അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍ വകുപ്പ് . ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക് ഡൗണിലും ട്രിപ്പിള്‍ ലോക്ക് ഡൗണിലും ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് മുഴുവന്‍ ജില്ലകളിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥ സംഘം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിദിന മേല്‍നോട്ട നിര്‍ദേശങ്ങള്‍ നല്‍കി ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്രയും മുന്നിലുണ്ട്.
ഇതിനോടകം 70,000ത്തിലേറെ ഭക്ഷ്യ കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞത്. അതിഥി തൊഴിലാളികള്‍ക്ക് തയാറാക്കിയ ഭക്ഷ്യകിറ്റുകളുടെ വിതരണം ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പൂര്‍ണ്ണ തോതിലാക്കി തൊഴില്‍ വകുപ്പ് മുന്നോട്ട് പോകുന്നത്. ലേബര്‍ കമ്മീഷണറുടെ നിര്‍ദേശത്തിന്റെയടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും എത്ര കിറ്റുകളാണ് വേണ്ടി വരുന്നതെന്ന് ബന്ധപ്പെട്ട റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന് കണക്കുകള്‍ ലഭ്യമാക്കിയ സാഹചര്യത്തില്‍ ലഭിച്ച കിറ്റുകളാണ് വിതരണം ചെയ്തു വരുന്നത്.
പത്തനംതിട്ട, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലാ ലേബര്‍ ഓഫീസുകള്‍ ഉള്‍പ്പെട്ട കൊല്ലം റീജണില്‍ ലഭിച്ച കിറ്റുകളുടെ എണ്ണം 14721 ആണ്.19.05.2021 വരെ ലഭ്യമായ കിറ്റുകളില്‍ 14706 എണ്ണം അതിഥി തൊഴിലാളികള്‍ക്കായി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് കൊല്ലം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ശങ്കര്‍ അറിയിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട് ജില്ലകളുള്‍പ്പെടുന്ന എറണാകുളം മധ്യമേഖലാ റീജണില്‍ ലഭിച്ച 31330 കിറ്റുകളില്‍ മുഴുവന്‍ കിറ്റുകളും വിതരണം ചെയ്തുകഴിഞ്ഞുവെന്ന് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്,മലപ്പുറം ജില്ലകളുടെ ചുമതലയുള്ള കോഴിക്കോട് ഉത്തരമേഖലാ റീജണില്‍ ആവശ്യപ്പെട്ട ഭക്ഷ്യ കിറ്റുകളില്‍ ലഭ്യമായ 25454 എണ്ണത്തില്‍ 25423 എണ്ണം വിതരണം ചെയ്തു കഴിഞ്ഞതായി റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം.ജി.സുരേഷ് അറിയിച്ചു.
മൂന്നു മേഖലകളിലും അതിഥി തൊഴിലാളികള്‍ക്കായി വിതരണം ചെയ്യുന്നതിന് തുടര്‍ന്നും വേണ്ടി വരുന്നതനുസരിച്ചുള്ള കിറ്റുകളുടെ കണക്കുകള്‍ സപ്ലൈകോയ്ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യപ്പെട്ട കിറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അതത് ജില്ലകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാര്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നിര്‍ദേശപ്രകാരം വിതരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.
തോട്ടംമേഖലയില്‍മാനന്തവാടി,ആലുവ,നെന്മാറ,പീരുമേട്,പത്തനംതിട്ട,വണ്ടന്‍മേട്,മഞ്ചേരി,കല്‍പെറ്റ,മൂന്നാര്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ പരിധിയില്‍ ലഭ്യമായ ഭക്ഷ്യ കിറ്റുകളില്‍ 19.05.2021 വരെ 3171 എണ്ണം വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഭക്ഷ്യകിറ്റുകളില്‍ 710 എണ്ണം വിതരണം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് അറിയിച്ചു.
തോട്ടം മേഖലകളില്‍ മാസ് വാകിനേഷനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.കൊല്ലം, എറണാകുളം, കോഴിക്കോട് ലേബര്‍ റീജണുകളിലും തോട്ടം മേഖലയിലും വാക്സീന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തിവരുന്നു.അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിദിന ക്യാമ്പ് സന്ദര്‍ശനം നടത്തുന്നതോടൊപ്പം കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച ബോധവത്ക്കരണവും നടത്തുന്നു.ഹിന്ദി, ഒറിയ,ബംഗാളി, അസാമീസ്,തിഴ്, തെലുങ്ക് ഭാഷകളില്‍ തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍,ഹെല്‍പ് ഡെസ്‌ക്കുകളുടെ നമ്പരുകളടങ്ങിയ നോട്ടീസും അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, വെല്‍ഫെയര്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ കെ.ശ്രീലാല്‍,കെ.എം.സുനില്‍,രഞ്ജിത് മനോഹര്‍ എന്നിവര്‍ വിവിധ ജില്ലകളുടെ പ്രവര്‍ത്തന ഏകോപനവും വിലയിരുത്തലും ക്യാംപ് സന്ദര്‍ശനവും നടത്തി .പ്ലാന്റേഷന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നേതൃത്വം നല്‍കുന്നു.
അതിഥി തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് രോഗബാധയുണ്ടായാല്‍ പാര്‍പ്പിക്കുന്നതിനായി വിവിധ ജില്ലകളില്‍ ഡോമിസിലിയറി കെയര്‍ സെന്ററുകള്‍ തയാറാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളുടെ സഹായത്തോടെ ഇത്തരം കേന്ദ്രങ്ങളിലേയ്ക്ക് കൊവിഡ് രോഗികളാകുന്ന അതിഥി തൊഴിലാളികള്‍ക്ക് ചികിത്സയും താമസവുമൊരുക്കും. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥലം കണ്ടെത്തുന്നുതിന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്താകെ സംഘടിത-അസംഘടിത മേഖലകളിലായി ഇന്നലെവരെയുള്ള (20.05.2021) കണക്കുകള്‍ പ്രകാരം 188945 അതിഥി തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് നടത്തി വരുന്ന വിവര ശേഖരണം വഴി കണ്ടെത്തിയിട്ടുള്ളത്.