കാവ്യനീതിയുടെ കാവലാള്‍

220
0


ഡോ. ശ്രീവൃന്ദാനായര്‍.എന്‍


പ്രത്യയശാസ്ത്രങ്ങളും മാര്‍ഗ്ഗങ്ങളും വിതച്ച ജീവിതത്തിന്റെ വൈതരണികളില്‍ അഹിംസയും നന്മയും മാനവികതയും വിരിയിച്ചെടുക്കുന്ന അക്കിത്തം ജന്മനാ കവിയാണ്. ആത്മാന്വേഷണത്തിന്റെ വഴിയില്‍ മിഴിനീരുറഞ്ഞുണ്ടാകുന്നതാണ് അക്കിത്തത്തിന്റെ കല’ – എം.ടി.വാസുദേവന്‍ നായര്‍
സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നുള്ള ദശകത്തില്‍ ഉടലെടുത്ത ഭാരതീയഭാഷാകവിതകളിലുടനീളം പാരമ്പര്യവും ആധുനികതയും തമ്മിലുള്ള എതിരിടല്‍ കാണുവാന്‍ കഴിയും. മലയാളകവിതയില്‍ ഈ വിധത്തിലുള്ള മൂല്യസംഘര്‍ഷത്തില്‍ നിന്നു പിറവിയെടുത്ത രചനകള്‍ അക്കിത്തത്തിന്റേതായിട്ടുണ്ട്. സത്യം ഭ്രൂയാത്,പ്രിയം ഭ്രൂയാത്, നഭ്രൂയാത് സത്യമപ്രിയം എന്നു പറയാറുണ്ടെങ്കിലും അപ്രിയസത്യങ്ങളെപ്പോലും വിളിച്ചു പറയുന്നവനാണ് കവി.
മലയാള കവിതയില്‍ ആധുനികത ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെയാണെന്ന നിരൂപകമതം സത്യം തന്നെ. ജീവിതത്തെയും കവിതയെയും ഒന്നായിക്കാണുവാന്‍ കഴിഞ്ഞ അക്കിത്തം മനുഷ്യജന്മം പരോപകാരലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാകണമെന്നു അതിശക്തമായി വാദിച്ചുകൊണ്ടേയിരുന്നു. സ്‌നേഹത്തിന്റെ വിശുദ്ധി തുളുമ്പുന്ന കവിതകള്‍ അക്കിത്തത്തിന്റെ സംഭാവനയാണ്. എന്റെ കവിതയും ആത്മകഥയും ഒന്നു തന്നെ എന്നദ്ദേഹമെഴുതി. അമ്പലച്ചുവരില്‍ കണ്ട കുത്തിവരക്കലുകള്‍ക്കെതിരെ ‘അമ്പലങ്ങളീവണ്ണം തുമ്പില്ലാതെ വരക്കുകില്‍, വമ്പനാമീശ്വരന്‍ വന്നിടെമ്പാടും നാശമാക്കീടും’ എന്ന പ്രതിഷേധം ആദ്യ ശ്ലോകത്തിലൂടെ കുറിച്ചാണ് അദ്ദേഹം അരങ്ങിലെത്തിയത്. ഇടശ്ശേരി, വി.ടി.ഭട്ടതിരിപ്പാട്, ഉറൂബ് എന്നിവര്‍ ചേര്‍ന്ന പൊന്നാനിയിലെ സാംസ്‌കാരിക കൂട്ടായ്മ അക്കിത്തത്തിന്റെ സാന്നിദ്ധ്യം കൊണ്ടു ഏറെ ശ്രദ്ധേയമായിരുന്നു.
