മികച്ച ആശയങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

318
0

നൂതനാശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകളേയും വ്യക്തികളേയും സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന മൂന്നു മാസത്തെ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തി അന്തിമ ഘട്ടത്തിലെ പരാജയം ഒഴിവാക്കുകയാണ് ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് (എഫ്എഫ്എസ്)’ എന്ന ഈ സൗജന്യ പരിപാടിയുടെ ലക്ഷ്യം.

തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, മാര്‍ഗനിര്‍ദേശകര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തുന്നതിനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളെ ശാസ്ത്രീയമായി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രോത്സാഹനമേകുന്ന നിരവധി സെഷനുകള്‍, ശില്‍പശാലകള്‍, വ്യക്തിഗത മെന്‍ററിംഗ് എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും. വിദഗ്ധര്‍ നിര്‍ദേശിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടിയാണ് മൂന്നുമാസത്തെ സൗജന്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുളള പ്രോഗ്രാം ഫീസ് സബ്സിഡിയായി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

മികച്ച ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളെ മിനിമം മൂല്യമുള്ള ഉല്പന്നങ്ങള്‍ (എംവിപി) എന്ന ഘട്ടത്തിലേക്കെത്തിച്ച് നിക്ഷേപം ഉള്‍പ്പെടെ സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ പ്രാപ്തമാക്കുന്നതിനാണ് പരിപാടി ഊന്നല്‍ നല്‍കുന്നത്.

പങ്കെടുക്കാനായി മെയ് 20 നു മുന്‍പ് www.bit.ly/ffspreincubation എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് 9447788422.