വൈദ്യുതി വകുപ്പിൽ നിന്നും ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. കെഎസ്ഇബി ചെയർമാൻ്റെ വാക്കുകളിൽ തന്നെ വ്യക്തമായ സിപിഎം ഭരണകൂടത്തിൻ്റെ കെടുകാര്യസ്ഥത 15000 കോടി രൂപ നഷ്ടത്തിലേയ്ക്ക് ബോർഡിനെ തള്ളിയിട്ടിരിക്കുന്നു. ഈ വർഷത്തെ നഷ്ടം മാത്രം 2500 കോടി കടക്കുമെന്ന് അറിയുന്നു.
ബോർഡ് ആസ്ഥാനത്ത് നിന്നും വിവരങ്ങൾ ചോർത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തെ ഇതുവരെ പിടിച്ചിട്ടില്ല. വാണിജ്യ രഹസ്യങ്ങൾ വരെ ഇഷ്ടക്കാർക്ക് ചോർത്തിക്കൊടുത്ത് വലിയ അഴിമതി നടത്തിയിരിക്കുന്നു. ബോർഡിന് നഷ്ടം വരുന്ന സൗര പദ്ധതിയിലടക്കം വലിയ തോതിൽ കമ്മീഷൻ ഇടപാടുകൾ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
ഹൈഡൽ ടൂറിസത്തിൻ്റെ മറവിൽ ഏക്കർ കണക്കിന് ഭൂമി CPM നിയന്ത്രിക്കുന്ന സൊസൈറ്റികൾക്ക് ക്രമവിരുദ്ധമായി കൈമാറിയിരിക്കുന്നു. സർക്കാർ അനുമതി ഇല്ലാതെ തന്നെ ശമ്പള പരിഷ്ക്കരണം നടത്തി 1200 കോടി രൂപ അധിക ബാധ്യതയുണ്ടാക്കിയിരിക്കുന്നു. ഈ ക്രമക്കേടുകൾ ഒക്കെ പിണറായി വിജയൻ അറിയാതെ നടക്കില്ലെന്ന് വ്യക്തമാണ്.
വൈദ്യുതി ഭവൻ്റെ സംരക്ഷണം വ്യവസായ സുരക്ഷാ സേനയെ ഏൽപിക്കുന്നത് പോലും സി പി എം ഭയക്കുന്നു. പിണറായി വിജയൻ്റെ ഓഫീസിൽ വിവാദ വനിത വിഹരിച്ചത് പോലെ KSEB ആസ്ഥാനവും കുത്തഴിഞ്ഞ് കിടക്കട്ടെ എന്നാണ് സി പി എം പറയുന്നത്.
ചട്ടവിരുദ്ധമായ ഫയലുകൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒപ്പിടീച്ച് ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയാണ് KSEB യ്ക്ക് സി പി എം ഭരണകൂടം സമ്മാനിച്ചിരിക്കുന്നത്. ഈ സാമ്പത്തിക നഷ്ടം മറികടക്കാൻ സാധാരണക്കാരൻ്റെ വൈദ്യുതി ചാർജ് കൂട്ടാൻ പോകുന്നു. സി പി എമ്മിന് ഭരിക്കാൻ അറിയാത്തതിന് ഈ നാട്ടിലെ പാവപ്പെട്ടവർ എന്തു പിഴച്ചു?
വൈദ്യുതി മന്ത്രിയായിരിക്കേ കോടികൾ കട്ടെടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കെ എസ് ഇ ബി യിൽ കോടികളുടെ അഴിമതി നടക്കുമെന്നതിൽ പൊതുജനത്തിന് സംശയം കാണില്ല. എന്നാൽ ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലേയ്ക്ക് KSEB യെ തള്ളിയിട്ടിട്ട് ആ ബാധ്യത , വൈദ്യുതി നിരക്ക് വർദ്ധനവ് രൂപത്തിൽ സാധാരണക്കാരൻ്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള സർക്കാർ ശ്രമം കോൺഗ്രസ് അനുവദിക്കില്ല.
ജനപക്ഷത്ത്, ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം നിലയുറപ്പിച്ചിട്ടുണ്ട്. കെ.എസ് ഇ ബിയിൽ നടന്ന അഴിമതികളിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിക്കണം. കെഎസ്ഇബിയിൽ കോടികളുടെ ക്രമക്കേട് നടത്തി, ബാദ്ധ്യത തീർക്കാൻ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്ന പിണറായി വിജയൻ സർക്കാരിൻ്റെ നടപടിയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം നയിക്കാൻ ഇന്നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ പൗരൻമാരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു.