ഒറ്റവഴിയിലെ വീട്

437
0

പൂന്തോട്ടത്തു വിനയകുമാർ

പത്രതാളുകളിലെ ചെറിയ അക്ഷരങ്ങളിലൂടെ ജലീൽ മാഷിന്റെ കണ്ണുകൾ ഓടിനടന്നു.വളരെ സൂക്ഷ്മമായി …പത്താം ക്ലാസിന്റെ പരീക്ഷാ ഫലം വന്ന ദിവസമാണിന്ന്. നൂറുമേനി നേടിയ സ്കൂളുകളുടെ പേരുകളുടെ കൂട്ടത്തിൽ തന്റെ സ്കൂളിന്റെയും പേരുണ്ടാവണമേ എന്ന പ്രാർത്ഥനയോടെ .ജിജ്ഞാസയുടെ ശാല്മലീപർവ്വ ശിലകൾ തകർത്തുകൊണ്ട് മാഷ് തിരിച്ചറിഞ്ഞു.. ഇല്ല നൂറു ശതമാനപ്പട്ടികയിൽ തന്റെ സ്കൂൾ ഇല്ല..പക്ഷെ , തൊണ്ണൂറ്റിഒൻപതു ശതമാനം നേടിയ പട്ടികയിലായിപ്പോയി അദ്ദേഹം പ്രധാന അദ്ധ്യാപകനായ സ്കൂൾ…
നൂറ്റിനാല് കുട്ടികളാണ് പരീക്ഷയ്ക്കിരുത്തിയത് . ഒരുപാട് പേരുടെ അശ്രാന്ത പരിശ്രാന്ത ഫലസമാപ്തി അതായിരുന്നു ഇപ്പൊ പേജുകളിൽ നിറഞ്ഞുകൊണ്ടിരുന്നത്.കഴിഞ്ഞ വർഷത്തെ റിസൾട്ട് തൊണ്ണൂറ്റിനാല്
ശതമാനമായിരുന്നു…. ഇത്തവണ ഒരു കുട്ടി തോറ്റിരിക്കുന്നു..! ആ പരാജിതൻ ആരായിരിക്കും..??
അതോടെ കാലത്തേ ആവേശം കെട്ടടങ്ങി .നിരാശയുടെ പടുകുഴിയിലേക്ക് ജലീൽ മാഷ് മൂക്കുകുത്തി വീണു. പുറത്തുള്ള വിജയാരവങ്ങൾക്കു ചെവികൊടുക്കാൻ അദ്ദേഹത്തിന്റെ മനസ് വിസമ്മതിച്ചു. മനസിന്റെ കെട്ടുപൊട്ടിച്ച് അദ്ദേഹത്തിന്റെ ദേഷ്യവും സങ്കടവും എല്ലാം പുറത്തുചാടി… പത്രക്കടലാസുകളിലെ അക്ഷരങ്ങൾ അദ്ദേഹത്തെ നോക്കി പല്ലിളിക്കുന്നതുപോലെ ജലാൽ മാഷിന് തോന്നി. ജലീൽ മാഷിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. മാഷ് രജിസ്റ്റർ നമ്പർ ഒന്നൊന്നായി ചികഞ്ഞു. പത്തു ഡിയിലെ രമേശൻ .എസ്.ആണ് ആ
വില്ലൻ .
