റങ്കൂണ്‍ റഹ്മാന്‍
വര: ഗിരീഷ് മൂഴിപ്പാടം
കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ്തന്ന് മനസ്സില്‍പതിഞ്ഞ ഒരു കഥയാണിത്. ഇതില്‍ തെല്ലും മായം കലര്‍ത്താതെ പൊടിപ്പും തൊങ്ങലും വെച്ച് കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടി ഞാനിവിടെ പുനരാവിഷ്‌ക്കരിക്കുന്നു. ഇതില്‍ നിന്ന് നിങ്ങള്‍ക്കെന്തെങ്കിലും പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെങ്കില്‍….
കാബൂള്‍ എന്ന രാജ്യത്ത് അമാനുള്ള എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. അവന്റെ അച്ഛന്‍ അകാലത്തില്‍ മരണപ്പെട്ടു. അത് കാരണം അമ്മയേയും സഹോദരങ്ങളേയും സംരക്ഷിക്കേണ്ട ബാധ്യത അമാന്റെ ചുമലിലായി. അത് കാരണം വേണ്ട വിദ്യാഭ്യാസം നേടാനും അമാന് കഴിഞ്ഞില്ല. കുടുംബസ്വത്തായുള്ള കിടപ്പാടം പണയപ്പെടുത്തി അവനൊരു കച്ചവടം ചെയ്തു കഷ്ടകാലമെന്ന് പറയട്ടെ മാസങ്ങള്‍ കൊണ്ട് അത് പൊളിഞ്ഞ് പാളീസായി… കുടുംബം പ ട്ടിണിയുമായി. ഇനി എന്ത് ചെയ്യും? തനിക്കാവുന്ന വിധത്തിലുള്ള കൂലിവേലകള്‍ ചെയ്തു. എന്നിട്ടും ഗതി പിടിക്കുന്ന ലക്ഷണമില്ല. സഹോദരങ്ങളുടെ വിശപ്പിന്റെ വിളി കേട്ടില്ലന്ന് നടിക്കാം. എന്നാല്‍ കടക്കാരുടെ പോര്‍ വിളി കേട്ട് കാത് പൊത്തിപ്പിടിക്കാന്‍ എത്ര നാള്‍ കഴിയും? തന്റെ ദുസ്ഥിതിയോര്‍ത്ത് അമാന് ആധിയായി ആധി വ്യാധിയാകുമോ? അവന്റെ അമ്മ ഭയന്നു അവര്‍ നേരെ ദേവാലയത്തിലെത്തി. മൗലയുടെ മുമ്പില്‍ അവര്‍ തന്റെ സങ്കടങ്ങളുടെ ഭാണ്ഡമഴിച്ചു.
”സഹോദരീ ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണങ്ങളാണ്. അതില്‍ മുട്ടുമടക്കുകയല്ല നിവര്‍ന്ന്‌നിന്ന് പോരാടി വിജയിക്കുകയാണ് വേണ്ടത്”
”അറിയാഞ്ഞിട്ടല്ല മൗലാ… അമാന്റെ അവസ്ഥ കാണുമ്പോള്‍” അങ്ങേക്കറിയില്ലേ ഞങ്ങള്‍ക്ക് ആകെയുള്ള ഒരത്താണിയല്ലേ അമാന്‍.” നീണ്ട താടി തടവി ഒരു നിമിഷം മൗലാന കണ്ണടച്ചു. ബോധോദയം ഉണ്ടായ കണക്കെ പെട്ടന്ന് ആ മിഴി തുറന്നു.
”സദക്ക് എന്ന പട്ടണത്തില്‍ ഫവ്വാസ് എന്നൊരു മഹാജ്ഞാനിയുണ്ട്, മാന്ത്രികനും മായാവിയും ഒന്നുമല്ല. അപാര പണ്ഡിതനാണ് അദ്ദേഹത്തെ ദര്‍ശിച്ച് സങ്കടമുണര്‍ത്താന്‍ അമാനുള്ളയോട് പറയുക. ഉചിതമായ വഴി അദ്ദേഹം കാണിച്ചുതരും. ഒരു നിമിഷം നിര്‍ത്തി… ശേഷം ആ അമ്മയെ നോക്കി ‘പക്ഷേ അങ്ങോട്ടുള്ള വഴി ഏറെ ദുര്‍ഘടം പിടിച്ചതാണ് ഹിംസ്രമൃഗങ്ങളും വിഷജന്തുക്കളും സൈ്വരവിഹാരം നടത്തുന്ന കൊടും വനത്തിലൂടെ വേണം അവിടെ എത്തിപ്പെടാന്‍.”
