സുനില്‍.സി.ഇ
മൃത്യുവിന് /ഒരു വാക്കേയുളളൂ/വരൂ,പോ കാം/മൃത്യു/അതിഥിയാണ്/ആതിഥേയന് നല്‍കേണ്ടത് (മൃത്യുവചനം/പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകള്‍)
കവിതയുടെ തുറന്ന ആകാശങ്ങള്‍ സൃ ഷ്ടിക്കാന്‍ കഴിവുളള ഒരാളേയുണ്ടായിരുന്നുളളൂ. കാവ്യഭാഷയുടെശരീരസാധ്യതകള് എ ളുപ്പമാക്കിയ കവിയാണ് എ.അയ്യപ്പന്. മലയാ ള ഗദ്യകവിതാശാഖയ്ക്ക് ഗംഭീരമായ ആമുഖമായി കഴിയുന്നു അത്. ശരീരത്തിനകത്തും പുറത്തും കവിതയൊഴികെ മറ്റൊന്നും അയ്യപ്പന് നിറച്ചിരുന്നില്ല. അയ്യപ്പന് ഉടലിനെ കവിതയുടെ അറിവുകൂടാരമാക്കിയിരിക്കുന്നു. ശരീരത്തിന്റെ ദൃഢപേശികള്‍ കവിതയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് അയ്യപ്പന് ബാക്കിവെച്ചത്. മലയാള കവിതയില്‍ ഒറ്റയാനായി നടന്ന് ഇത്രയും ആദരവ് പിടിച്ചെടുത്ത ഏക കവി എ. അയ്യപ്പനാണ്. അശുഭവാക്കുകള്‍ കൊണ്ട് കവിതയില്‍ ദുര്‍മന്ത്രവാദങ്ങള്‍ നടത്തുന്ന കാവ്യാപാരമ്പര്യ ചട്ടങ്ങളെ ഉടച്ചുകളഞ്ഞുകൊണ്ട് കവിതയില്‍ പുതിയ ദിശാബോധങ്ങ ളും ദര്‍ശന ധാരകളും തീര്‍ത്ത അയ്യപ്പന് മരണത്തിനു മുമ്പുളള തയ്യാറെടുപ്പുകള്‍ കവിതയില്‍ ആ വിഷ്ക്കരിച്ചിട്ടുണ്ട്.
മണ്ണു മൂടുന്നതിനുമുമ്പ്/ഹൃദയത്തില്‍ നിന്ന്/ആ പൂവു പറിക്കണം/ദലങ്ങള്‍ കൊണ്ട്/മുഖം മൂടണം
/രേഖകള്‍ മാഞ്ഞ കൈവെളളയിലും/ഒരു ദലം
(ശവപ്പെട്ടി ചുമക്കുന്നവരോട് / ബുദ്ധനും ആട്ടിന്‍കുട്ടിയും)
ഒറ്റയാനായി ജീവിച്ച്, കവിതയില്‍ വീട് തീര്‍ത്ത എ.അയ്യപ്പന്റെ എല്ലാ കവിതകളും ജീവിതത്തിന്റെ ലഘുവിവരക്കുറിപ്പുകളാണ്. ജീവിച്ച കാലത്തില്‍ നെ ഞ്ചിനുളളില് ഇരുണ്ട ബാഷ്പം ഒളിച്ചുവയ്ക്കുകയും എല്ലാവരെയും ഒരു കാവ്യചിരികൊണ്ട് ചേര്‍ത്തണയ്ക്കുകയും ചെയ്ത ഈ കവി മരണത്തിന്റെ ഹൃദ്യമായ മുന്നറിയിപ്പുകള്‍ നല്കുന്ന അനേകം കവിതകള്‍ എഴുതിയിട്ടുണ്ട്. മോര്‍ച്ചറി (മാളമില്ലാത്ത പാമ്പ്)മരിക്കുന്നെന്റെ പക്ഷി (വെയില്‍തിന്നുന്ന പക്ഷി), മൃ ത്യുവചനം ഈ കവിതകളെല്ലാംതന്നെ വായനക്കാരന്റെ മനസ്സില്‍ മരണത്തിന്റെ ഭാരം വെച്ചു തരുന്ന കവിതകളാണ്. ജീവിതത്തില്‍ പീഢാനുഭവങ്ങള്ക്കു വിധേയമാകുമ്പോഴും കവിതയില്‍ അയ്യപ്പന് മുഴുത്ത സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക കവികളും ആര്‍ഭാടമായ വിഷാദകവിതകള്‍ എഴുതി കൈയ്യടി വാങ്ങിച്ചവരാണ്. അയ്യപ്പന് വാക്കുകള്‍ കൊണ്ട് കവിത കൊത്തുമ്പോള്‍ ഒരുപക്ഷേ വായനക്കാരന് വിഷാദത്തിന്റെ വിശാലമുറികളിലേക്ക് എടുത്തെറിയപ്പെടുന്നുണ്ട്. കവിതയെ മൗനത്തില്‍ പൊതിഞ്ഞുവെയ്ക്കാനുളളതല്ലെന്നും അതുകൊണ്ടുതന്നെ അതു ആകൃതികള്‍ക്കു പുറത്താക്കപ്പെടേണ്ടതാണെന്നുമുളള സൗന്ദര്യ സ്പര്ശയുക്തികളാണ് ഈ കവിയെ പ്രിയപ്പെട്ടവനാക്കുന്നത്. ജീവിതത്തിലേക്ക് തളളിക്കയറി വരാന്‍ പോകുന്ന നടുക്കങ്ങള്‍ അയ്യപ്പന് പ്രവാചക സൂചനകളായി കവിതയിലാവിഷ്കരിച്ചിട്ടുണ്ട്.
വാര്‍ഡില്‍ അവന്റെ കിടക്ക/ഒഴി ഞ്ഞു കിടക്കുന്നു./അവനെവിടെ?/ചെസ്റ്റ് ഹോസ്റ്റലില്‍ നിന്നും/മോര്ച്ചറിയിലേക്കുളള ദൂരത്തില്‍ (മോര്‍ച്ചറി/ പ്രണയത്തിന്റെയും, മരണത്തിന്റെയും കവിതകള്‍)
അയ്യപ്പന് കവിതയില്‍ ആവിഷ് ക്കരിച്ചതൊന്നും മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളല്ല. മോര്ച്ചറിയെക്കുറിച്ച് കവിതയെഴുതിയ അയ്യപ്പന്റെ ഭൗതികശരീരത്തില്‍ മോര്‍ച്ചറി ചാരിനിന്ന് കവിതയെ ജീവിപ്പിച്ചു. ലഘുവായ അന്വേഷണങ്ങളായിരുന്നില്ല അയ്യപ്പന് കവിത. അതിന് ഒന്നിലധികം തലങ്ങളും ആയിരത്തില്‍പരം ഉപതലങ്ങളുമുണ്ടായിരുന്നു. ജീവിതത്തിന്റെ കൊടുംഭീതികളെയല്ല അയ്യപ്പന് കവിതയായി നിര്‍മ്മിച്ചത്. മറിച്ച് ആവരണങ്ങളും മുഖം മൂടിയും അഴിച്ചുവെച്ച് തുറസ്സായ ഇടങ്ങളിലേക്ക് പ്രവേശിച്ച് അയ്യപ്പന് നടത്തിയ ഭൗതിക ധ്യാനങ്ങളുടെ ഉല്പന്നമാണത്.ജീവിതത്തിന്റെ പ്രയോഗങ്ങള്‍ക്ക് സംഭവ വിവരണങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് മലയാളി ആസ്വാദകരെ അടുത്തറിയിച്ചതും അയ്യപ്പന് കവിതകളാണ്.ജീവിതം അപ്രധാനമാണെന്നും കവിതയാണ് പ്രധാനമെന്നും വിശ്വസിക്കുന്ന കവികള്‍ ഇന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അയ്യപ്പനെതിരെയുളള ആരോപണങ്ങളെപോലും അയ്യപ്പന് തകര്‍ത്തെറിഞ്ഞു കളഞ്ഞത് ഭീകരമായ കാവ്യ ആശയങ്ങളുടെ സൗഹാര്‍ദ്ദ ഇടപെടല്‍കൊണ്ടാണ്. പൊങ്ങച്ചക്കാരായ എഴുത്തുകാരുടെ ഊതിവീര്‍പ്പിച്ച പൊങ്ങച്ചത്തരങ്ങളെപോലും ദഹിപ്പിച്ചു കളയാന്‍ അയ്യപ്പന്റെ സാന്നിദ്ധ്യത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ കവി അധിക പ്രഭാഷണങ്ങളുടെ തടവറകള്‍ തീര്‍ത്തിട്ടില്ല. മലയാള കവിതയ്ക്ക് ഇങ്ങനെയും ചില അക്ഷര പദവികളുണ്ടെന്ന് മലയാളി വായനക്കാരന് പരിചയപ്പെടുത്തുകയായിരുന്നു.