ജലാൽ മാഷ് ഓർത്തു ഇതുവരെ അവന്റെ വീട്ടിൽ മാത്രം പോയിട്ടില്ല. ഒരുവിധം പഠിക്കുന്ന കുട്ടിയായിരുന്നു…
ഉറക്കച്ചടവോടെ അലസമായിരിക്കുന്ന ചെമ്പൻ മുടിയുള്ള രമേശൻ മാഷിന്റെ മനസ്സിലേക്കോടിയെത്തി.ബുക്കുകൾ പരിശോധിച്ചപ്പോൾ വീട്ടിലെ രക്ഷാകർത്തുകളുടെ സമ്പർക്ക ലിസ്റ്റിൽ രമേശന്റെ രക്ഷകർത്താക്കളുടെ മൊബൈൽ നമ്പർ ശൂന്യം…. മാഷിന് ദേഷ്യം ഇരട്ടിച്ചു “ഇതാരാണ് ഇതുവരെ ഫിൽ ചെയ്യാതിരുന്നത്….”- മാഷിന് അകെ വല്ലായ്മ തോന്നി.അവനെ ഇപ്പോൾ മുന്നിൽ കിട്ടിയാൽ അവനെ…അദ്ദേഹം പല്ലിറുമ്മി…ചെകുത്താൻ ഒരുത്തൻ കാരണം സ്കൂളിന്റെ സൽപ്പേര് കളഞ്ഞു കുളിച്ചിരിക്കുന്നു…..അമ്മനും അമ്മയും കഷ്ട്ടപ്പെട്ടു തീറ്റകൊടുക്കുന്നതും കഴിച്ചു മൊബൈലിലും കളിച്ചു നടന്നു കാണും ..തെമ്മാടി . മാഷിന്റെ മനസ്സിൽ വെറുപ്പിന്റെ ജ്വാലകൾ ആളിക്കത്തി … അദ്ദേഹത്തിന്റെ മനസ്സിൽ സമ്പൂർണ്ണ വിജയത്തിന്റെ നഷ്ട്ടബോധത്താൽ കാർമേഘങ്ങൾ ഇരുണ്ടു മൂടി
…അവ കരിനാഗ മേഘങ്ങളായി അദ്ദേഹത്തിന്റെ ഉള്ളിൽ ഉഗ്രവിള്ളലുകൾ സൃഷ്ട്ടിച്ചു. അസ്വസ്ഥമായ മനസ് അതിന്റെ പടു ഗിരി ശൃംഗങ്ങളിൽ അലക്ഷ്യമായി ഉഴറി അലഞ്ഞു.അവിടെ അതിശക്തമായ മാനസിക സംഘർഷത്തിൽ നട്ടം തിരിഞ്ഞു. കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും പരീക്ഷാ ഫലം ആഘാതങ്ങൾ സൃഷ്ട്ടിക്കുമെന്ന തിരിച്ചറിവ് മാഷിന് ഉണ്ടായി ദേഷ്യത്തിന്റെ കാടിന്യം തെല്ലു ശമിച്ചപ്പോൾ മാഷ് അവന്റെ വീട് വരെ പോകാൻ തന്നെ തീരുമാനിച്ചു .വിളിച്ചോണ്ട് പോകാമെന്നു വെച്ചാൽ എല്ലാവരും തിരക്കിലുമാണ് .തപ്പിപ്പിടിച്ചു വേണം വീട് കണ്ടെത്താൻ സലോമി ടീച്ചർ പറഞ്ഞു കൊടുത്തതാണ് ..ഏകദേശ വഴി കുറച്ചു ഉള്ളിലത്രേ…ടീച്ചര് പോയിട്ടില്ല.പലപ്പോഴും അവൻ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറിയത്രെ.ഉഴപ്പു അറിഞ്ഞാൽ വീട്ടുകാർ നല്ല തല്ലുകൊടുക്കുമായിരിക്കും ടീച്ചർ പറഞ്ഞു ചിരിച്ചു….ഇന്ന് അവനു രണ്ടു പെട അവന്റെ അപ്പന്റെ കൈയിൽ നിന്നുതന്നെ വാങ്ങിക്കൊടുക്കണം .അദ്ധ്യാപകർ റിസൾട്ട് വന്നതിന്റെ തിരക്കിൽ ….എന്തായാലും അവനെ കണ്ടു പിടിച്ചു സ്കൂളിലെത്തിച്ചു അധ്യാപകരോട് മാപ്പു പറയിക്കണം അദ്ദേഹം മനസ്സിൽ ഉറച്ചു.നാല് കിലോമീറ്റർ അദ്ദേഹത്തിന്റെ വാഹനം എത്തിയപ്പോൾ ഒരു ഇടവഴിയിലെത്തി തിരിയുന്ന സ്ഥലം സലോമി ടീച്ചർ അടയാളമായി പറഞ്ഞിരുന്നു .അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോൾ കുറെ ആലോചിച്ച ശേഷം പൊന്തപ്പുല്ലുകൾ നിറഞ്ഞു നിൽക്കുന്ന ഒരു ഇടവഴി ചൂണ്ടി അയാൾ പറഞ്ഞു..“ശങ്കരന്റെ മകൾ സുമതിയുടെ വീടാണ്….അത് കുറെ പോണം ….നേരെപൊക്കോ….വഴിയിൽ പാമ്പൊക്കെ കാണും ഒരു കമ്പു കൈയിൽ കരുതിക്കോ
..””-.പറഞ്ഞയാൾ അകന്നു പോയി.മാഷിന് പേടി തോന്നി. ഒരുത്തൻ തോറ്റെങ്കിലും പോട്ടെ …മാഷ് ഒരു വേള സംശയിച്ചു.ഒരുതരത്തിൽ പറഞ്ഞാൽ ഒറ്റയ്ക്ക് ഈ കാടുപിടിച്ച സ്ഥലത്തുകൂടി എന്തിനു പോകണം… തിരിച്ചു പോയാലോ..വേണ്ട ..ഏതായാലും ഇറങ്ങിയതല്ലേ …പോകാം …ജലീൽ മാഷ് പൊന്തക്കാടുകൾ വകഞ്ഞിമാറ്റി കഷ്ട്ടിച്ചു ഒറ്റയ്ക്ക് ഒരാൾക്ക് പോകാവുന്ന ഒറ്റ വഴിയിലൂടെ നടന്നു..ഇവർ എന്തിനാ വീട് ഇത്ര അകലെകൊണ്ടു വെക്കുന്നത്….അപ്പന് വല്ല കള്ള വാറ്റുമായിരിക്കും.അതാകുമ്പോൾ പെട്ടെന്ന് പൈസ ഉണ്ടാക്കാമല്ലോ.പത്തിൽ തോറ്റ മകന്റെ ഗതിയും ഇത് തന്നെ.