ഭാരതീയ പൈതൃകത്തിന്റെ അരണി കടഞ്ഞെടുത്ത യാഗാഗ്നിയുടെ വെളിച്ചമാണ് അക്കിത്തത്തിന്റെ കവിതകള്‍ എന്നു പറയാറുണ്ട്.അധാര്‍മ്മികമായ ഒരു വിപ്ലവവും വിജയിക്കില്ല എന്ന് ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ കവിതകളെല്ലാം തന്നെ സ്‌നേഹത്തിന്റെ ചിരാതുകളായിരുന്നു. മലയാളത്തില്‍ പ്രാവീണ്യം നേടാന്‍ ഒരു വ്യക്തിക്ക് സംസ്‌കൃതപ്രാഗല്ഭ്യവും വേണമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. സംഗീതം നഷ്ടപ്പെട്ട ഒ ന്നായി ഇന്ന് കവിത മാറിയിരിക്കുന്നു. ‘വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്നു പാടിയ അക്കിത്തത്തിന്റെ അസ്തിത്വം വള്ളുവനാടിന്റെ മണ്ണില്‍ത്തന്നെയായിരുന്നു. പാരമ്പര്യത്തിന്റെ വ്യത്യസ്തധാരകളും പേറിനില്‍ ക്കുന്ന കവിതകള്‍ മാനവികതയുടെ ദര്‍ശനങ്ങളും നന്നായി ഉള്‍ക്കൊണ്ടവയാണ്. ‘ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തെ കുറിക്കുന്ന രണ്ടു കാ വ്യങ്ങളെ’ന്നാണ് അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെയും വൈലോപ്പിള്ളിയുടെ കൂടിയൊഴിക്കലിനെയും വിശേഷിപ്പിക്കുന്നത്.
മലയാളത്തിലെ ആധുനികതയുടെ ആദ്യത്തെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് 26-ാം വയസ്സിലെഴുതിയ’ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’. ഹിംസക്കെതിരായ പ്രഖ്യാപനമായ ആ കൃതി, ലക്ഷ്യമാണ് പ്രധാനം മാര്‍ഗ്ഗമല്ല എന്നു പ്രഖ്യാപിക്കുന്നു. മംഗളോദയം, യോഗക്ഷേമം, ഉണ്ണിനമ്പൂതിരി, എന്നിവയുടെ പ്രസാധകനും പത്രാധിപനുമായി വര്‍ത്തിച്ച അദ്ദേഹം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്നു. കഥനമാണ് കവിതയുടെ രചനാരീതിയെന്നു തെളിയിച്ച കവിയാണ് അക്കിത്തം. കഥാവായനയുടെ അനുഭവം തരുന്ന കൃതികള്‍ തികച്ചും ആഖ്യാനാത്മകമായിരുന്നു. മികച്ച കൃതികള്‍ ധാരാളമെഴുതിയ അക്കിത്തം തനിക്ക് ഏറ്റവും മികച്ചതെന്നു കരുതുന്നത് ശ്രീമദ് ഭാഗവതവിവര്‍ത്തനമാണെന്നു പറയും. യൗവനാരംഭത്തില്‍ ക മ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ആരാധകനായി. കമ്മ്യൂണിസം പഠിച്ചത് വേദങ്ങളില്‍ നിന്നാണെന്നു പറയുന്ന അദ്ദേഹത്തിന് അഹംഭാവത്തെ പൊലിപ്പിച്ചു കാട്ടുവാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ആത്മകഥ എഴുതാന്‍ തുനിഞ്ഞില്ല എ ന്നതാണ് വാസ്തവം. തന്റെ കാഴ്ച്ചപ്പാടുകളെ എല്ലാ കവിതകളിലും കൊണ്ടുവരാന്‍ അക്കിത്തം ഏറെ ശ്രദ്ധിച്ചു. നാലു പ്രധാന വിവര്‍ത്തനങ്ങള്‍,നാടകങ്ങള്‍,ചെറുകഥകള്‍ 40 ലധികം പുസ്തകങ്ങള്‍ എന്നിവ എഴുതിയ കവി ഭാഗവത വിവര്‍ത്തനത്തിനായി മാറ്റിവെച്ചത് ഏഴരക്കൊല്ലമായിരുന്നു. 1926 മാര്‍ച്ച് 18 ന് ജനിച്ച അദ്ദേഹം നിശ്ശബ്ദമായ പുഞ്ചിരിയോടെ മലയാളത്തെ അനുഗ്രഹിച്ചുകൊണ്ട് ഇന്നും വാഴുന്നു.
