പി.ജി സദാനന്ദന്‍
വ്യവസായിക സിനിമയുടെ പറുദീസ തന്നെയാണ് ഇന്നും അമേരിക്കയിലെ കലിഫോര്‍ണിയ സ്റ്റേറ്റില്‍പെട്ട ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ്. ചലച്ചിത്രമേഖലയില്‍ പണിയെടുക്കുന്ന ചിലരുടെയെങ്കിലും സ്വപ്നം തന്നെയാണ് ഹോളിവുഡ്. അവിടെനിന്നും പുറത്തുവന്തും വന്നുകൊണ്ടിരിക്കുന്നതുമായ സിനിമകള്‍ ലോകമൊട്ടാകെയുള്ള ചലച്ചിത്രപ്രവര്‍ത്തകെ നേരായവഴിയിലും തെറ്റായവഴിയിലും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഇന്നും! വെള്ളിത്തിരയുടെ സ്വപ്നഭൂമിയില്‍ നിന്നും പുറത്തുവന്ന ചലച്ചിത്രങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സിനിമാ ചരിത്രനിര്‍മ്മിതി അസാധ്യമാണ്. ജനപ്രിയസിനിമയുടെ കമ്പോളനിയമങ്ങള്‍ ഇന്നും ഹോളുവുഡിലെ പണിപ്പുരകളില്‍ രൂപപ്പെടുന്നു. അതോടൊപ്പംതന്നെ, ഏതുരാജ്യത്തുമുണ്ടാകുന്ന ചലച്ചിത്രകലാപരീക്ഷണങ്ങളെയും ആവാഹിച്ച് സ്വാംശീകരിച്ച് തനതു ഫോര്‍മുലകളില്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഈ സ്വപ്നസാമ്രാജ്യം കാട്ടുന്ന വ്യഗ്രത സിനിമാചരിത്രത്തിന്റെ തന്നെഭാഗമാണ്. തുടക്കംമുതല്‍ ഇന്നോളം ചലച്ചിത്രമെന്ന കലാരൂപം അവിടെയൊരു വ്യവസായമാമ് കമ്പോളതന്ത്രങ്ങളും കമ്പോളനിയമങ്ങളും അനുനിമിഷം മാറ്റിമാറ്റി അവിടെ പരീക്ഷിക്കുപ്പെടുന്നു. തുടക്കംതന്നെ നേരംകൊല്ലി പടങ്ങളുടെ നിര്‍മ്മാണകേന്ദ്രമായി ഹോളുവുഡ് വിഖ്യാതമായി. ലോകത്തിന്റെ പലഭാഗങ്ങളിലേക്കും അവിടെ നിര്‍മ്മിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ കയറ്റിഅയച്ച് പ്രദര്‍ശിപ്പിച്ച് പണംവാരി. അതിലൂടെ,ദേശീയവും പ്രാദേശികവുമായുണ്ടാകുന്ന ചലച്ചിത്ര പരീക്ഷണങ്ങള്‍ ഹോളിവുഡിന്റെ കടന്നുകയറ്റത്തില്‍ ശ്വാസംമുട്ടിയ അവസ്ഥയിലായി. അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് അമേരിക്കക്കു പുറത്തുള്ള വിവിധദേശങ്ങളില്‍ ചലച്ചിത്രകല സ്വന്തം മേല്‍വിലാസം രൂപപ്പെടുത്തിയെടുത്തു എന്നതു മറ്റൊരുകാര്യം.