കള്ളവാറ്റുകാരനായ ആ അപ്പന്റെ മുഖമടച്ചു നാലെണ്ണം പറയണം ഇന്നലെ ഏതാണ്ട് മനസിന് സമാധാനമായ്ക്കൂ. പൊന്തക്കാടിനുള്ളിൽ എന്തോ അനങ്ങി…ജലീൽ മാഷ് കൈയിലുരുന്ന കൊന്ന മരത്തിന്റെ ചെറുകമ്പിൽ മുറുകെ
പിടിച്ചു.ഏതോ ജീവി ഇരപിടിച്ചതുപോലെ ഇരയായ ജീവി കുതറുന്ന ഒച്ചകൾ .മാഷ് നടത്തത്തിനു വേഗത കൂട്ടി. ഇടയ്ക്കിടയ്ക്ക് മാഷ് തിരിജ് നോക്കുന്നുണ്ടായിരുന്നു… ഇടയ്ക്കു ഒരു നായ എന്തിനെയോ ഓടിച്ചു മാഷിന്റെ മുന്നിലൂടെ അതിവേഗം ഓടിപ്പോയി…. മാഷ് നടുങ്ങി …കിതച്ചു…പിന്നെ ഓർത്തു താൻ പഠിപ്പിക്കലല്ലേ ഉള്ളൂ …പഠിക്കാറില്ലല്ലോ…ഇത്തരം അനുഭവങ്ങൾ തമ്പുരാൻ തനിക്കു വേണ്ടി ഒരുക്കിയതാവും…ഇടതു വശത്തെ കാട്ടുവള്ളി പ്പടർപ്പുകൾക്കിടയിൽ എന്തിനെയോ ഞരക്കങ്ങൾ…പണ്ട് കുട്ടിക്കാലത്തു കണ്ട സ്വപ്നങ്ങളിലെ ഗതികിട്ടാതെ അലയുന്ന ആത്മാക്കളെ മാഷ് ഭയപ്പാടോടെ മനസ്സിൽ കണ്ടു.കാറ്റാടിക്കപ്പോൾ ചിറകടിച്ചു പറന്ന പക്ഷികളുടെ സൗന്ദര്യമല്ല, മറിച്ചു അപശകുനങ്ങളുടെ സങ്കേതകലവറയായാണ് അദ്ദേഹത്തിന് അത് തോന്നിയത്…ചിലേടത്തു ഇരുൾ വീണു കിടക്കുന്നു.മരങ്ങൾ വളർന്നു പന്തലിച്ച മരങ്ങളുടെ ചുവട്ടിലോടെ ഏതോ ഒരു ഉൾപ്രേരണയാൾ മാഷ് അതിവേഗം നടന്നു.എത്രദൂരം നടന്നു എന്ന് മാഷിന് തന്നെ അറിയില്ല വളരെ കുറച്ചു വീടുകൾ മാത്രമാണ് താൻ പിന്നിട്ടത്. ഇപ്പൊ ഏതാണ്ട് അരമണിക്കൂറിൽ ഏറെ ആയിരിക്കുന്നു ഒരു വീടുപോലും കാണുന്നുമില്ല…അപ്പോഴാണ് ഒരു തോട് ഒഴുകുന്നത് മാഷിന്റെ ശ്രദ്ധയിൽ പെട്ടത്.അതിന്റെ കരയിലൂടെ പിന്നെയും മുമ്പെക്കു നടന്നപ്പോൾ ഒരു നീല ടാർപോളിൻ കെട്ടി മറച്ച പച്ചക്കട്ട കെട്ടിയ ഒരു ചെറിയ കുടിൽ കണ്ടു .ചിലപ്പോൾ ആരെകിലും ഉപേഷിച്ച കുടിൽ ആയിരിക്കാം,ഒരു ഒറ്റമുറിയും ചെറിയ ചായ്പ്പും ഉള്ള കൂര.ആരോ പാചകം ചെയ്യുന്നുണ്ടെന്ന്ജലീൽമാഷിന് തോന്നി.കാരണം ചായ്പ്പിൽ നിന്നും പുകഉയരുന്നുണ്ട്….ഇനി ആരെങ്കിലും കള്ള ചാരായം വാറ്റുകയോ മറ്റോ ആണോ..?
