കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി.

104
0

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു.

ഇസ്രായേലിൽ നാല് പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ വിദേശത്ത് നിന്നുള്ള യാത്രക്കാർക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തി. ഇസ്രായേൽ അതിർത്തികളും അടച്ചു. യുകെയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജർമനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് രാജ്യങ്ങളിലും ഒമിക്രോൺ കണ്ടെത്തി.

കോവിഡിന്‍റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. യുഎഇ, ഒമാൻ, ബ്രസീൽ, കാനഡ എന്നിവ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ, സൗദി എന്നിവ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്വന്തം പൗരന്മാർക്കു മാത്രമാകും പ്രവേശനമെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യ സംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാൽ പുതിയ വകഭേദത്തെ കണ്ടെത്തിയതിന്‍റെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.