിനെ ആ കൂട്ടിനുള്ളിലേക്ക് കടത്തിവിട്ടു. അത് കോപത്തോടെ അലറിക്കൊ ണ്ട് ആന്റോക്ലീസിന് നേര്‍ക്ക് പാഞ്ഞടുത്തു? അ വന്‍ കഠാര ഉയര്‍ത്തുന്നതിനുമുമ്പ് ആ സിംഹം പെട്ടെന്ന് നിന്നു. ഉടനെ അലര്‍ച്ചയും മതിയാക്കി. അത് സാവകാശത്തില്‍ നിശബ്ദനായി അവനെ സമീപിച്ചു. ആന്റോക്ലീസിന്റെ കൈകാലുകള്‍ നക്കിത്തുടങ്ങി.
വനത്തിലെ ഗുഹയില്‍ ഉണ്ടായിരുന്ന തന്റെ സ്‌നേഹിതനെ ഇതിനിടെ ആന്റോക്ലീസും തിരിച്ചറിഞ്ഞിരുന്നു. സിംഹത്തിന്റെ കഴുത്തിനു ചുറ്റി കൈകള്‍ ഇട്ട് അവന്‍ നിന്നു. ഈ രംഗം കണ്ട് എന്തോ ഒരത്ഭുതം ഉണ്ടായിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നി. സന്തോഷംകൊണ്ട് അവര്‍ കയ്യടിച്ച് ആര്‍ത്തുവിളിച്ചു.
ഈ വന്യമൃഗത്തെ ആന്റോക്ലീസ് എങ്ങിനെ വശീകരിച്ചു എന്നത് അറിയാനായി രാജാവും കുടുംബവും അയാളെ വരുത്തി. ക്രൂരനായ അ വന്റെ യജമാനനെക്കുറിച്ചും വനത്തിലേക്കുള്ള അവന്റെ പലായനത്തെപ്പറ്റിയുള്ള വിവരങ്ങളെക്കുറിച്ചും എല്ലാം അവര്‍ അറിഞ്ഞു.
മുറിവു പറ്റിയ സിംഹത്തിനെ ഗുഹയില്‍ വച്ച് സമീപിക്കാന്‍ നിനക്ക് ഭയമില്ലായിരുന്നോ? രാജാവു ചോദിച്ചു ലവലേശമില്ലായിരുന്നു എന്ന് ആന്റോക്ലീസ് പറഞ്ഞു.
ക്രൂരനായ ഒരു യജമാനന്റെ അടിമയായി ജീവിതാവസാനംവരെ കഴിയുന്നതിനെക്കാള്‍ വിശന്നിരിക്കുന്ന സിംഹത്തിന്റെ ആഹാരമായി മരിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. ഈ മറുപടി രാജാവിന്റെ മൃദുലവികാരത്തെ സ്പര്‍ശിച്ചു. അദ്ദേഹം ആ സഭാതലത്തില്‍ വച്ച് പ്രഖ്യാപിച്ചു. ആന്റോക്ലീസ് അടിമയല്ല. അവനെ സ്വതന്ത്രനാക്കണമെന്ന് അവന്റെ ക്രൂരനായ യജമാനനോട് നാം കല്‍പ്പിക്കുന്നു. ഇന്നു മുതല്‍ ആന്റോക്ലീസ് സ്വതന്ത്ര പൗരനാണ്.
ആന്റോക്ലീസ് സിംഹത്തിന് ഒരു ചെറിയ സേവനം അനുഷ്ഠിച്ചു. അതിന്റെ പ്രതിഫലമോ? സിംഹം അവന്റെ ജീവനെ രക്ഷിച്ചു എന്നു മാത്രമല്ല അടിമച്ചങ്ങലയില്‍നിന്ന് എക്കാലത്തേക്കും അവന് മോചനവും നല്‍കി.
ക്രൂരനായ ഒരു കാട്ടുമൃഗത്തിന്റെ സ്‌നേഹം ദൈവത്തിന്റെ ഉത്തമ സൃഷ്ടിയായ ശ്രേഷ്ഠജന്മമായ മനുഷ്യനു മുമ്പില്‍ എന്നെന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കും.