അടർന്നുപോയ മുറ്റത്തിന്റെ ഒരുഭാഗത്തു നിന്ന് ധൈര്യം കൈവെടിയാതെ മാഷ് വിളിച്ചു ചോദിച്ചു .”ഇവിടെ ആരുമില്ലേ…..?”-അകത്തുനിന്നു എട്ടോ ഒമ്പതോ വയസുള്ള ഇരുനിറമുള്ള ഒരു പെൺകുട്ടി കൈയിൽ ഒരു തവിയുമായി പുറത്തേക്കു വന്നു…അവളുടെ അശ്രദ്ധമായ തലമുടിയിഴകളിൽ ചാരം താങ്ങി നിന്നിരുന്നു…അടുപ്പിൽ ഊതിയതിന്റെ ബാക്കി പാത്രമായി അവളുടെ കുഞ്ഞിക്കണ്ണുകൾ ചുവന്നിരുന്നു …എണ്ണപുരളാത്ത ചെമ്പൻ മുടിയിഴകൾ അവളുടെ മുഖത്ത് പാറിയിട്ടുണ്ടായിരുന്നു…
“രമേശന്റെ വീട്.”-
മുഷിഞ്ഞ ഉടുപ്പിൽ കൈകൾ തുടച്ചു അവൾ പറഞ്ഞു.
“ചേട്ടായി പണിക്കു പോയതാ….പുഴക്കക്കരെയുള്ള വീട്ടിൽ പുല്ലുചെത്തിക്കൊടുക്കാൻ പോയതാ …. വരാറായിട്ടുണ്ട്.”-…മുറ്റത്തു കിടന്ന രമേശൻ ഉണ്ടാക്കിയതായിരിക്കണം മുള കമ്പു കൊണ്ടു ഉണ്ടാക്കിയ ബെഞ്ചിൽ
മാഷ് ഇരുന്നു… “ആരൊക്കെയുണ്ട് ഇവിടെ ….”-
“അമ്മ …”- അവൾ ഒറ്റമുറിയുടെ അകത്തേക്ക് നോക്കി കൈ ചൂണ്ടി…
അയാൾ അകത്തേക്ക് എത്തി നോക്കി. പിറുപിറുത്തു കൊണ്ടു ഒരുകീറപ്പായയിൽ കിടക്കുന്ന ഒരു സ്ത്രീ രൂപം …അവരുടെ കാലിൽ ചങ്ങലയുടെ വൃണപ്പാടുകൾ.നെഞ്ചും കൂടിനകത്തിരുന്നു മൃദുല മാംസപേശികളുടെ ഇടയിലുരുന്നു കുഞ്ഞൻ എല്ലുകൾ നുറുങ്ങുന്ന വേദന മാഷിനെ പിടികൂടി. അപ്പൻ മരിച്ചുപോയതിനു ശേഷം അമ്മ ഇങ്ങനെ ആയെന്നത്രെ ഇറങ്ങിപ്പോകാതിരിക്കാൻ ചെറിയ തുടലുകൊണ്ടു പൂട്ടിയിട്ടിരിക്കുന്നു.. ജലീൽ മാഷിന്റെ മനസ് ആർദ്രമായി….അള്ളാ.എന്തെ എനിക്ക് ഇവിടെ നേരത്തെ വരാൻ തോന്നിയില്ല..തന്റെ മകളേക്കാൾ പ്രായം കുറഞ്ഞ കുഞ്ഞല്ലേ ഇവൾ…… കരളിന്റെ കനൽ എരിയുന്ന പുതിയ അറിവുകൾ മാഷിന്റെ മനസ്സിൽ നൊമ്പരപ്പാടുകൾ സൃഷ്ട്ടിച്ചു.. ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ,ഒരുകെട്ടു ഉണങ്ങിയ മരക്കൊമ്പുകൾ തലയിൽ ഏന്തി രമേശൻ നടന്നു വരുന്നത് കണ്ടു….
