സ്‌കൂള്‍ തുറക്കല്‍ – മുന്നൊരുക്കങ്ങള്‍

96
0

സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ വാഹനത്തില്‍ വരാനുള്ള സാധ്യത മുന്നില്‍കണ്ട് വാഹനം പാര്‍ക്ക് ചെയ്യാന്‍ അതതു സ്‌കൂളുകള്‍ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റോഡരികിലും മറ്റുമായി അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നത് ഗതാഗതതടസ്സം സൃഷ്ടിക്കാന്‍ ഇടയാക്കും.

കുട്ടികള്‍ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങള്‍ സ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ട് ക്ലാസ്സ് കഴിഞ്ഞതിനു ശേഷം കുട്ടികളെയും കൂട്ടി തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകരുത്. സ്വകാര്യ / ടാക്‌സി വാഹനങ്ങള്‍ കുട്ടികള്‍ വരുന്നതുവരെ നിര്‍ത്തിയിടുകയാണെങ്കില്‍ അതിനുള്ള സൗകര്യം സ്‌കൂള്‍ ഒരുക്കണം.

വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍ മുതലായവ അപകടകരമായ നിലയിലുണ്ടെങ്കില്‍ അവ മാറ്റണം. ട്രാഫിക് ഐലന്റ്, ഫുട്പാത്ത് മുതലായ സ്ഥലങ്ങളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ബോര്‍ഡുകളോ കൊടിതോരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കണം. വിദ്യാലയത്തിനു സമീപം വാര്‍ണിംഗ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കണം.

സ്‌കൂള്‍ ബസ്സുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്റെ ഫിറ്റ്‌നസ്സ് മുതലായവ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. സ്‌കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

കുട്ടികള്‍ ഏതെങ്കിലും കാരണവശാല്‍ ക്ലാസ്സില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അദ്ധ്യാപകര്‍ വിവരം തിരക്കണം. സ്‌കൂളിലേക്ക് പുറപ്പെട്ട് കുട്ടി സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ അടിയന്തിരമായി അക്കാര്യം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കണം.

സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണം. അപകടകരമായ നിലയില്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവ മുറിച്ചു മാറ്റണം. ഇലക്ട്രിക് പോസ്റ്റില്‍ വയര്‍, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയര്‍, ഇലക്ട്രിക് കമ്പികള്‍ മുതലായവ പരിശോധിച്ച് അവയില്‍ നിന്നും ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലെന്ന് കെ.എസ്.ഇ.ബി. ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ മന്ത്രിമാരായ എം. വി ഗോവിന്ദന്‍, റോഷി അഗസ്റ്റിന്‍, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചു.