വരാപ്പുഴ പീഡനക്കേസിൽ പ്രതിയായിരുന്നയാളെ അടിച്ചുകൊന്ന് കിണറ്റിൽ തളളിയ നിലയിൽ

119
0

ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വിനോദ് കുമാറിനേയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മഹാരാഷ്ട്രയിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. തിങ്കളാഴ്ചയാണ് മൃതദേഹം റായ്​ഗഡിലെ കാശിദ് എന്ന ​ഗ്രാമത്തിലെ കിണറ്റിൽ കണ്ടെത്തിയത്.

കല്ലുകെട്ടി താഴ്‌ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഹാരാഷ്‌ട്ര പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് വിവരം. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികൾ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

2011ലാണ് വിനോദ് കുമാർ വരാപ്പുഴ പീഡനക്കേസിൽ പ്രതിയാകുന്നത്. കേരളത്തിലെ ആദ്യ വനിത ​ഗുണ്ടയായി ശോഭാ ജോണിന്റെ കൂടെയാണ് ഇയാളെ പൊലീസ് ഈ കേസിൽ പ്രതിയാക്കുന്നത്. കേസിൽ ശോഭാ ജോണിനേയും മുൻ ആർമി ഓഫിസർ ജയരാജൻ നായരേയും കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു. തെളിവില്ലാത്തതിനാൽ വിനോദ് കുമാർ ഉൾപ്പടെയുളള അഞ്ച് പേരെ വിചാരണക്കോടതി വിട്ടയക്കുകയായിരുന്നു.