അവൻ അകെ അങ്കലാപ്പിലായി… “സർ …””-
അവിടെ ഒരിക്കലും ജലീൽ മാഷിനെ പ്രീയതീക്ഷിച്ചിരുന്നില്ലോ അവിടെ… അവൻ വിറകു താഴേക്കിട്ടു…
കൈയിൽ ഒരു പൊതി …അത് അവൻ കരുതലോടെ പെങ്ങൾ കുട്ടിക്ക് നേരെനീട്ടി.ഇടം നെഞ്ച് പൊട്ടിയാണ് ജലീൽ മാഷ് ആ കാഴ്ച കണ്ടത്. വിശപ്പാണ് ഏറ്റവും മഹത്തരമായ പഠിപ്പ് സത്യം ജലീൽ സർ മനസ്സിലാക്കുകയായിരുന്നു
അവനു കഴിക്കാൻ കിട്ടിയ ആഹാരമാണ് എവിടെ നിന്നോ.രണ്ടു വിശക്കുന്ന വയറുകൾ അവന്റെ വിശപ്പിന്റെ അവൻ അവഗണിച്ചിരിക്കുന്നു…..പറയാനും ചോദിക്കാനും കരുതിവെച്ചിരുന്ന നിമിഷം കൊണ്ട് മാഷ്
മറന്നു…. അവിടെ സങ്കടകടലിന്റെ തിരയോട്ടം മാത്രം ഇപ്പോൾ. സ്വന്തം വിശപ്പിനെ അവഗണിക്കുന്നതിനു തയ്യാറായ കുരുന്നിന്റെ മാനസിക ചിന്തകൾക്ക് മുമ്പിൽ ജലീൽ മാഷ് ഒന്നുമല്ലാതായി.. ജലീൽ മാഷ് അവനെ ഒരു മകനെയെന്ന വണ്ണം കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

താൻ നല്ല ഒരു അധ്യാപകനാണെന്നു സ്വയം വിശ്വാസം തെറ്റാണെന്നു അദ്ദേഹത്തിന് തോന്നി. രമേശിനെപ്പോലെ എത്രയോ കുഞ്ഞുങ്ങൾ നമ്മൾ അറിയാതെ ഉണ്ടാവും….ദൈവമേ . ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങളെ താൻ
എന്തുകൊണ്ട് കാണാൻ ശ്രമിച്ചില്ല..അയാൾ സ്വയം വെന്തുരുകി…അവന്റെ തലയിൽ കൈ വെച്ച് അദ്ദേഹം വിതുമ്പി…
“നീയാണ് ശരിക്കും ജയിച്ചിരിക്കുന്നത്…പരാജയം ഞാനാണ്, ഞങ്ങളാണ് ..സ്കൂളിലെ വിജയം ഒരു വിജയമേയല്ല ..അവിടെ നിറശോഭയോടെ ഞങ്ങൾക്ക് മാതൃകയായി നീ എന്നും ഞങ്ങളോടൊപ്പമുണ്ടാകും…””-കണ്ഠമിടറി
മാഷിന്റെ വാക്കുകൾ മുറിഞ്ഞു ..ഹൃദയത്തിന്റെ ഉള്ളിൽ നിന്നും വന്ന തേങ്ങലുകൾ അടക്കാൻ മാഷ് വൃഥാ ശ്രമിച്ചു പാഴായി..നിർവികാരതയോടെ തലങ്ങളിൽ ചേക്കേറി രമേശനും ഒന്നുമൊന്നും മനസിലാകാതെ ,ചെറിയ
മുഴിഞ്ഞ പെറ്റിക്കോട്ടിട്ട അനിയത്തിക്കുട്ടി എന്താ കഥയെന്നറിയാതെ കഞ്ഞി വേവിക്കാനുള്ള തിടുക്കത്തിലുമായിരുന്നു . ജലീൽ മാഷ് തിരികെ വീട്ടിലേക്കു നടക്കുമ്പോൾ ഇനി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ കൃത്യമായും അദ്ദേഹം ഉറപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ കണ്ണുകളിൽ വലുപ്പമുള്ള കണ്ണീർതുള്ളികൾ അപ്പോഴും തങ്ങിയിരുന്ന് കൊണ്ട് മുമ്പോട്ടുള്ള വഴിയിലെ കാഴ്ചകളെ അവ്യക്തമാക്കിയിരുന്നു.