മ്യൂസിയം സ്റ്റേഷനു സമീപമുള്ള റോഡിലുള്ള വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

150
0

തിരുവനന്തപുരം :- മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമുള്ള ഇടറോഡിൽ കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ മുഴുവൻ വാഹനങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മ്യൂസിയം പോലീസ് സ്റ്റേഷൻ ഹuസ് ഓഫീസർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.
കമ്മീഷൻ മ്യൂസിയം പോലീസ് ഇൻസ്പെക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. മ്യൂസിയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വാഹനങ്ങളാണ് മ്യൂസിയം – കനകനഗർ റോഡിന്റെ വശങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തീരെ പഴകിയ വാഹനങ്ങൾ ലേലം ചെയ്യാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാനും സാമൂഹിക വിരുദ്ധ ശല്യം ഒഴിവാക്കാനും സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭയുടെ സ്ക്വാഡ് രാത്രികാലങ്ങളിൽ പരിശോധന നടത്തി മാലിന്യം തള്ളുന്നത് തടയുന്നുണ്ട്.
തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള വെൻഡിംഗ് സോൺ നിർമ്മിക്കുന്നതിനായി ഇറക്കിയിട്ട നിർമ്മാണ സാമഗ്രികൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മുക്കോല സ്വദേശി ജെ. വാമദേവൻ തമ്പി സമർപ്പിച്ച പരാതിയിലാണ് നടപടി.