തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ ഉപയോഗവും വിനിമയവും സാമൂഹിക നവീകരണത്തിന് ലക്ഷ്യമാക്കിയുള്ളതാകണമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അഭിപ്രായപെട്ടു. സാങ്കേതിക സർവകലാശാല ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
“സാങ്കേതിക വിദ്യയുടെ മനുഷ്യത്വപൂർണവും വിവേകപൂർവവുമായ ഉപയോഗത്തിലൂടെ മാത്രമേ മികച്ച സമൂഹത്തെ സൃഷ്ടിക്കുവാനാകൂ. മാനവവിഭവശേഷി വേണ്ടുവോളമുള്ള നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്നും ദാരിദ്ര്യം നിലനിൽക്കുന്നു എന്നത് നാം ഗൗരവമായി കാണണം. ശാസ്ത്രീയമായ അറിവുകളുടെ വികാസത്തിലൂടെ മാത്രമേ ഒരു ജനതയ്ക്ക് മുന്നേറുവാൻ കഴിയുകയുള്ളു. ആരോഗ്യരംഗത്തുൾപ്പെടെ വിവിധ മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ അതിജീവിക്കുവാൻ ശാസ്ത്രീയ പഠനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളു. കലാലയങ്ങളിൽ നിന്ന് ആർജ്ജിക്കുന്ന അറിവുകളെ സാമൂഹിക വികസനത്തിനായി പ്രായോഗികമായി ഉപയോഗിക്കാനുള്ള പരിശീലനമാണ് ഏറ്റവും പ്രാധാന്യമുള്ളത്,” ശൈലജ ടീച്ചർ പറഞ്ഞു.
പുതിയ അറിവുകളും സാങ്കേതിക വിദ്യകളും ഗ്രാമീണ മേഖലകളിലെ ജീവിതങ്ങൾക്ക് ഇപ്പോഴും സ്വായത്തമാക്കുവാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ എല്ലാവിഭാഗം ജനങ്ങൾക്കും അവസര സമത്വം ഉറപ്പുവരുത്തുമ്പോൾ മാത്രമേ ജനാധിപത്യം അർത്ഥപൂർണമാവുകയുള്ളു. മത്സരാധിഷ്ഠിത ലോകത്തും സ്വന്തം അഭിരുചികളെ പിന്തുടരുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ വഴികാട്ടികളാകാമെങ്കിലും അവർ കാട്ടുന്ന വഴികളിലൂടെത്തന്നെ മക്കൾ നടക്കണമെന്ന് വാശിപിടിക്കരുത്. മറിച്ച്, സാങ്കേതികവിദ്യയുടെ അർത്ഥപൂർണ്ണമായ ഉപയോഗത്തിനായി അവർക്ക് ലക്ഷ്യബോധവും ദിശാബോധവും നൽകുക എന്നതാണ് പ്രധാനമെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രൊ വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, ഡീൻ അക്കാദമിക് ഡോ. എ. സാദിഖ്, ഡോ. കെ. ഗോപകുമാർ, അരുൺ അലക്സ് എന്നിവർ സംസാരിച്ചു.