ആധുനികതയുടെ മണം നിറച്ച കവിതകള്‍ ധാരാളമെഴുതി അദ്ദേഹം. അതിലൊന്നാണ് അക്കിത്തത്തിന്റെ ‘പണ്ടത്തെ മേശാന്തി’ എന്ന കവിത. ഒരു നിസ്വജീവിതത്തിന്റെ ദൈന്യം മുഴുവന്‍ ദുഃഖത്തിന്റെയും നൈരാശ്യത്തിന്റെയും പ്രതിഷേധത്തിന്റെയും ഇഴകള്‍ പാകി നെയ്‌തെടുത്ത കവിതയാണിത്. ഐശ്വര്യങ്ങള്‍ മുഴുവന്‍ പടിയിറങ്ങിയ ഒരു നമ്പൂതിരിയില്ലത്തിന്റെ കഷ്ടാവസ്ഥയാണ് ഇതില്‍ വരച്ചിട്ടിരിക്കുന്നത്. ക്ഷയോന്മുഖമായിത്തീര്‍ന്ന തറവാടാണ് ഇവി ടെ കാണുക. കര്‍മ്മഫലത്തിന്റെ കഥയാണ് ഈ കവിത പറയുന്നത്. നമ്പൂരിത്തം പൈതൃകമായി ലഭിച്ച ഉണ്ണിനമ്പൂതിരിയുടെ ചിത്രമാണ് ഇവിടെ കാണുന്നത്. കര്‍ക്കടകമാസംകഴിയും വരേക്കിനിക്കഞ്ഞിയാണുണ്ണി നിനക്കിഷ്ടമാകുമോ’ എന്ന അമ്മയുടെ വിങ്ങല്‍ നിറഞ്ഞ വാക്കുകളാണ് ശാന്തിപ്പണി തേടിയിറങ്ങാന്‍ ഉണ്ണിനമ്പൂതിരിയെ പ്രേരിപ്പിച്ചത്.
കവിതയിലെ പ്രയോഗങ്ങള്‍ ഏറെ ചിന്താനിര്‍ഭരമാണ്. ‘ആമാശയത്തില്‍ അകപ്പെട്ട സൂചി’ എന്ന പ്രയോഗവും ‘ചൊല്പ്പടിക്കിട്ട ബലിമൃഗ’മെന്ന പ്രയോഗവും ഏറെ അര്‍ത്ഥഗാംഭീര്യം നിറഞ്ഞവ തന്നെ. വിരസത മുഖമുദ്രയാക്കിയ ജീവിതത്തിലൂടെയാണ് മേശാന്തി കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആനപ്പുറത്ത് തിടമ്പും പിടിച്ച് ഇരിക്കുമ്പോഴും മുനയുള്ള വാക്കുകള്‍ മനസ്സില്‍ കൊണ്ടുകയറുകയാണ്. കര്‍മ്മാനുഷ്ഠാനങ്ങള്‍പോലും ജീവിതത്തില്‍ വൈരസ്യം ജനിപ്പിക്കുന്നു. ഇല്ലത്തെ ദൈന്യത മനസ്സില്‍ അപ്പോഴും നിറയുകയാണ്. ഇല്ല ഗതിയെന്നുതീര്‍ച്ചയായാല്‍ പ്പുലി, പുല്ലും പതുക്കനെത്തിന്നുമെന്നില്ലയോ എന്ന വരികള്‍ നിസ്സഹായതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വഴി തെറ്റാതെ നേര്‍വഴി നടന്ന് സത്യത്തിലേക്കെത്താന്‍ അടിക്കടി ദുരിതങ്ങളും പരീക്ഷകളും ഒരുക്കിത്തരുന്ന ഈശ്വര കൃപയ്ക്കല്ലേ നന്ദി പറയേണ്ടതെന്ന് അക്കിത്തം ചോദിക്കുമ്പോള്‍ അതിലെ സത്യം നാമും തിരിച്ചറിയുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതു മാറ്റിയെടുക്കാന്‍ അദ്ദേഹം തന്നെ ഇങ്ങനെ എഴുതിയിരിക്കുന്നു.
ആവോത്തമസ്സാല്‍ത്തളരുമെന്‍ നേത്രത്തി/ലാവിര്‍ഭവിക്കുന്ന കണ്ണുനീരേ/ നീയാവാമിജ്ജഡബ്രഹ്‌മാണ്ഡ കോടിയില്‍/ ജീവാതു കുത്തിയിടുന്ന സൂര്യന്‍(വെളിച്ചം തിരഞ്ഞ്.)
ജനങ്ങളുടെ സ്വാതന്ത്ര്യം,ധര്‍മ്മം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നു വിശ്വസിച്ച അക്കിത്തം സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച് കവിയായിരുന്നു. അമ്മതന്‍ ഐശ്വര്യമായി ശോഭിച്ച മലയാള ഭാഷ ആത്മാവില്‍ പറ്റിപ്പിടിച്ച ഭാഷയാണെന്നും മലയാളഭാഷയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ധര്‍മ്മമാണെ ന്നും അദ്ദേഹം എഴുതി. മലയാളിയുടെ ഹൃദയഭാഷയായ മലയാളം എത്രകാലം നിലനില്‍ക്കുമെന്നും ഇദ്ദേഹം ആശങ്കപ്പെടുന്നുണ്ട്. മലയാള ഭാഷയെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തത്വജ്ഞാനിയായ കവി പണ്ടേ പറഞ്ഞുവച്ചിരിക്കുന്നു. കേരള സാഹിത്യ അക്കാദമി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍,വള്ളത്തോള്‍,ഉള്ളൂര്‍ പുരസ്‌കാരങ്ങള്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ദേശീയ കബീര്‍ സമ്മാനം, പത്മപ്രഭാപുരസ്‌കാരം, പത്മശ്രീ എന്നിവയും ആ മഹാത്മാവിനു ലഭിച്ചു.
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ/ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം/ ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ/ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മ്മല പൗര്‍ണ്ണമി/ അറിഞ്ഞീലിത്രനാളും ഞാനിദ്ദിവ്യപുളകോദ്ഗമം / ആ മഹാനഷ്ടമോര്‍ ത്തോര്‍ത്തു കുലുങ്ങിക്കരയുന്നു ഞാന്‍ (ഇരുപ താം നൂറ്റാണ്ടിന്റെ ഇതിഹാസം)
ഇരുപതാം നൂറ്റാണ്ട് എത്തിനില്‍ക്കുന്ന മഹാദുരന്തത്തെപ്പറ്റി ക്രാന്തദര്‍ശിയായ കവി ഇങ്ങനെ ദുഃഖിക്കുകയാണ്. തന്റെ കൈവശമുണ്ടായിരുന്ന സൗഭാഗ്യക്കാഴ്ചകളെ കാണാതെ പോയതില്‍ വ്യാകുലപ്പെടുകയാണ്. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നതിലെ സന്തോഷവും മറ്റുള്ളവര്‍ക്കായി പുഞ്ചിരിക്കുന്നതിലെ ആനന്ദവും തിരിച്ചറിയാതെ ജീവിക്കുന്നതിനെ നിരര്‍ത്ഥകതയാ ണ് കവി ഇവിടെ വെളിപ്പെടുത്തുന്നത്. സ്വാര്‍ത്ഥതയും മനുഷ്യത്വരഹിതമായ പ്രവൃത്തികളും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. അനന്തമായ ഇ രുട്ടിലാണ്. അവിടെ ജീവിതം ഹോമിക്കുവാന്‍ മാത്രമേ പിന്നീടു നമുക്കു കഴിയൂ. പുരോഗതിയുടെ പ്രളയം വിവേകശൂന്യമായി പെരുമാറാന്‍ മനുഷ്യനെ പ്രേരിപ്പിച്ചതിന്റെ തിക്തഫലങ്ങള്‍ അവന്‍ അനുഭവിക്കുകയാണ്. ആ ചിന്ത തന്നെയാണ് ‘വെളിച്ചം ദുഃഖമാണുണ്ണി,തമസ്സല്ലോ സുഖപ്രദം’ എന്ന് കവിയെക്കൊണ്ട് പറയിച്ചത്. അക്കിത്തത്തിന്റെ മൂശയിലെന്നും ഒരു കവിതയുടെ കനല്‍ക്കട്ടയുണ്ട്. തീ അണയാത്ത ഈ മൂശയില്‍ നിന്നു മനുഷ്യസ്‌നേഹവും നന്മയും കവിതയുടെ ലാവണ്യരൂപമായി ഉരുത്തിരിയുന്നു. എന്ന് പി.കുഞ്ഞിരാമന്‍ നായര്‍ അഭിപ്രായപ്പെട്ടത് എത്രയോ സത്യമാണ് അജയ്യസ്‌നേഹമാമണ്ഡം വിരിഞ്ഞുണ്ടാം പ്രകാശമേ സമാധാനപിറാവേ നിന്‍ ചിറകൊച്ച ജയിക്കുക എന്നു പറഞ്ഞാണ് ഈ കവിത അവസാനിക്കുക. നിരൂപാധികമായ സ്‌നേഹമാണ് യഥാര്‍ത്ഥ അഴകെന്നു മനസ്സിലാക്കി അതു ശീലിക്കുന്നതാണ് നമുക്കേവര്‍ക്കും ഉചിതമെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു. നിരുപാധികമാം സ്‌നേഹം ബലമായി വരും ക്രമാല്‍, ഇതാണഴകി,തേ സത്യം ഇതു ശീലിക്കല്‍ ധര്‍മ്മവും (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)
എം.ആര്‍.ബി.യുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരക’ത്തിലെ അന്തര്‍ജ്ജനവേഷത്തിലും ഇടശ്ശേരിയുടെ കൂട്ടുകൃഷിയില്‍ ശ്രീധരന്‍നായരായിട്ടും പ്രത്യക്ഷപ്പെട്ടത് മഹാകവി അക്കിത്തമായിരുന്നു. എ.എന്‍.എ എന്ന പേരില്‍ പുസ്തകനിരൂപണം എഴുതിയിരുന്ന അദ്ദേഹം അഴീക്കോടിന്റെ ‘രമണനും ചങ്ങമ്പുഴക്കവിതയും’ എന്ന ഗ്രന്ഥത്തിന് ‘ചങ്ങമ്പുഴയുടെ കീര്‍ത്തിതല്പം’ എന്ന പേരില്‍ എഴുതിയ നിരൂപണം ഏറെ ശ്രദ്ധേയമായിരുന്നു. ജന്മകാമനയുടെ വേദാന്തം (ആര്‍.വിശ്വനാഥന്‍), ഒരു കുടന്ന നിലാവ്(അച്യുതനുണ്ണി), അകം പൊരുള്‍(രവികുമാര്‍,സെല്‍വരാജ്), കണ്ണീരില്‍ ഉറഞ്ഞുകൂടിയ വെണ്ണക്കല്ല്(ഡോ.എം.ലീലാവതി),അക്കിത്തതിന്റെ കാവ്യദര്‍ശനം(പി.എം. നാരായണന്‍),തീ അണയാത്ത മൂശ(എം.ടി. വാസുദേവന്‍ നായര്‍) എന്നിവ അക്കിത്തത്തെപ്പറ്റിയുള്ള പ്രസിദ്ധലേഖനങ്ങളാണ്. മാനവികതയുടെ വക്താവായി നിലകൊണ്ട അദ്ദേഹത്തെ തേടി വന്ന അംഗീകാരങ്ങള്‍ നിരവധിയാണ്.തൃപ്പൂണിത്തറ സംസ്‌കൃത കോളേജിന്റെ സാഹിത്യനിപുണ ബിരുദം, സുവര്‍ണ്ണമുദ്ര, വിദ്യാഭ്യാസ വകുപ്പില്‍ വിശ്ഷ്ടാംഗത്വം, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം,ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂര്‍ത്തീദേവീ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്,2017ല്‍ പദ്മശ്രീ എന്നിവ അവയില്‍ ചിലതു മാത്രം.
