വോട്ടെണ്ണൽ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധം

535
0

വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിനു ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിച്ചിരിക്കുന്ന ജീവനക്കാർക്കും കൗണ്ടിങ് ഏജന്റുമാർക്കും ആർ.ടി.പി.സി.ആറോ ആന്റിജൻ പരിശോധനയോ നടത്തിയുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചതിന്റെ സർട്ടഫിക്കറ്റോ നിർബന്ധമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് ഈ രേഖകളിലൊന്നു ഹാജരാക്കണമെന്നും കളക്ടർ പറഞ്ഞു.

കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാൻ അർഹരായിട്ടും സ്വീകരിച്ചിട്ടില്ലാത്തവരും കൗണ്ടിങ് ഡ്യൂട്ടിയിലുള്ളതുമായ ജീവനക്കാർക്ക് നാളെയും മറ്റന്നാളും (ഏപ്രിൽ 29, 30) രാവിലെ പത്തു മുതൽ നാലു വരെ ജില്ലയിലെ താലൂക്ക് ഓഫിസുകളിൽ കോവിഷീൽഡ് രണ്ടാം ഡോസും കളക്ടറേറ്റിൽ കോവാക്‌സിൻ രണ്ടാം ഡോസും നൽകും. ജീവനക്കാർ ഡ്യൂട്ടി ഉത്തരവിന്റെ പകർപ്പുമായി എത്തി വാക്‌സിൻ എടുക്കണം. വാക്‌സിനേഷന്റെ ഒന്നാം ഡോസ് സ്വീകരിച്ചവരും രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു കാലാവധിയാകാത്തവരുമായ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന നടത്തേണ്ട മറ്റു ജീവനക്കാർക്കുമായി ഏപ്രിൽ 30, മേയ് ഒന്ന് തീയതികളിൽ കളക്ടറേറ്റിലും ജില്ലയിലെ താലൂക്ക് ഓഫിസുകളിലും ആന്റിജൻ പരിശോധന നടത്തും. ജീവനക്കാർ നിർബന്ധമായും പരിശോധന നടത്തി റിസൾട്ട് കൗണ്ടിങ് ഹാളിൽ ഹാജരാക്കണം.

രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു 48 മണിക്കൂറിനു മുൻപു നടത്തിയ ആർ.ടി.പി.സി.ആർ. / ആന്റിജൻ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഇല്ലാത്ത കൗണ്ടിങ് അജന്റുമാർ ഐ.സി.എം.ആർ. അംഗീകരിച്ചിട്ടുള്ള ലാബുകളിൽനിന്നോ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇതിനായി സജ്ജീകരിച്ചിട്ടുള്ള സെന്ററുകളിൽനിന്നോ ഏപ്രിൽ 30, മേയ് ഒന്ന് തീയതികളിൽ ആന്റിജൻ പരിശോധന നടത്തി പരിശോധനാഫലം വോട്ടെണ്ണൽ ഹാളിൽ ഹാജരാക്കേണ്ടതാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതതു വരണാധികാരികളിൽനിന്നു ലഭിക്കും.

വോട്ടെണ്ണലിന്റെ ഭാഗമായി സജ്ജീകരിക്കുന്ന വാസ്‌കിനേഷൻ, പരിശോധനാ കേന്ദ്രങ്ങളിൽനിന്ന് കൗണ്ടിങ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ജീവനക്കാർക്കും കൗണ്ടിങ് ഏജന്റുമാർക്കും മാത്രമായിരിക്കും സൗകര്യങ്ങൾ ലഭിക്കുക. ഇതു സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ പൊലീസിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഈ ആവശ്യത്തിലേക്കു നടത്തുന്ന യാ്തരകൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിന് പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

വിവിധ മണ്ഡലങ്ങളിലെ ആന്റിജൻ പരിശോധനാ കേന്ദ്രങ്ങൾ

വർക്കല – വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
ആറ്റിങ്ങൽ – ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
ചിറയിൻകീഴ് – ചിറയിൻകീഴ് താലൂക്ക് ഓഫിസ്
നെടുമങ്ങാട് – നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
വാമനപുരം – ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്
കഴക്കൂട്ടം – പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
വട്ടിയൂർക്കാവ് – പട്ടം സെന്റ് മേരീസ് സ്‌കൂളിലെ മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയം
തിരുവനന്തപുരം – തൈക്കാട് മോഡൽ സ്‌കൂൾ
നേമം – പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനീയറിങ് കോളജ്
അരുവിക്കര – വെള്ളനാട് ഗവൺമെന്റ് എൽ.പി. സ്‌കൂൾ
പാറശാല – പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
കാട്ടാക്കട – കാട്ടാക്കട കുളത്തുമ്മൽ ഗവ. എൽ.പി. സ്‌കൂൾ
കോവളം – ബാലരാമപുരം എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി ബ്ലോക്ക് ഓഡിറ്റോറിയം
നെയ്യാറ്റിൻകര – നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം