സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനം: കേരള വാട്ടർ അതോറിറ്റി ഡിജിറ്റൽ സേവനം നൽകും

109
0

തിരുവനന്തപുരം: 2022 ഒാ​ഗസ്റ്റ് 15ന് കേരളം സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സേവനങ്ങളുടെ ഒരു ഘട്ടത്തിലും ഭൗതിക സമ്പർക്കം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാർ​ഗനിർ​ദേശങ്ങൾ കേരള വാട്ടർ അതോറിറ്റിയിൽ പൂർണമായും നടപ്പിലാക്കും. ഒാമിക്രോൺ വ്യാപനം തടയുന്നതിനും കോവിഡ് പ്രോട്ടോക്കോൾ, ഹരിത പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കാൻ മാനേജിങ് ഡയറക്ടർ ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസരിച്ച് എല്ലാ പണമിടപാടുകളും ഒാൺലൈൻ ആയി മാത്രം നടത്തും. എല്ലാ ബില്ലുകളും ഡിജിറ്റലായി മാത്രം നൽകും. എല്ലാ രസീതുകളും സർട്ടിഫിക്കറ്റുകളും ഇലക്ട്രോണിക് ആയി മാത്രമാകും നൽകുന്നത്. എല്ലാ ഫയലുകളും ഡിജിറ്റൽ ആയി കൈകാര്യം ചെയ്യും. പരാതികളും അപേക്ഷകളും ഡിജിറ്റൽ ആയി സ്വീകരിക്കും. എല്ലാ ഒാൺലൈൻ സേവനങ്ങൾക്കും ഒൗദ്യോ​ഗിക വെബ്സൈറ്റിൽ ഡാഷ് ബോർഡ് നൽകും. എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സമയബന്ധിതമായി ലഭ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ (ഇൻ-ചാർജ്) എസ്. വി.പി. ജിതേന്ദ്രിയന് നിർദേശം നൽകിയതായി മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് അറിയിച്ചു.