എല്ലാം വിശദമായി അമാനെ പറഞ്ഞ് ധരിപ്പിച്ചശേഷം ആ പാവം മാതാവ് വളരെവിഷമത്തോടെ മകനെ യാത്രയാക്കി.
കൊടും വനത്തിലൂടെ അമാന്‍ ഏറെദൂരം നടന്നു. കഠിനമായ വിശപ്പ് അനുഭവപ്പെട്ടപ്പോള്‍ ഭാണ്ഡം ഒരു മരച്ചുവട്ടില്‍വെച്ച് അടുത്തുകണ്ട അരുവിക്കരയില്‍ ചെന്ന് ദേഹശുദ്ധിവരുത്തി. പ്രാര്‍ത്ഥനക്ക്‌ശേഷം ഉമ്മാ കൊടുത്തയച്ച ഭക്ഷണപ്പൊതിയില്‍ നിന്ന് അല്പമെടുത്ത് ആഹരിച്ചു. ക്ഷീണം മാറ്റാന്‍ അവിടെതന്നെ വിശ്രമിച്ചു. ഒരു ഗര്‍ജ്ജനം കേട്ടാണ് അവന്‍ ഞെട്ടിഉണര്‍ന്നത് അപ്പോഴതാ മുന്നില്‍ തന്നെ തിന്നാനുള്ള പാകത്തില്‍ ഒരു സിംഹരാജന്‍ നില്ക്കുന്നു.
എങ്ങോട്ട് ഓടും… എങ്ങിനെ രക്ഷപ്പെടും? മരണഭയവും ജീവഭയവും ഒരേ സമയത്ത് അമാനെ വേട്ടയാടി.
ഒടുവിലവന്‍ മൃഗരാജന്റെ മുമ്പില്‍ മുട്ടുമടക്കി കൈകള്‍ കൂപ്പി…
”രാജന്‍ അങ്ങ് എന്നെ കൊല്ലരുത് ഞാ നൊരു വലിയ ദൗത്യവുമായാണ് വീട് വിട്ടിറങ്ങിയത്…” തന്റെ ജീവിതകഥ ഒന്നൊഴിയാതെ എല്ലാം ആ മൃഗത്തിന്റെ മുമ്പില്‍ ധരിപ്പിച്ചു… അവന്റെ കഥയില്‍ അനുകമ്പ തോന്നിയ സിംഹം അവന്‍ പോകാന്‍ അനുമതി നല്‍കി, അതും ഒരു കരാറിന് പുറത്ത്…
വര്‍ഷങ്ങളായി എന്റെ വലത്‌ചെവിക്ക് തീരെ കേള്‍വിക്കുറവാണ്. അത് കാരണം ആ ഭാഗത്ത് നിന്നും വരുന്ന ഇരകളുടേയും ശത്രുക്കളുടേയും ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ തീരെ കഴിയുന്നില്ല. നീ ദര്‍ശിക്കാന്‍ പോവുന്നദിവ്യനോട് എന്റെ സങ്കടവും ഉണര്‍ത്തി. എന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കാന്‍ പറയണം.”
