മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്തും – മുഖ്യമന്ത്രി

67
0

മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കല്‍, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തല്‍ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സൂക്ഷ്മതല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. 50 വീടുകള്‍ / സ്ഥാപനങ്ങള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌കോഡുകള്‍ രൂപീകരിച്ച് കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കണം. വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിയില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ക്യാമ്പയിന്‍ പ്രവര്‍ത്തനം ഏറ്റെടുക്കണം. ഓരോ വാര്‍ഡിലെയും വീടുകള്‍, സ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ മാലിന്യ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ല / നഗരസഭ / ബ്ലോക്ക് / ഗ്രാമപഞ്ചായത്ത് തലങ്ങളിലെ പ്രസിഡന്റ്/ ചെയര്‍പേഴ്‌സണ്‍മാരുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ആരോഗ്യജാഗ്രതാ സമിതികളും ഇന്റര്‍സെക്ടറല്‍ സമിതികളും സമയബന്ധിതമായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം.

ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയും നിര്‍വ്വഹണ പുരോഗതി അവലോകനം നടത്തുകയും ചെയ്യും.

ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗങ്ങള്‍ വിളിച്ച് ഉത്തരവാദിത്വങ്ങള്‍ വിഭജിച്ച് നല്‍കണം. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വൈസ് ചെയര്‍മാനും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായും, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യണം.

ജില്ലാതല കോര്‍ കമ്മിറ്റി 15 ദിവസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്. തദ്ദേശ സ്വയംഭരണ തലത്തില്‍ അവലോകന സമിതി യോഗം രണ്ടാഴ്ചയിലൊരിക്കലും വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി യോഗം എല്ലാ ആഴ്ചയിലും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം.

ഉറവിട മാലിന്യസംസ്‌കരണം ഉറപ്പാക്കണം. ഉറവിടത്തില്‍ മാലിന്യം തരംതിരിക്കല്‍, സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി തയ്യാറാക്കല്‍ എന്നിവയ്ക്ക് ഫലപ്രദമായി നേതൃത്വം നല്‍കാന്‍ കഴിയണം.

വിവിധ വകുപ്പുകളും ഘടകസ്ഥാപനങ്ങളും ഏകോപിതമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ നടക്കുന്ന അവലോകന യോഗങ്ങളില്‍ ഈ വകുപ്പുകളിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണം. ശുചിത്വ മിഷന്‍, ഹരിതകേരളം, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, കില, തൊഴിലുറപ്പ് മിഷന്‍ എന്നിവ ഇതിനകം നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.