നടുറോഡിലെത്തുമ്പോള്‍/ഒരശരീരി കേള്‍ക്കുന്നു./ഹേ നില്ക്കൂ,ഞാനും വരുന്നു (റോഡു മുറിച്ചു കടക്കുമ്പോള്‍/ ചിറകുകള് കൊണ്ടൊരു കൂട്)
കവിതയ്ക്ക്/കോമയും ഫുള്‍ സ്റ്റോപ്പും/വേണ്ടെന്നു പറഞ്ഞതു/നീയാണ്. (എന്തുകൊണ്ട്/കാലം ഘടികാരം)
കവിതയുടെ ശബ്ദകോശം
കാവ്യ ആധികാരികതയുടെ ശബ്ദകോശങ്ങള്‍ കവിതയിലും ജീവിതത്തിലും മരണത്തിലും ഒരുപോലെ ഒട്ടിച്ചുചേര്ത്തുവെന്നതാണ് അയ്യപ്പന്റെ കരുത്ത്. കാവ്യസിദ്ധാന്തങ്ങളെക്കുറിച്ചുളള അമിതബോധങ്ങള് കുടഞ്ഞെറിയാന്‍ പുതുനിരയിലെ കവികള്‍ക്ക് ധൈര്യം പകര്‍ന്നതും ഈ കവിയാണ്. കാവ്യപാരമ്പര്യം അഞ്ചുമീറ്റര്‍ നീളമുളള ഒരു സാരി പോലെയാണെന്നും അതു ഉടുത്തു മുഷിഞ്ഞ് പിഞ്ഞിയിരിക്കുന്നുവെന്നും തിരിച്ചറിഞ്ഞ ഈ കവി കവിതയെന്ന മാധ്യമത്തെ താന്‍ സ്വതന്ത്രനായിരിക്കുന്നതുപോലെ സ്വതന്ത്രമാക്കി. അയ്യപ്പനെക്കുറിച്ചുളള ഓര്‍മ്മയുടെ തിളക്കങ്ങള്‍ വാസ്തവത്തില്‍ കവിതയില്‍ മാത്രം ഒതുക്കി നിര്ത്തേണ്ടുന്നതല്ല. ഇന്ന് ഒരു സ്കൂള്‍ ഓഫ് പൊയട്രി ആരംഭിച്ചാല്‍ ഒ.എന്‍.വി ക്കോ മറ്റാര്‍ക്കോ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗബലങ്ങള് അയ്യപ്പന്റെ സ്കൂള്‍ ഓഫ് പൊയട്രിക്ക് ലഭിക്കും. കാരണം അക്കാഡമിക് ഗുണ്ടായിസങ്ങളെയും ഷെയ്പ്ഡ് സെല്‍ഫ് സ്യൂട്ട്സ് ഗവേഷണങ്ങളെയും ഉപേക്ഷിച്ച ഒരു കവിയാണ് എ.അയ്യപ്പന്. അതുകൊണ്ടുതന്നെ മനുഷ്യനും സൗഹൃദവുമൊക്കെയാണ് ഈ കവിയെ അടയാളപ്പെടുത്തിയ ആദ്യ മാധ്യമങ്ങള്‍.