അമാന്‍ മടക്കിയ മുട്ടുനിവര്‍ത്തി എഴുന്നേറ്റു എന്റെ ജീവന്‍ തിരിച്ചുതന്ന വലിയ മനസ്സാണ് അങ്ങയുടേത് തീര്‍ച്ചയായും അങ്ങയുടെ അസുഖത്തിന് മരുന്നുമായേ ഞാന്‍ തിരിച്ചു വരൂ”പിന്നെ ഒരു വീര്‍പ്പ് പോലും അവിടെ നില്ക്കാതെ അമാന്‍ മുന്നോട്ട് നീങ്ങി. അങ്ങിനെ ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം അമാനുള്ള എത്തിപ്പെട്ടത് ഒരു നദിക്കരയിലാണ്… ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടണമെങ്കില്‍ അക്കര കടക്കണം എങ്ങിനെ? തോണിയോ ചങ്ങാടമോ ഇല്ല. നീന്താനും വശമില്ല. പിന്നെ എങ്ങിനെ ? വിഷാദത്തോടെ അവനാ നദിക്കരയില്‍ അങ്ങിനെ ഇരുന്നു.
എന്താ മനുഷ്യാ ഇങ്ങിനെ ചിന്തിച്ചിരിക്കുന്നത്? ശബ്ദം കേട്ട ദിക്കിലേക്ക് അമാന്‍ ശ്രദ്ധ തിരിച്ചു. ഒരു വലിയ മത്സ്യമതാ വെള്ളത്തിന് മീതെ പൊങ്ങിനില്ക്കുന്നു. താന്‍ വീട്ടില്‍ നിന്നിറങ്ങിയ മുതല്‍ ഈ നദിക്കരെ എത്തുംവരെയുള്ള സംഭവങ്ങള്‍ വളരെ വിശദമായി മത്സ്യത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു.
”എന്റെ പുറത്ത്കയറിക്കോളു അക്കരെക്ക് ഞാന്‍ കൊണ്ടുചെന്ന് വിടാം. മത്സ്യത്തിന്റെ വാക്ക്‌കേട്ട് അമാനുള്ള തൃപ്തനായി… വളരെ ഉപകാരം..
യുവാവ് മത്സ്യപ്പുറത്ത് കയറി. പകരം താന്‍ എനിക്കൊരു ഉപകാരം ചെയ്യണം. എന്താണന്നറിയാന്‍ അമാന്‍ കാത് കൂര്‍പ്പിച്ചു.
കാലങ്ങളായി എന്റെ തൊണ്ടക്കകത്ത് കഠിനമായ ഒരു വേദന വെള്ളമല്ലാതെ കട്ടി ആഹാരങ്ങളൊന്നും ചവച്ചിറക്കാന്‍ വയ്യ. എന്റെ ഈ ദയനീയ അവസ്ഥക്ക് എന്തെങ്കിലും പ്രതിവിധി കാണാന്‍ താങ്കള്‍ ദര്‍ശിക്കാന്‍ പോകുന്ന ദിവ്യനോട് പറയണം.
കരക്കെത്തിയ അമാന്‍ മത്സ്യത്തിന്റെ വ്യവസ്ഥയുംകൂടി ഏറ്റെടുത്ത് തന്റെ യാത്ര തുടര്‍ന്നു. ഏറെ ദൂരം ചെന്നില്ല അപ്പോള്‍ അതാ തന്നെ അപ്പാടെ വിഴുങ്ങാന്‍ പാകത്തില്‍ ഒരു കാളസര്‍പ്പം വാ പൊളിച്ചു നില്ക്കുന്നു. ”അരുത് എന്നെ കൊല്ലരുത്” തുടര്‍ന്ന് എല്ലാ കാര്യങ്ങളും ഒന്നൊഴിയാതെ ആ സര്‍പ്പത്തിനോടും അമാന്‍ പറഞ്ഞു. അങ്ങിനെയാണെങ്കില്‍ എന്റെ സങ്കടം കൂടി ആ ദിവ്യനോട് താന്‍ പറഞ്ഞ് പരിഹാരം തേടുക.
ഉത്കണ്ഠയോട് അമാന്‍ കാര്യം തിരക്കി. വര്‍ഷങ്ങളായി ഞാന്‍ ശരിക്കൊന്ന് അന്തിയുറങ്ങിയിട്ട് എന്റെ മാളത്തില്‍ ഏത് കാലാവസ്ഥയിലും അതി കഠിനമായ ഉഷ്ണമാണ്. അതിനെന്തങ്കിലും മരുന്നോ മന്ത്രമോ ഉണ്ടോ എന്ന്കൂടി ചോദിച്ചറിയണം.
സര്‍പ്പരാജന്‍ ഒന്നുകൊണ്ടും വേവലാതിപ്പെടണ്ട അതിനൊരു പരിഹാരവും കൊണ്ടേ ഞാന്‍ വരൂ തീര്‍ച്ച.
വീണ്ടും ജീവന്‍ തിരിച്ചുതന്ന ദൈവത്തിന് സ്തുതിപാടികൊണ്ട് അമാന്‍ മുന്നോട്ട് നീങ്ങി.
നീണ്ട ദിനരാത്രങ്ങള്‍ സഞ്ചരിച്ചശേഷം അമാന്‍ ഒരു പട്ടണത്തിലെത്തിപ്പെട്ടു. നേരം പാതിരാ കഴിഞ്ഞിരുന്നു പട്ടണം മുഴുവനും ഉറക്കം പൂണ്ടു കഴിഞ്ഞിരുന്നു. വിശപ്പും ദാഹവും കൊണ്ട് നന്നേ ക്ഷീണിച്ച് അവശനായ അമാന്‍ അവിടെ കണ്ട ഒരു സത്രത്തില്‍ പോയികിടന്നു.
‘ആരാടാ എഴുന്നേല്‍ക്കെടാ’
എന്നിങ്ങനെയുള്ള അലര്‍ച്ച കേട്ട് അമാന്‍ ഞെട്ടി ഉണര്‍ന്നു… പട്ടണം സൂക്ഷിപ്പുകാരായ രാജഭടന്മാരുടെ ശബ്ദമായിരുന്നു അത് കള്ളനോ ചാരനോ മറ്റോ ആണെന്ന് കരുതി അവര്‍ അവനെ പിടിച്ച് തുറുങ്കിലടച്ചു. പിറ്റേന്ന് കാലത്ത് വിചാരണക്കായ് രാജാവിന്റെ മുമ്പില്‍ അമാനെ ഹാജരാക്കി. അധികാരിയുടെ ചോദ്യങ്ങള്‍ക്കൊക്കെയും തന്നെ തെല്ലും മടിയോ സങ്കോചമോ കൂടാതെ അമാന്‍ മറുപടി നല്‍കി. ഒപ്പം തന്റെ യാത്രാ ഉദ്ദേശവും അവന്‍ തിരുമുമ്പില്‍ അവതരിപ്പിച്ചു.
സദക്ക് എന്ന രാജ്യത്ത് അങ്ങിനെ ഒരു ദിവ്യനുണ്ടോ? നമുക്കിത് പുതിയ അറിവാണ്
തലപ്പാവ് ഊരിക്കൊണ്ട് ചിന്തയോടെ രാജന്‍ തലതടവി. ഉണ്ട് ഫവ്വാസ് എന്നാണ് ആ മഹാജ്ഞാനിയുടെ പേര്
വിനയപുരസ്സരം അമാന്‍ പറഞ്ഞു. താങ്കള്‍ പോയി ഉദ്ദേശം സാധിച്ചു വരിക. പെട്ടന്ന് ആ രാജമുഖത്ത് വിഷാദം പൂണ്ടു. രാജന്റെ ഭാവമാറ്റം അമാനില്‍ ആകാംക്ഷ ഉളവാക്കി…
ഒപ്പം എന്റെ സങ്കടം കൂടി ആ മഹാനെ ഉണര്‍ത്തിക്കുക
അമാനില്‍ ആകാംക്ഷ വര്‍ദ്ധിച്ചു
സര്‍വ്വാധികാരിയും ജനപ്രിയനായ ഭരണകര്‍ത്താവുമാണെങ്കിലും ഞാന്‍ അതീവ ദുഃഖിതനാണ്. എന്റെ സര്‍വ്വസ്വവും എന്റെ അരുമ മ കള്‍ മലീഹയാണ്. സുന്ദരിയും സുശീലയുമായ അവള്‍ക്ക് പ്രായം പതിനേഴ് കവിഞ്ഞു. അടുത്തിരുന്ന പ്രിയ പത്‌നി ആ കണ്ണുകള്‍ തുടച്ചെടുത്തു. കേട്ടോ ജനാബ് ഞങ്ങളുടെ മകള്‍ക്കിപ്പോഴും ഒരു മൂന്നു വയസ്സുകാരിയുടെ പ്രകൃതമാണ്. നടപ്പും ഉടപ്പും സംസാര രീതി യും എല്ലാം…. ഗദ്ഗദത്തോട്കൂടി റാണി പറഞ്ഞതത്രയും രാജന്‍ ശരിവെച്ചു ശേഷം രാജന്‍ ഇരിപ്പടത്തില്‍നിന്നു എഴുന്നേറ്റ് ഒരുചാല്‍ നടന്നു.
