കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ലെവല്‍ വണ്‍ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ അര്‍ഹയായത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ (NSCFDC) ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി വനിതാ വികസന കോര്‍പ്പറേഷനെ തെരഞ്ഞെടുത്തത്.
കൃത്യമായ ആസൂത്രണത്തോടെ വനിത വികസന കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌കാരമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി, പൊതു വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍, വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ വലിയ പുരോഗതി കൈവരിക്കുന്നതിന് കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലേയും വനിതകളുടെ പ്രശ്‌നങ്ങള്‍ ഒരു പോലെ അഭിസംബോധന ചെയ്യുന്നതിന് വനിതാ വികസന കോര്‍പ്പറേഷന് കഴിഞ്ഞു. 35 കോടി രൂപയായിരുന്ന ശരാശരി വായ്പ വിതരണം 100 കോടി രൂപയിലേറെയായി ഉയര്‍ത്താനും സാധിച്ചെന്ന് മന്ത്രി വ്യക്തമാക്കി.