മലയാള കവിതയില്‍ പരന്നുപരന്നുപോകുന്ന സൗന്ദര്യമാണ് എ.അയ്യപ്പന്. കവിതയിലെ അര്‍ത്ഥവത്തായ ദിശാപരിണാമത്തെ കാണിച്ചുകൊണ്ടായിരിക്കണം ഒരു പക്ഷേ സെബാസ്റ്റ്യന്‍ എഡിറ്റു ചെയ്ത അയ്യപ്പനെക്കുറിച്ചുളള കവിതകളുടെ പുസ്തകം ഹരിതം ബുക്സ് പ്രസിദ്ധീകരിച്ചതുപോലും. ചെന്നിനായകത്തിന്റെ മുലകള്‍ എന്നു പേരിട്ടിട്ടുളള ഈ പുസ്തകത്തില്‍ അയ്യപ്പനോടുളള പുതിയ തലമുറയുടെ ആദരവ് പ്രകടമാണ്. ഈ കവിയുടെ ഒരൊറ്റ വരിപോലും മലയാള കവിതയിലെ ഒരു ചാപിളളകള്‍ വിചാരിച്ചാലും കേരള ഭൂമിയുടെ അച്ചുതണ്ടില്‍ നിന്നും തെറിപ്പിച്ചുകളയാനാവില്ല. മലയാള കവിതയിലെ ധീര സാന്നിദ്ധ്യമായിരുന്നു അയ്യപ്പന്. അതുകൊണ്ടുതന്നെ അര്‍ത്ഥവത്തായ സ്ഫോടനങ്ങള്‍ സൃഷ്ടിക്കാനും കവിതയിലെ വിഷമപ്രശ്നങ്ങളെ (ജീവിതത്തിലെയും) മുഴുത്ത ഹ്യൂമറുകള്കൊണ്ട് അതിജീവിക്കുകയും ചെയ്തു. മലയാള കവിതയെ ഒരു തരം ക്ലാസിക് നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്താനും ഈ പുരുഷായുസ്സിനു കഴിഞ്ഞു. മലയാള കവിതയിലെ പ്രമാണിമാരായ ചില കവികള്‍ ജീവിച്ചിരുന്നപ്പോള്‍ തങ്ങളുടെ ഉമ്മറപ്പടികളില്‍ പോലും കയറ്റിയിരുത്തിയിട്ടില്ലെന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ അയ്യപ്പയണ്ണന് പറഞ്ഞിട്ടുണ്ട്. അവരുടെ എത്ര രാകിയിട്ടും മൂര്ച്ചപ്പെടാത്ത കാവ്യ സാമഗ്രികള്‍ അടിച്ചോണ്ടു പോകുമെന്ന ഭീതിയായിരിക്കുമെന്നുളള സാന്ദര്‍ഭികമായ ഹ്യൂമറുകള്‍ കൊ ണ്ടാണ് ആന്തരിക ആഘാതങ്ങളെ അയ്യപ്പന് പരിചരിച്ചിരുന്നത്.
അയ്യപ്പന്റെ ജീവിതത്തിന്റെ സൗന്ദര്യമേ തീര്‍ന്നിട്ടുളളൂ. കവിതയുടെ സൗന്ദര്യം നമ്മെ ബലമായി വന്ന് ചുറ്റിപിടിക്കുകയും നമ്മുടെ വെല്‍ ഡ്രസ്സ്ഡ് കാവ്യ ഉന്തലുകളെ തട്ടിതെറിപ്പിക്കുകയും ചെയ്യും. കവിത വെറുതെ വീര്‍പ്പിച്ചു പിടിക്കാനുളള പദസമുച്ചയങ്ങളല്ലെന്നും ഗൃഹപാഠങ്ങളുടെ സെന്സിബിലിറ്റിയാണെന്നും പറ ഞ്ഞു തരികയായിരുന്നു ഈ ക വി. ഇത്രയും കവിതകളെഴുതിയി ട്ടും കവിതയിലെ സ്ഥിരം പ്രാക്ടീഷണര്‍ ആയിരുന്നിട്ടും അയ്യപ്പന് ല ഭിച്ചത് വിരലില്‍ എണ്ണാവുന്ന പുരസ്കാരങ്ങളും ആദരവുകളുമാണ്. ഈ കവി സഞ്ചരിച്ചത് കവിതയ്ക്കു പിറകെയാണ് എന്നുളളതിന്റെ തെളിവാണിത്. പുരസ്കാരങ്ങള്‍ക്കും, അംഗീകാരങ്ങള്‍ക്കും റിവ്യൂസിനും അഭിമുഖങ്ങള്‍ക്കും പിന്നാലെ പോകുന്ന പല കവികളും ഇന്ന് ശൂന്യരായ ലിപി നിര്‍മ്മാതാക്കളാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കവിതയുടെ പ്രവാഹ സന്നദ്ധമായ മനസ്സുസൂക്ഷിച്ച എ.അയ്യപ്പന്റെ കവിതയ്ക്കെതിരെ പോരാടിയ ചില പ്രമുഖ കവികളുണ്ട്. അവരില്‍ പലരും പിന്നീട് അയ്യപ്പന്റെ കാവ്യ പ്രദക്ഷിണങ്ങള്‍ കണ്ട് വിസ്മയഭരിതരായി. അയ്യപ്പന്റെ കവിതകള്‍ക്കു മുമ്പില്‍ മലര്‍ന്നു വീണതായും അയ്യപ്പന് ഒരിക്കല്‍ പറയുകയുണ്ടായി.