ആ ഒരു കാരണംകൊണ്ട് രാജകുടുംബത്തില്‍ നിന്നൊന്നും തന്നെ എന്റെ മക ള്‍ക്കൊരു വിവാഹാലോചന വരുന്നില്ല എന്തിനധികം ഒരു സാധാരണക്കാരന്‍ പോലും അവളെ നിക്കാഹ് കഴിക്കാന്‍ തയ്യാറാവുന്നില്ല.
രാജന്‍ കണ്ണീരൊപ്പി റാണിയും. മഹാരാജന്‍ സങ്കടപ്പെടണ്ട…. താങ്കളുടെ ദുഃഖവും ഞാനാതിരുമുമ്പില്‍ അവതരിപ്പിക്കാം. അമാന് വിഭവസമൃദ്ധമായ സദ്യയൊരുക്കി ശേഷം കുതിരയേയും പരിവാരങ്ങളെയും നല്‍കി സസന്തോഷം സദക്കിലേക്ക് അമാനെ യാത്ര അയച്ചു. പിറ്റേ ദിവസം ത ന്നെ അമാന്‍ സദക്ക് എന്ന രാജ്യത്തെത്തി നീണ്ട വരി ക്ക് പിന്നില്‍ നിന്ന് ഒടുവിലവന്‍ ആ തിരുമുമ്പിലെത്തി. സിംഹം ,മത്സ്യം, സര്‍പ്പം, രാജാവ് എന്നിവരുടെ സങ്കടങ്ങളും പ്രശ്‌നങ്ങളും ആ തിരുമുമ്പില്‍ നിരത്തി. എല്ലാ വിശദമായി കേട്ടശേഷം അവര്‍ ക്കൊക്കെ പ്രതിവിധികളും മരുന്നുകളും നിര്‍ദ്ദേശിച്ചുകൊടുത്തു. ശേഷം അമാന്‍ തന്റെ പ്രശ്‌നവും ആ മഹാനോട് പറഞ്ഞു. ചെറുപുഞ്ചിരിയോടെ മഹാന്‍ അമാനുള്ളയുടെ ശിരസ്സില്‍ തലോടി.
മോനെ അമാനുള്ളാ നീ ധൈര്യമായി പുറപ്പെടുക രക്ഷപ്പെടാനുള്ള പല മാര്‍ഗ്ഗങ്ങളും നിന്റെ മുമ്പില്‍ തുറക്കപ്പെടും അതൊന്നും തന്നെ നീ കണ്ടില്ലെന്ന് ന ടിക്കരുത്.
സസന്തോഷം അമാന്‍ മടക്കയാത്ര ആരംഭിച്ചു. ആദ്യം ചെന്നത് രാജകൊട്ടാരത്തിലേക്കാണ് ആദരവോടെ രാജന്‍ അവനെ എതിരേറ്റു വിരുന്നും വിശ്രമവും കഴിഞ്ഞു ശേഷം അമാനെ രാജാവ് ചെന്ന് കണ്ടു. ദിവ്യന്റെ പ്രതിവിധി കേള്‍ക്കാന്‍ അദ്ദേഹം കാത് കൂര്‍പ്പിച്ചു.
