ലഹരി റോഡുകള്‍ കുരുതിക്കളമാക്കുന്നു

152
0

അമിതവേഗവും അശ്രദ്ധമായ ഡ്രൈവിഗും മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഏറെയും മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. ആളൊഴിഞ്ഞ ഇടങ്ങളില്‍ ദേശീയപാതകളില്‍പോലും മയക്കുമരുന്നുകളും കഞ്ചാവും വില്ക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. ഇതുവഴി സ്ഥിരമായി യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഈ സ്ഥലങ്ങള്‍ അറിയാമെന്നും അവര്‍ യാത്രക്കാര്‍ക്ക് ഇതുവാങ്ങിക്കൊടുക്കാറുണ്ടെന്നുമാണ് പറയുന്നത്. ലഹരിയില്‍ മയങ്ങുന്ന യാത്രക്കാര്‍ അതുപയോഗിച്ച ഡ്രൈവര്‍ ഏതുരീതിയിലാണ് വാഹനമോടിക്കുന്നതെന്ന് ശ്രദ്ധിക്കാനാവാത്ത അവസ്ഥയിലായിരിക്കും.
തമിഴ്‌നാട് കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനത്തുനിന്നും കഞ്ചാവും മറ്റു ലഹരി സാധനങ്ങളും കേരളത്തില്‍ യഥേഷ്ടം എത്തുന്നുണ്ട്. ഇവ മറ്റുസ്ഥലങ്ങളില്‍ എത്തിച്ച് അമിത ലാഭമുണ്ടാക്കുന്ന ഡ്രൈവര്‍മാരെക്കുറിച്ച് പലരും പറഞ്ഞു കേള്‍ക്കുന്നു. ഇത് വിദ്യാര്‍ത്ഥികളിലും മറ്റും എത്തിക്കുന്നതിന് പ്രത്യേകസംഘങ്ങള്‍ തന്നെയുണ്ടെന്നാണ് അറിയുന്നത്. മദ്യത്തിന്റെ ലഹരികൂട്ടാന്‍ കഞ്ചാവ് ഉപയോഗിക്കുവാന്‍ തുടങ്ങിയതോടെ പാലക്കാട്ടുകേന്ദ്രമായി കഞ്ചാവുമാഫിയ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അവിടെ നിന്നും കേരളത്തിന്റെ ഇതരഭാഗങ്ങളിലേക്ക് ലഹരിക്കള്ള് എത്തിക്കുന്നതിന്റെയും ചുക്കാന്‍ പിടിക്കുന്നത് ഈ സംഘങ്ങളാണ്. കേരളത്തിലുല്‍പ്പാദിപ്പിക്കുന്നതിന്റെ എത്രയോ ഇരട്ടി കള്ളാണ് ഇവിടെ വിറ്റുപോകുന്നത്. അതില്‍ നിന്നു തന്നെ വ്യാജക്കള്ളിന്റെ സാന്നിദ്ധ്യം വെളിവാകുന്നതല്ലേ.
അപകടത്തില്‍പെടുന്ന വാഹനങ്ങളില്‍ പലപ്പോഴും അവിഹിതമായി മദ്യവും മയക്കുമരുന്നും കാണപ്പെടുന്നതായി ഔദ്യാഗിക അറിയിപ്പുകളില്‍ കാണാറുണ്ട്. ഭീകരപ്രവര്‍ത്തനത്തിനും ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിനും ആവശ്യമായ പണം സ്വരൂപിക്കുന്നത് പ്രധാനമായും മയക്കുമരുന്നിന്റെ വിപണനത്തിലൂടെയാണ്. ഇതിന്റെ വിപണനം നടക്കുന്നത് കൂടുതലും ടാക്‌സി ടൂറിസ്റ്റു ബസ്സുകളിലൂടെയുമാണ്. ലഹരിമൂത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനം മൂലമുണ്ടാകുന്ന അപകടങ്ങളില്‍ മരണപ്പെടുന്നത് നിരപരാധികളായ കാല്‍നടക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ്. അപകടകാരണവും മറ്റും കൃത്യമായി രേഖപ്പെടുത്താത്തതും വാഹനത്തിന് ആവശ്യമായ ഇന്‍ഷുറന്‍സ് ഇല്ലാത്തതും മൂലമാകാം മരണപ്പെട്ടവര്‍ക്ക് പലപ്പോഴും യാതൊരു പരിരക്ഷയും ലഭിക്കാതെ പോകുന്നു.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിരന്തരവാഹന പരിശോധന ഒരുപരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ പര്യാപ്തമാകുമെന്നു തോന്നുന്നു. പിടിക്കപ്പെടുന്നവര്‍ക്ക് എതിരെ കര്‍ശനനടപടികളും ഉണ്ടാകണം. പിഴചുമത്തലും നല്ലനടപ്പിനുള്ള ഉപദേശവും ഒന്നും പരിഹാരമാവില്ല. ബോധവല്‍ക്കരണത്തിലൂടെ ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗമല്ലിത്. ആഴത്തില്‍ വേരോടിയിരിക്കുന്ന ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടാകാതെ റോഡപകടങ്ങള്‍ നിയന്ത്രിക്കാനാവില്ല. ഉദ്യോഗസ്ഥതലത്തിലുള്ള ശക്തമായ നിയമനടപടികളാണ് ഉണ്ടാവേണ്ടത്.സര്‍ക്കാരിന്റെ നിലപാടാണ് അതിലും പ്രധാനം.