തമിഴകത്തെ അമ്പരപ്പിച്ച് സ്റ്റാലിന്റെ തുടക്കം

579
0

അച്ഛന്റെ പേന കൊണ്ട് ഉത്തരവുകൾ ഒപ്പിട്ടു; തമിഴകത്തെ അമ്പരപ്പിച്ച് സ്റ്റാലിന്റെ തുടക്കം
പത്തുവർഷക്കാലം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരം കിട്ടിയ ഡിഎംകെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വരവ് അതിഗംഭീരമാക്കുകയാണ്. ജനപ്രിയ–ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയാണ് പ്രതിസന്ധിയിലും സ്റ്റാലിൻ തുടങ്ങിയത്. അച്ഛൻ കരുണാനിധിയുടെ ഓർമകൾ ജ്വലിപ്പിക്കുന്ന വിധമാണ് ഓരോ നീക്കങ്ങളും. ആദ്യ ദിനം ഒപ്പുവച്ച അ‍ഞ്ച് ഉത്തരവുകളും കരുണാനിധി സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫൗണ്ടെയ്ന്‍ പേന കൊണ്ടായിരുന്നു. വാലിറ്റി 69 എന്ന പേനയാണ് കരുണാനിധി ഉപയോഗിച്ചിരുന്നത്. കോവിഡ് കണക്കുകളിൽ കൃത്രിമം കാണിക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
ആദ്യ ഉത്തരവിൽ തന്നെ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യമാക്കിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന തിരക്കിനു കുറവുണ്ടാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് മൂന്നു രൂപ കുറച്ചു. മേയ് 16 മുതൽ കുറഞ്ഞ പാൽവില നിലവിൽവരും.

ഓര്‍ഡിനറി ബസുകളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം ഈ മാസം തന്നെ വിതരണം ചെയ്യാനുള്ള ഉത്തരവും ഇറങ്ങി. ഡിഎംകെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു ഇവയെല്ലാം.

കോവിഡ് ഭീഷണിയെത്തുടർന്ന് കാർഡ് ഉടമകൾക്ക് 4000 രൂപ വീതം നൽകുമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ആദ്യ ഗഡുവായ 2000 രൂപ അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങി. ഏകദേശം 2.04 കോടി കാർഡ് ഉടമകൾക്ക് ഉപകാരപ്രദമാകുന്ന തീരുമാനമാണിത്. ഇതിനായി 4,153.39 കോടി രൂപ ചെലവു വരുമെന്ന് സർക്കാർ അറിയിച്ചു.

പൊതുജനങ്ങളുടെ പ്രശ്നങ്ങളെ 100 ദിവസങ്ങൾക്കുള്ളിൽ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി ‘നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി’ എന്ന പദ്ധതി രൂപീകരിക്കാനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കാൻ ഉത്തരവിട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ചുമതല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്ത് ആദ്യ അഞ്ച് മണിക്കൂറിനുള്ളിലായിരുന്നു ഈ തീരുമാനങ്ങളെല്ലാം.

മുഴുവന്‍ പേരുച്ചരിച്ച് അച്ഛന്‍ കരുണാനിധിയുടെ ഓർമകളുമായാണു പത്തു വര്‍ഷമായുണ്ടായിരുന്ന അധികാരവറുതിക്ക് സ്റ്റാലിന്‍ ഫുള്‍സ്റ്റോപ്പിട്ടത്. ഡിഎംകെയില്‍നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിന്‍. ഭര്‍ത്താവിന്റെ സ്ഥാനലബ്ധിയില്‍ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ സന്തോഷത്താല്‍ കണ്ണീരണിഞ്ഞതിന്റെ ചിത്രങ്ങളും പുറത്തുവന്നു.