മകളുടെ ന്യൂനതകള്‍ അറിഞ്ഞ് സ്‌നേഹത്തോടെ ഏതെങ്കിലും ഒരു യുവാവ് അവളെ നിക്കാഹ് ചെയ്താല്‍ ആ നിമിഷം അവള്‍ക്ക് പ്രായത്തിന്റെ പക്വതയും ബുദ്ധിയും കിട്ടും. അത് കേട്ട രാജാവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ദേഹം ഇരിപ്പടത്തില്‍ നിന്നെഴുന്നേറ്റ് അമാനെ സമീപിച്ചു. എങ്കില്‍ എന്റെ മകളുടെ ഭര്‍ത്താവിന്റെ സ്ഥാനം താങ്കള്‍ അലങ്കരിച്ചാലും…അവളോടൊപ്പം എന്റെ സമ്പത്തും ഈ രാജ്യത്തിന്റെ ഭരണാധികാരവും ഞാന്‍ താങ്കളെ ഏല്പിക്കാം. ദയവായി സ്വീകരിച്ചാലും അമാന്‍ അത് കേട്ടതും അമാനുള്ള തന്റെ ഇരിപ്പിടം വിട്ടെഴുന്നേറ്റു.
ക്ഷമിക്കണം മഹാരാജന്‍ അങ്ങയുടെ മകളേയും വിവാഹം ചെയ്ത രാജ്യഭാരം തലയിലേറ്റി നടക്കാന്‍ എനിക്ക് തെല്ലും നേരമില്ല. എന്റെ പെങ്ങന്മാര്‍ നാട്ടില്‍ എന്നെയും കാത്തിരിപ്പുണ്ട്. അവിടെ എത്തുംമുമ്പ് പലകാര്യങ്ങളും വേറെയും ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട്.
അധികം ചിന്തക്ക് ഇടംകൊടുക്കാതെ അത്രയും പറഞ്ഞ് അമാന്‍ കൊട്ടാരം വിട്ടിറങ്ങി..
ദൂരെ നിന്ന് തന്നെ അമാനുള്ളയെ കണ്ട് സര്‍പ്പം അവന്റെ അടുത്തേക്ക് ഇഴഞ്ഞെത്തി ദിവ്യന്‍ എന്റെ കാര്യത്തിന് എന്തെങ്കിലും പ്രതിവിധി പറഞ്ഞുവോ ?
യാത്രക്ഷീണമകറ്റാന്‍ അമാന്‍ തെല്ലുനേരം ഒരു മരത്തണലില്‍ ഇരുന്നു.
വിലപ്പെട്ട ഒരു നിധികൂമ്പാരം നിന്റെ വാസസ്ഥലത്ത് ആരോ കൊണ്ടുവെച്ചിട്ടുണ്ട്. സ്വര്‍ണ്ണവും രത്‌നങ്ങളുമടങ്ങിയ നിധി. അതെടുത്ത് മാറ്റിയാല്‍ നിന്റെ പാര്‍പ്പിടം ശീതളമായി ഭവിക്കും. അപ്പോള്‍ നിനക്ക് ഉഷ്ണം അനുഭവപ്പെടാതെ സുഖമായി ഉറങ്ങാനും സാധിക്കും. അത്രയും പറഞ്ഞ് നടക്കാന്‍ തുടങ്ങിയ അമാനെ സര്‍പ്പം തടഞ്ഞു എങ്കിലാ നിധികൂമ്പാരം നീ എടുത്തോളൂ. ഞാനൊന്നു സുഖമായി ഉറങ്ങിക്കോട്ടെ .
സര്‍പ്പമേ എനിക്കിപ്പോള്‍ അതിനൊന്നും അശേഷം നേരമില്ല പോയിട്ട് അനവധി കാര്യങ്ങള്‍ ഉള്ളതാ.. .ഈ വഴി വേറെ ആരെങ്കിലും വരും ആ നിധി നീ അവര്‍ക്ക് കൊടുത്തേക്ക് സര്‍പ്പത്തിന് എന്തെങ്കിലും പറയാന്‍ ഇടകൊടുക്കാതെ അമാന്‍ നടന്നു മറഞ്ഞു.
നദിക്കരയിലെത്തിയ അമാനെ കണ്ടതും മത്സ്യം കരയിലേക്ക് നീന്തികയറി.
അദ്ദേഹം എന്ത് പറഞ്ഞു അമാന്‍ എന്നെപറ്റി?
