ഹനുമാന്‍ ആത്മസമര്‍പ്പണം നടത്തുന്ന രാമഭക്തന്‍

283
0

സി.ആര്‍.സുകുമാരന്‍ നായര്‍


രാമനെപ്പറ്റി പറയുമ്പോള്‍ ഭുവനപതി, പുരന്ദര പൂജിതന്‍, പുണ്യപുരുഷന്‍, പുരുഷോത്തമന്‍, പരന്‍ എന്നിങ്ങനെയുള്ള ഭക്തി പ്രഹര്‍ഷപ്രവാഹം എപ്പോഴും കേള്‍ക്കാം.
അയോദ്ധ്യ ആഹ്ലാദത്തിമര്‍പ്പില്‍ മതിമറന്നു നില്ക്കുന്നു. അയോദ്ധ്യയുടെ പുണ്യദിനം. രാമായണത്തിലെ നിര്‍ണ്ണായക നിമിഷം. രാമരാവണയുദ്ധത്തില്‍ ശ്രീരാമനെ സഹായിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്ന രംഗം. ഹനുമാന്റെ ഊഴം വന്നപ്പോള്‍ രാമന്‍ തന്റെ ഭക്തനെ കണ്ട് വാരിപ്പുണര്‍ന്നു. ഹനുമാന്റെ വിശുദ്ധ ഭക്തിക്ക് പകരം രാമന്‍ തന്നെയല്ലാതെ മറ്റൊന്നില്ല നിര്‍ണ്ണയം. രാമന് സമമായി മറ്റെന്തുണ്ട് നല്‍കാന്‍! കളങ്കം ലേശമേല്‍ക്കാത്ത ഭക്തന് ഭഗവാന് നല്‍കാനുള്ളത് നിറഞ്ഞ കാരുണ്യം. സര്‍വം സമര്‍പ്പിച്ച സേവകന് തന്നെത്തന്നെയല്ലാതെ മറ്റൊന്നു പകരമായി നല്‍കാന്‍ രാമനുണ്ടായിരുന്നില്ല. ഭഗവാന്‍ ഭക്തനെ ആത്മസമനായി മാറോടണച്ചു. ഹനുമാന്‍ സ്വയം മറന്ന് സ്വര്‍ഗ്ഗീയാനുഭൂതിയില്‍ ലയിച്ചു. സീതക്ക് ഹനുമാന് കൊടുത്ത സമ്മാനം പോരെന്നുതോന്നി. ഹനുമാന്റെ സേവനത്തിന് വിലപ്പിടിപ്പുള്ള സമ്മാനം തന്നെ കൊടുക്കണം. മനമലിഞ്ഞു കഴുത്തിലിട്ടിരുന്ന പവിഴ മുത്തുകടഞ്ഞെടുത്ത മാലയിലേക്ക് കൈ എത്തി. വിലമതിക്കാന്‍ കഴിയാത്ത തന്റെ പ്രിയതമന്‍ നല്‍കിയിരുന്ന ആഭരണം ഹനുമാന് സീത സമ്മാനിച്ചു. കൃതജ്ഞതാ ഭാരം കൊണ്ട് കൂമ്പിനിന്ന സീതയുടെ മനസ്സ് താമരപോലെ വിടര്‍ന്നു. മനസ്സിനും ആശ്വാസവും കുളിര്‍മ്മയും പകര്‍ന്നു.
പക്ഷെ ഒരു നിമിഷം കൊണ്ട് ആ രംഗം പാടെ നിലച്ചു. ഹനുമാന്‍ മാലയിലുണ്ടായിരുന്ന ഓരോ പവിഴമുത്തുകളും അടര്‍ത്തിയെടുത്ത് കടിച്ചു പൊട്ടിച്ചു. ചെവിക്കടുത്ത് പിടിച്ചു. ആരാധനാ ഭാവത്തില്‍ മുത്തുകള്‍ ഒന്നൊന്നായി ദൂരെ എറിഞ്ഞു. സീതക്ക് വിഷാദമായി. ഈ വിലപ്പെട്ട മുത്തുകള്‍ എന്തെ ഇങ്ങനെ കടിച്ചെറിയുന്നതെന്ന് സീത അന്വേഷിച്ചു. രാമമന്ത്രം ഉരുവിടാത്ത ഒന്നും തനിക്കാവശ്യമില്ല. പ്രയോജനമില്ല. ഹനുമാന്റെ ഉത്തരം എത്ര വിചിത്രം എത്ര സംക്ഷിപ്തം. വ്യക്തം.
പവിഴം പോലുള്ള ഒരു ജഡ വസ്തുവില്‍ നിന്നും എങ്ങിനെ രാമനാമം പ്രതീക്ഷിക്കാം. സീത ഉത്തരം തേടി. ഹനുമാന്‍ തന്റെ കൈത്തണ്ടയില്‍ നിന്നു ഒരു രോമം പൊട്ടിച്ചെടുത്ത് സീതയുടെ ചെവിക്കടുത്തു പിടിച്ചു. സീതാദേവി സ്തബ്ദയായി നിന്നു. ആ ഒരു തുണ്ടു രോമം. രാമ രാമ എന്ന് നിറുത്താതെ ജപിക്കുന്നു. ഭക്തിയുടെ ശക്തിയോര്‍ത്ത് സീത ചിന്താകുലയായി.
ഈശ്വര സേവ എത്ര ആയാസകരം ആയുഷ്‌ക്കാല യജ്ഞം ആനന്ദദായകം ഹനുമാനില്‍ നാം കാണുന്ന ഈ വിനയം യഥാര്‍ത്ഥ ഭക്തന്റെ ലക്ഷണമാണ്. രാമനില്‍ നിന്നും രാജ്യാഭിഷേക സന്ദര്‍ഭത്തിലും ഹനുമാന്‍ ആവശ്യപ്പെട്ട അനുഗ്രഹം എത്ര വിനയ സമ്പൂര്‍ണ്ണം.