അക്കിത്തത്തെ നേരില്‍ കണ്ട നിമിഷം
മലയാളത്തിന്റെ മഹാകവിയായ അക്കിത്തത്തെ നേരിട്ടുകാണണമെന്നത് എന്റെ വലിയൊരു മോഹമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അദ്ദേഹത്തെ നേരിട്ടുകാണുവാന്‍ എനിക്കു കിട്ടിയ നിമിഷത്തെ എന്നും മനസ്സില്‍ സൂക്ഷിക്കുകയാണ് ഞാന്‍. ഭാഷാപഠനം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്ന എന്റെ പുസ്തകവുമായി ബന്ധപ്പെട്ടാണ് അക്കിത്തത്തിന്റെ ബന്ധുവും തിരുനാവായ നാവാമുകുന്ദസ്‌കൂളിലെ അധ്യാപകനും സാഹിത്യകാരനുമായ അക്കിത്തം നാരായണന്‍മാഷിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ മഹാമനസ്‌കത എന്നെ എന്റെ ആഗ്രഹസാഫല്യത്തിലേക്ക് വഴിനടത്തിച്ചു എന്നു പറയുന്നതാവും സത്യം.
അക്കിത്തത്തിന്റെ മന സ്ഥിതിചെയ്യുന്ന എടപ്പാൡലേക്കുള്ള യാത്രയും ഏറെ ഹൃദ്യമായിരുന്നു. മുന്‍കൂട്ടി പറഞ്ഞതനുസരിച്ച് അക്കിത്തം നാരായണന്‍മാഷ് എല്ലാ ക്രമീകരണങ്ങളും ചെയ്തു തരുകയുണ്ടായി. മഹാകവിയുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായി കാണപ്പെട്ട അക്കിത്തം ഗ്രാമം. ടാക്‌സിയില്‍ നിന്നും ഇറങ്ങിനടന്നത് കരിങ്കല്ലുകള്‍ പാകിയ ഒരു വഴിയിലൂടെയായിരുന്നു. പാരമ്പര്യശോഭയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മനയിലാണ് ആ വഴിചെന്നു നിന്നത്. ആഢ്യത്വം വിളിച്ചോതുന്ന ചുവരുകളും ചെറുജനലുകളും ദൂരെ നിന്നേ കാണാമായിരുന്നു. നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ കുളിച്ചുനിന്ന മന ഞങ്ങളില്‍ ഊ ര്‍ജജം നിറച്ചു. മനയിലെ സഹായി എന്നു പരിചയപ്പെടുത്തിയ ഒരു വ്യക്തി ഞങ്ങളെ അകത്തേ ക്കു ക്ഷണിച്ചു. പൂമുഖത്തെത്തിയ വ്യക്തികളെ ജിജ്ഞാസയോടെ നോക്കിക്കൊണ്ട് അക്കിത്തത്തിന്റെ ധര്‍മ്മപത്‌നിയായ ശ്രീദേവി അന്തര്‍ജ്ജ നം ഇറങ്ങിവന്നു. ലാളിത്യവും മായാത്ത പുഞ്ചിരിയും കൂട്ടായ അമ്മയെ ഞങ്ങള്‍ വന്ദിച്ചു. ഭിത്തികളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ചിത്രങ്ങളും മഹാകവിയുടെ ചിത്രങ്ങളും ഞങ്ങള്‍ കൗതുകത്തോടെ നോ ക്കിക്കൊണ്ടിരുന്നു. ഉള്ളില്‍ നിന്നും ഇടനാഴിയിലൂടെ വോക്കറിന്റെ സഹായത്തോടെ വരുന്ന മഹാകവി അക്കിത്തം. സ്‌നേഹത്തിന്റെ ആള്‍രൂപമെന്നു തോന്നിക്കും വിധം പുഞ്ചിരിച്ചുകൊണ്ട് സൂര്യതേജസ്സോടെ അദ്ദേ ഹം ഞങ്ങളുടെ അടുത്തേക്കു വന്നു. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ ഞാന്‍ എഴുന്നേറ്റുനിന്ന് ആ വന്ദ്യഗുരുവിനെ നമസ്‌കരിച്ചു. പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും എന്നെ അടുത്തു പിടിച്ചിരുത്തി വിശേഷങ്ങള്‍ ചോദിച്ചു. വാക്കുകള്‍ പല തും അവ്യക്തമാകുമ്പോള്‍ അരികിലിരുന്ന് ശ്രീദേവി അന്തര്‍ജ്ജനം തിരുത്തലുകള്‍ നടത്തുന്നുണ്ടായിരുന്നു. ഭാ ഷാപഠനം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്ന എന്റെ പുസ്തകത്തിന് ആശംസാവാചകങ്ങള്‍ കുറിക്കുവാന്‍ സന്മനസ്സു കാണിച്ച അദ്ദേഹം എന്റെ നെറുകയില്‍ കൈവെച്ച് അനുഗ്രഹി ച്ചത് അഭിമാനത്തോടെ ഓര്‍ക്കുകയാണ് ഞാന്‍. ഇല്ലത്തു വന്നിട്ട് ഭക്ഷ ണം തരാന്‍ കഴിയാതെ പോയതിലെ സങ്കടവും അദ്ദേഹത്തിന്റെ വാക്കുകളി ല്‍നിറഞ്ഞുനിന്നത് ഞങ്ങളെ കുറച്ചൊന്നുമല്ല അത്ഭുത സ്തബ്ധരാക്കിയത്. ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം എന്നെഴുതിയ മനുഷ്യസ്‌നേഹിയായ ആ മഹാകവിയുടെ മനസ്സിലെ നന്മയുടെ വെളിച്ചച്ചമാണ് ഞങ്ങള്‍ അന്ന് അവിടെവച്ച് അനുഭവിച്ചത്. മനുഷ്യസ്‌നേഹത്തിന്റെ വക്താവായിരുന്നു അദ്ദേഹം. അഹിംസയും ധര്‍മ്മപാതയും ഇഷ്ടപ്പെടുന്ന,സാത്വികനായ ആ മഹാകവിയുടെ കരതലങ്ങള്‍ എന്റെ നെറുകയിലും പതിഞ്ഞത് അഭിമാനത്തോടെ,ആദരവോടെ,വിനയത്തോടെ മനസ്സില്‍ എന്നും സൂക്ഷിക്കുകയാണ്. എന്റെ ജീവിതവഴികളിലും ആ അനുഗ്രഹങ്ങള്‍ വെളിച്ചമേകും എന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
സ്‌നേഹിപ്പൂ ഞാനീമുഗ്ദ്ധ ലോകത്തെ ജീവന്‍ കൊണ്ടും
സ്‌നേഹിക്കും ലോകം തിരിച്ചെന്നെയുമെന്നെണ്ണി
മറിച്ചാണെങ്കില്‍ സ്‌നേഹിച്ചീടുവാന്‍
സേവിക്കാനും ധരിച്ചിട്ടില്ലെങ്കി,ലീ ലോകമെന്തിനു കൊള്ളാം? എന്നു കുറിച്ച കവികുലതിലകനു മുന്നില്‍ നമുക്കൊരുമിച്ച് കൈകൂപ്പാം.