അമാന്‍ മത്സ്യപ്പുറത്ത് കയറി ഒക്കപറയാം അക്കരെ ചെന്നിട്ട് മത്സ്യം തിടുക്കത്തില്‍ നീന്തി അമാനെ അക്കരെയെത്തിച്ചു.
നിന്റെ ചെകിളക്കിടയില്‍ വിലകൂടിയ ഒരു അമൂല്യരത്‌നം ഭക്ഷണം കഴിക്കുന്ന അവസരത്തില്‍ കുടുങ്ങിയിട്ടുണ്ട്. അതാരെങ്കിലും എടുത്ത് മാറ്റിയാല്‍ നിന്റെ ഇപ്പഴത്തെ വേദനപാടെ ശമിക്കും.
അത് കേട്ടപ്പോള്‍ മത്സ്യത്തിന് തെല്ല് ആശ്വാസമായി അത് അമാനെ സമീപിച്ചു. എന്നാപ്പിന്നെ ആ രത്‌നമെടുക്കാന്‍ അമാന്‍ എന്നെയൊന്ന് സഹായിച്ചുതാ വെറുതെ വേണ്ട പ്രതിഫലമായി ആ രത്‌നം അമാന്‍ സ്വന്തമായി എടുത്തോളൂ
പ്രതീക്ഷയോടെ മത്സ്യം അമാനെനോക്കി. അതിന് നീ വേറെ ആരെയെങ്കിലും നോക്ക് എനിക്കിപ്പോ ഒന്നിനും നേരമില്ല ഇനിയും ഒരുപാട് ദൂരം യാത്രചെയ്യാനും ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുമുണ്ട്. ധൃതിയില്‍ നടന്നുമായുന്ന അമാനെ നോക്കി നദിക്കരയില്‍ കിടന്നു ആ മത്സ്യം വേദനയോടെ പിടഞ്ഞു.. ഇനി ആ മൃഗരാജനെകൂടി കണ്ടു കഴിഞ്ഞാല്‍ എന്റെ ജോലി തീരും. പിന്നെ എത്രയും പെട്ടന്ന് എന്നെകാത്തിരിക്കുന്ന …..പെങ്ങന്മാരുടെ അടുത്തെത്തണം. ഏറെ നാളുകള്‍ക്ക്‌ശേഷം അവര്‍ എന്നെ കാണുമ്പോള്‍ അവരുടെ ഭാവങ്ങള്‍ സന്തോഷപ്രകടനങ്ങള്‍ ഒക്കെ മനസ്സില്‍ കണ്ടുകൊണ്ട് അമാന്‍ നടന്നു.
ഞാനൊരുത്തന്‍ ഇവിടെയിരിപ്പുണ്ട്. ഗര്‍ജ്ജിക്കുന്ന സ്വരത്തില്‍ സിംഹം പറഞ്ഞു. ഞാന്‍ അങ്ങയെ മറന്നതല്ല. എന്തൊക്കെയോ ചിന്തിച്ചങ്ങിനെ നടന്നുപോയി. ക്ഷമാപണസ്വരത്തില്‍ അമാന്‍ പറഞ്ഞു. സാരമില്ല ങാ എന്താ യി എന്റെ കാര്യം ആ മഹാന്‍ മരുന്നു വല്ലതും തന്നുവോ ? അമാന്റെ മറുപടിക്കായ് മൃഗരാജന്‍ തന്റെ ഇടത്തെചെവി നീട്ടി. ഒരു വിഡ്ഡിയുടെ വലത് ചെവി തിന്നുക രാജന്റെ കേള്‍വി പഴയതുപോലെ തിരിച്ചുകിട്ടും.
അത് കേട്ടതും സിംഹം ആഹ്ലാദംകൊണ്ട് തുള്ളിചാടി.
മൃഗരാജനെന്താ ഇത്ര സന്തോഷം. സിംഹം അവനെ ഉഴിഞ്ഞുനോക്കി. എങ്ങിനെ സന്തോഷിക്ക്യാതിരിക്കും മനുഷ്യാ അത്ര എളുപ്പമുള്ള ഒറ്റമൂലിയല്ലേ ആ മഹാന്‍ എനിക്ക് നിര്‍ദ്ദേശിച്ചത്.