ജ്യാമിതികള്ക്കായുളള
വിയോജന രേഖകള്‍
അയ്യപ്പന് കവിതയെഴുത്ത് ഒരു പരിപാടി ഒന്നുമായിരുന്നില്ല. ഉളളിന്റെ മഹാക്ഷോഭങ്ങളെയും ജീവിക്കുന്ന പരിസരത്തിന്റെ കടുംപിടിത്തങ്ങളെയും ഭാഷയില്‍ കോ ര്ത്തുവയ്ക്കുകയായിരുന്നു. കവിതയിലെ ധാര്‍മ്മിക പ്രേരണകളുടെയും സര്‍ഗ്ഗാത്മ ക നേട്ടങ്ങളുടെയും ആള്‍രൂപമായിരുന്നു എ.അയ്യപ്പന്. അയ്യപ്പനെതിരെയുളള സാം സ്കാരിക കിരാത അവസ്ഥകള്‍ അയ്യപ്പനെ ഇഷ്ടപ്പെട്ടിരുന്നവരെ ഞടുക്കികളഞ്ഞതിന്റെ ഓര്‍മ്മകള്‍ ഇനിയും മാഞ്ഞിട്ടില്ല. പക്ഷേ, കവിതകൊണ്ട് പരപീഡനങ്ങള് ചികിത്സിച്ചു മാറ്റാനാകുമെന്ന് മലയാളിയെ പരിശീലിപ്പിച്ചത് ഈ കവിയാണ്.
കവിതയുടെ രൂപരേഖകളും ജ്യാമിതികളും പ്രബലമായിരിക്കുന്ന കാലത്ത് കവിതയ്ക്ക് പ്രത്യേക അളവുകളും തൂക്കങ്ങളുമൊന്നും ആവശ്യമില്ലായെന്നു പറഞ്ഞു കടന്നുപോകുകയല്ല ചെയ്തത്. മറിച്ച് അക്ഷരങ്ങള്‍കൊണ്ട് അത് വരച്ചുകാണിച്ചു. ഇത് അയ്യപ്പന് തീര്‍ത്ത ഏറ്റവും വലിയ പൊയറ്റിക് സ്പെക്ട്രമാണ്. (Poetic Spectrum).ശരിക്കു പറഞ്ഞാല്‍ കവിതയിലെ നിര്‍ബന്ധങ്ങള്‍ ആരംഭിക്കുന്നത് അയ്യപ്പനില്‍ നിന്നാണ്. ഫിക്ഷണല്‍ പൊയട്രിയുടെ (Fictional Poetry) ഒരു വരിപോലും അയ്യപ്പന്റെ കാവ്യ ഉപഹാരങ്ങളില്‍ നിന്നും നമുക്ക് കടമെടുക്കാനാവില്ല. ഭാഷയെ ഒരു യന്ത്രമായി കാണാത്തതുകൊണ്ടായിരിക്കാം ഒരുപക്ഷേ എഴുത്തില്‍ ഇയാള്‍ തോറ്റുപോകാതിരുന്നത്.
വളരെ ദീര്‍ഘമായ മൗന നടപടികളൊന്നുമില്ലാതെ തന്റെ മുഴുവന്‍ ഊര്‍ജ്ജത്തെയും താന്‍ കുറിക്കുന്ന വരികളില്‍ ലയിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ അയ്യപ്പന്റെ ഒട്ടുമിക്ക കവിതകളും (ഉദാ:-അത്താഴം) ഒരു വലിയ സ്ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങളുടെ ശരിപകര്പ്പുകളായി നമ്മുടെ ഉളളില്‍ സ്ഥാനം പിടിക്കുന്നു. അക്ഷരങ്ങളുടെ മലിനസ്നാനങ്ങളെക്കുറിച്ച് നിരന്തരം ആകുലപ്പെടുകയും കാലപ്പഴക്കങ്ങളെ കവിതകൊണ്ട് തേച്ചു മിനുക്കുകയും ചെയ്തു ഈ കവി. കാലവും മരണവും അതിന്റെ വിഭിന്ന മുഖങ്ങള്‍ പ്രദര്ശിപ്പിച്ചുകൊണ്ടേയിരിക്കും. അപ്പോഴും കവിതയിലെ ഈ ഒറ്റയാന് കൊത്തിയ കവിതകള്‍ ക്ഷയിക്കാതിരിക്കും, തീര്‍ച്ച. ഒപ്പം ഒരു അരാജക കാലഘട്ടത്തിന്റെ പ്രതീകങ്ങളായ ജോണ്‍ എബ്രഹാമും, സുരാസുവും, ചുളളിക്കാടും, വി.ജി.തമ്പിയും ഈ കവിതകളിലൂടെ പുനര്‍ നിര്‍വചിക്കപ്പെടും.