അമാന്‍ അത്ഭുതപ്പെട്ടു.
എളുപ്പമുള്ള മരുന്നോ ഈ കൊടുംകാട്ടില്‍ അദ്ദേഹം പറഞ്ഞതുപോലെ ഒരാളെ കണ്ടെത്താന്‍ എളുപ്പത്തില്‍ കഴിയുമോ? സിംഹം ഗര്‍ജ്ജിക്കുംവിധം പൊട്ടിചിരിച്ചു. എന്താ സംശയം രക്ഷപ്പെടാന്‍ ഒട്ടനവധി മാര്‍ഗ്ഗങ്ങള്‍ നിന്റെ മുമ്പില്‍ തുറന്നിട്ടും അതൊക്കെ തട്ടിമാറ്റി മരണത്തിന്റെ മുമ്പില്‍ വന്നുനില്ക്കുന്ന നീ വിഡ്ഡിയല്ലേ. ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡി.. പമ്പര വിഡ്ഡി അതും പറഞ്ഞ് ആര്‍ത്തിയോടെ അമാന്റെ വലത്തേചെവി ഉന്നംവെച്ച്‌കൊണ്ട് സിംഹം ഒരൊറ്റചാട്ടം… പിന്നീട് എന്താ സംഭവിച്ചിരിക്ക്യാ… അതൊക്കെ ഞാന്‍ പറയാതെ തന്നെ എന്റെ കൊച്ചുകൂട്ടുകാര്‍ക്ക് മനസ്സിലായി കാണുമല്ലോ. പക്ഷേ അമാന് മനസ്സിലായില്ല ദിവ്യന്‍ പറഞ്ഞതിന്റെ പൊരുള്. അത് മനസ്സിലാക്കിയിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ പലമാര്‍ഗ്ഗങ്ങളും അവന്റെ മുമ്പില്‍ തുറന്നിരുന്നു.
രാജകുമാരിയേയും നിക്കാഹ് കഴിച്ച് രാജാവാകാം. എന്നിട്ട് സര്‍പ്പകൂട്ടിലെ നിധിയും മത്സ്യത്തിന്റെ രത്‌നവും എടുത്ത് സമ്പത്ത്കൂട്ടാം എന്നിട്ട് തന്റെ ….പെങ്ങന്മാരൊത്ത് സുഖമായി നാടും ഭരിച്ചങ്ങനെ കഴിയാം. അമാന് ഇങ്ങിനെയൊക്കെ ആകാമായിരുന്നില്ലേ എന്ന് നമുക്ക് ചിന്തിക്കാം ഒരു സന്ദര്‍ഭത്തില്‍ അമാനും അങ്ങിനെ ചിന്തിച്ചിരിക്കില്ലേ
തീര്‍ച്ചയായും അവന്‍ ഒരു തവണയെങ്കിലും അങ്ങിനെ ചിന്തിച്ചിരിക്കും അത് എപ്പോള്‍?
സിംഹം അവന്റെ മേല്‍ചാടിവീണ് അവന്റെ വലത് ചെവി കടിച്ചു പറിക്കുമ്പോള്‍…
എന്താ എന്റെ ഉത്തരം ശരിയല്ലേ! ഉത്തരം മാത്രമല്ല നമ്മുടെ ബുദ്ധിയും ശരിയാവണം യുക്തിവേണം ഇതൊക്കെ ഉണ്ടങ്കിലേ നമ്മുടെ പ്രവര്‍ത്തിയും ശരിയായ രീതിയില്‍ മുന്നോട്ട് പോകുകയുള്ളു.
എന്ന് വെച്ചാല്‍ ഏത് പ്രവര്‍ത്തിക്ക് ഒരുങ്ങുമ്പോഴും ഒരു ഉറച്ചതീരുമാനം വേണം. ആ തീരുമാനം ഉറച്ചതാവണമെങ്കില്‍ നൂറുവട്ടം ആലോചിക്കണം. നില്ക്കൂ…ശ്രദ്ധിക്കൂ…മുന്നോട്ട് പോകൂ…