മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ ഒരു സ്ത്രീപക്ഷ വായന

608
0


രമേഷ്. വി.കെ
മുഖവുരയെ അപ്രസക്തമാക്കുന്ന വ്യക്തിത്വമാണ് മാപ്പിള സാഹിത്യത്തില്‍ മോയിന്‍കുട്ടി വൈദ്യര്‍ക്കുള്ളത്. മുന്‍കാല കവികളില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട വൈദ്യര്‍ പില്‍ക്കാല കവികള്‍ക്കെല്ലാം മാതൃകാപുരുഷനുമായിരുന്നു. ഇതര കവികളെയെന്നപോലെ പ്രണയവും പോരുമാണ് വൈദ്യരുടെ സര്‍ഗ്ഗവ്യവഹാരങ്ങളെ സ്വാധീനിച്ചതെങ്കിലും, ആശയ സ്വീകാര്യതയിലും ആഖ്യാനശൈലിയും കൈവരിച്ച നൂതനത്വം അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. പരമ്പരാഗത സങ്കല്പങ്ങളെ ഉല്ലംഘിക്കുന്നതും സ്വതന്ത്രബോധത്തെ ഉദ്‌ഘോഷിക്കുന്നവയുമായിരുന്നു അവ. ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്ത്രീപക്ഷസമീപനത്തെയും പുനര്‍വായിക്കേണ്ടത്.
ആഖ്യാനരൂപത്തില്‍ വൈദ്യര്‍ രചിച്ച ആദ്യകൃതിയെന്ന ബഹുമതി സലാസീല്‍ കിസ്സപ്പാട്ടിനവകാശപ്പെട്ടതാണ്. ഒരു മരംവെട്ടുകാരന്റെ പുത്രനായ സലാസീല്‍ തന്റെ മാതാവ് നല്‍കിയ പണംകൊണ്ട് മുന്നില്‍ കാണുന്ന പലവസ്തുക്കളും സ്വന്തമാക്കുകയും, ഒടുവില്‍ ഒരു ജിന്നിന്റെ സ ഹായത്തോടെ മഹാത്വീസ് രാജാവിന്റെ പുത്രി ഗനീമത്തിനെ വിവാഹം കഴിക്കുന്നതുമാണിതിലെ പ്രമേയം. പ്രാചീനകവികള്‍ അലംഘനീയ വ്യവസ്ഥയെന്നോണം തുടര്‍ന്നുപോന്നിരുന്ന അംഗപ്രത്യംഗവര്‍ണ്ണനകളാണ് ഗനീമത്തിന്റെ കാര്യത്തിലും വൈദ്യര്‍ തുടര്‍ന്നുപോരുന്നത്. ചെന്താമരപ്പൂവിനൊത്ത മുഖം, താരയല്ലിപോലെ വടിവൊത്ത പുരികം, അഞ്ജനക്കറുപ്പാര്‍ന്ന കണ്ണുകള്‍, മാന്‍പേടയുടെ കഴുത്ത്, കണ്ണഞ്ചിപ്പിക്കുന്ന ആ ഭരണങ്ങള്‍, അന്നനട എന്നിവയെല്ലാം ചേര്‍ന്ന് ആ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ബുദ്ധിമതിയായ അവള്‍ തന്റെ പതിയെ സകല ദുരിതങ്ങളില്‍നി ന്നും രക്ഷിക്കുകയും സൗഭാഗ്യങ്ങളുടെ വിളനിലമായ് വര്‍ത്തിക്കുകയും ചെയ്യുന്നു. ജിന്നുകന്യകയായ കുല്‍ബാന്‍ ആണ് സമാനമായ് എടുത്തു കാട്ടാവുന്ന മറ്റൊരു കഥാപാത്രം. അവരിരുവരുടെയും പകിട്ടിലും പെരുമയിലും അഭിരമിച്ച് കവി ആത്മനിര്‍വൃതിയടയുന്നതായ് കാണാം.
ഇസ്‌ലാമിലെ നാടോടിക്കഥകളെ പുരസ്‌ക്കരിച്ച കിളത്തിമാലയിലും കുറത്തിപദത്തിലും വൃദ്ധകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന മാലാഖമാരെയാണ് വൈദ്യര്‍ ചിത്രീകരിച്ചിരിക്കുന്നത്. നബിയും സ്വഹാബികളും യസ്‌രിബിലെ മസ്ജിദിലിരിക്കവേ ജിബ്‌രീല്‍ മാലാഖ ഒരുവൃദ്ധയുടെ വേഷത്തില്‍ അവര്‍ക്കരികിലെത്തുന്നു. ശിരസ്സില്‍ നിന്നും ഭാണ്ഡം നിലത്തിറക്കി അലിയില്‍ നിന്നും ജലപാനം ചെയ്ത് ക്ഷീണമകറ്റുന്നു. വൃദ്ധയുടെ നിര്‍ദ്ദേശം മാനിച്ച് ഭാണ്ഡം തിരിച്ച് തലയിലേറ്റാന്‍ നബി തന്റെ അനുചരന്മാരെ നിയോഗിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ സ്വപുത്രനും ശിശുവുമായിരുന്ന ഹുസൈന്‍ ആ ചുമട് നിഷ്പ്രയാസം വൃദ്ധയുടെ ശിരസ്സിലേറ്റുന്നു. അനന്തരം നബി ഹുസൈന്റെ ഭാവിഭാസുരതകളെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നതോടെ കൃതി പര്യവസാനിക്കുന്നു. സമാനമായ് ജിബ്‌രീല്‍ മാലാഖ ഒരു കുറത്തിയുടെ വേഷത്തി ലെത്തി ഫാത്തിമാബീവിയുടെ കൈനോക്കുന്നതും, ഹസ്സന്‍, ഹുസൈന്‍ എന്നിങ്ങനെ രണ്ടു പുത്രന്മാര്‍ ജനിക്കാനിരിക്കുന്ന വാര്‍ത്തയറിയിക്കുന്നതുമാണ് കുറ ത്തിപദത്തിലെ ഇതിവൃത്തം. ശിയാസങ്കല്പത്തോട് ചേര്‍ത്തുവയ്ക്കാറുള്ള ഈ രണ്ടു കൃതികളിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഒരലൗകികമാനം കല്പിച്ചതായ് കാണാം.
മാപ്പിള സ്ത്രീത്വത്തിന്റെ സാമൂഹികാംശങ്ങളെ വൈദ്യര്‍ പ്രകടമാക്കുന്നത് പ്രധാനമായും യുദ്ധ കാവ്യങ്ങളായ പടപ്പാട്ടുകളിലൂടെയാണ്. ഉഹ്ദ് പടപ്പാട്ടില്‍ പുരുഷ കേസരികള്‍ക്കൊപ്പം അടരാടുന്ന സ്ത്രീകളുടെ ഒരു നീണ്ടനിരത ന്നെയുണ്ട്. മുസ്‌ലിം പക്ഷത്ത് നബിയുടെ പിതൃസഹോദരീപുത്രി സഫിയാബീവി, പുത്രി ഫാത്തിമ, ഹന്‍ഇലത്തിന്റെ ഭാര്യ ജമീല, സ യ്യിദ്ബ്‌നുല്‍ ആസ്വിന്റെ പത്‌നി നുസൈബ, അസാസിന്റെ മകള്‍ ഹിന്ദ് എന്നിവര്‍ പ്രധാനികളാണ്. മുസ്‌ലിം വിരുദ്ധപക്ഷത്താകട്ടെ അയ്മത്തിന്റെ മകള്‍ ഹിന്ദ്, താരിഖിന്റെ മകള്‍ ഉമ്മുഹക്കീം, വലീദ് ബ്‌നുല്‍ മുശീറയുടെ പുത്രി ഫാത്തിമ, ഹാരിസിന്റെ മാതാവ് സുലീഫത്ത് എന്നിവരാണ് പ്രമുഖര്‍. കേവലം പ്രേക്ഷകരായിട്ടല്ല യുദ്ധഗതിയെ നിയന്ത്രിക്കുകയും സജീവമായ് പോരടിക്കുകയും ചെയ്യുന്ന വരായാണിവരെ ചിത്രീകരിച്ചിരി ക്കുന്നത്. എന്നാല്‍ ബദര്‍ പടപ്പാട്ടിലാകട്ടെ പോരിനെക്കാള്‍ പകിട്ടിനാണ് പ്രാമുഖ്യം. രക്തസാക്ഷികളെ വരവേല്‍ക്കാന്‍ ഒരുങ്ങിച്ച മഞ്ഞെത്തുന്ന ഹൂറികള്‍ സൂര്യ നെക്കാള്‍ ശോഭയുള്ളവരത്രേ. കമനീയമായ പുരികക്കൊടികള്‍, മഴവില്ലഴകൊത്ത നെറ്റിത്തടം, കസ്തൂരിമാനിന്റെ ഗന്ധം, തിളങ്ങുന്ന ഉദരം, രത്‌നങ്ങള്‍ കൊണ്ട് ചിത്രവേല ചെയ്ത വിരലുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ആ സൗന്ദര്യത്തിന് മാറ്റുകൂടുന്നു. ഉപ്പുകടലിലേയ്ക്ക് അവരുടെ ഉമിനീര് പതിക്കുന്നപക്ഷം ആ ജലാശയമാകമാനം മധുരിക്കുമത്രേ. രക്തസാക്ഷികളെ കുടിപ്പിക്കാന്‍ പാനപാത്രവുമേന്തി മത്സരിക്കുന്ന അവര്‍ ആശാപരവശരായ് സല്ലപിക്കുകയും ചെയ്യുന്നു. സുദീര്‍ഘമായ ഇത്തരം വര്‍ണ്ണനകള്‍ക്ക് പ്രാചീന മണി പ്രവാളകൃതികളോടും ചമ്പുക്കളോടും സാദൃശ്യമുണ്ട്. പുരുഷ സമാനമായ് സ്ത്രീത്വത്തെ ഉയര്‍ത്തിക്കാട്ടിയ ഇത്തരം കൃതി കളില്‍ നിന്ന് പില്‍ക്കാല മാപ്പിള കവികള്‍ പല ആശയങ്ങളും സ്വായത്തമാക്കിയിട്ടുണ്ട്.
നായികയുടെ പേരില്‍ പുകള്‍പെറ്റ ബൃഹത്തായ യുദ്ധകാവ്യമാണ് സലീഖത്ത് പടപ്പാട്ട്. ഇബ്‌നുഹിശാമിന്റെ സീറാഖു ദ്‌സിയത്ത് എന്ന ചരിത്രഗ്രന്ഥത്തില്‍ നിന്നാണ് വൈദ്യര്‍ ഈ കൃതിയുടെ ഇതിവൃത്തം സ്വീക രിച്ചത്. സലീഖത്ത് രാജ്ഞിയെ ഇസ്‌ലാമിലേയ്ക്ക് ക്ഷണിക്കാന്‍ തിരുനബി ഒരു ദൂതന്‍ മുഖാന്തരം സന്ദേശം കൊടുത്തയച്ചെങ്കിലും അവള്‍ വഴങ്ങിയില്ല. സുന്ദരിയും തന്റേടിയുമായ സലീഖത്ത് ഒരു ലക്ഷം സൈനികരെ നബിക്കെതിരെ പറഞ്ഞയച്ചു. അംഗബലം കുറഞ്ഞിട്ടും പ്രവാചകന്റെ സൈന്യം അവരെ തുരത്തിയോടിച്ചു. ഏഴുലക്ഷം ഭടന്മാരെ പിന്നീടയച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ രാജ്ഞി തന്നെ നേരിട്ട് യുദ്ധക്കളത്തിലെത്തിയെങ്കിലും പരാജയം സമ്മതിയ്‌ക്കേണ്ടി വന്നു. അല്ലാഹുവില്‍ നബിയ്ക്കുള്ള അചഞ്ചലമായ വിശ്വാസമാണ് തന്റെ പരാജയത്തിനിടയാക്കിയതെന്നു ബോധ്യപ്പെട്ട രാജ്ഞി യുദ്ധമവസാനിപ്പിച്ച് ഇസ്‌ലാം സ്വീകരിക്കുന്നു. നബിയുടെ പൗരുഷത്തിനും ആത്മബലത്തിനും കീഴടങ്ങേണ്ടിവന്നെങ്കിലും ആത്മാഭിമാനത്തിന്റെയും തന്റേടത്തിന്റെയും പ്രതീകമായ് മാപ്പിളസാഹിത്യത്തില്‍ സലീഖത്ത് ജ്വലിച്ചുനില്‍ക്കുന്നു.
മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാണ് മലപ്പുറം പടപ്പാട്ട് അഥവാ മദിനിധിമാല. കുന്നലക്കോനാതിരിയുടെ സാമന്തനായൊരിടപ്രഭുവും മലപ്പുറം ദേശത്തിന്റെ ഭരണാധികാരിയുമായിരുന്ന പാറനമ്പിയും മുസ്‌ലിങ്ങ ളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൃതിയിലെ പ്രമേയം. പള്ളി ചു ട്ടെരിക്കാനെത്തുന്ന പാറനമ്പി യോടെതിരിടാന്‍ മാപ്പിളയോദ്ധാക്കള്‍ കച്ചകെട്ടിയിറങ്ങുന്നു. അവരെ യാത്രയാക്കാന്‍ സ്വഗൃഹത്തി ന്റെ അകത്തളങ്ങളില്‍ നിന്നും പടിപ്പുരവാതില്‍ കടന്ന് പുറത്തിറങ്ങിയിട്ടില്ലാത്ത മുസ്‌ലിം കുടുംബിനികളെയാണ് വൈദ്യര്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉപാംശമായാണവള്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ഭര്‍ത്തൃനിഷ്ഠയും ആത്മനി ഷ്ഠയുമുള്ളവരാണ്. വിധേയവത്കൃതരെങ്കിലും ധാര്‍മ്മികത കൈവിടാത്തവരുമാണ്.
പമ്പരാഗത നായികാസങ്കല്പത്തെ തകര്‍ത്തെറിയാന്‍ വൈദ്യര്‍ക്കു പ്രചോദനമേകിയ പ്രധാനഘടകം പേര്‍ഷ്യന്‍ സാഹിത്യവുമായുണ്ടായിരുന്ന ബന്ധമാണ്. മാപ്പിളസാഹിത്യത്തില്‍ കവിയെ അനശ്വരനാക്കിയ ബദ്‌റുല്‍ മു നീര്‍ ഹുസ്‌നുല്‍ജമാല്‍ തന്നെ ഇത്തരമൊരാധര്‍മ്മ്യത്തിന്റെ ബാ ക്കിപത്രമായിരുന്നല്ലോ. ഖാജാ മുഈനുദ്ധീന്‍ ശാഹ് ശീറാസ് പേര്‍ഷ്യനില്‍ രചിച്ച ഈ പ്രണയ നോവലിന് അറബിമലയാളത്തില്‍ കാവ്യരൂപം ചമയക്കുക യാണ് വൈദ്യര്‍ ചെയ്തത്.
ഹിന്ദ് രാജ്യത്തെ അസ്മീര്‍ പട്ടണം വാണിരുന്ന മഹാസീന്‍ ച ക്രവര്‍ത്തിയുടെ മകളായിരുന്നു ഹുസ്‌നുല്‍ ജമാല്‍. മന്ത്രിയായ മാസാമീറിന്റെ പുത്രന്‍ ബദ്‌റുല്‍ മുനീറില്‍ അവള്‍ ആകൃഷ്ടയായി. അവരുടെ പ്രണയത്തില്‍ അസൂയാലുക്കളായ ചിലരുടെ ഏഷണി കാരണം പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കാതെവന്നു. ഒരുദിവസം വിശ്വസ്തനായോരടി മയെ വിട്ട് ജമാല്‍ തന്റെ കമിതാവിനെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടാന്‍ തയ്യാറെടു ത്തു. അവരുടെ സംസാരം ഒളി ഞ്ഞിരുന്നു കേട്ട അബുസയ്യിദ് എന്ന മുക്കുവന്‍ വിവരം പിതാവിനെ ധരിപ്പിച്ചതോടെ മുനീര്‍ വീട്ടു തടങ്കലിലാകുന്നു. ജമാല്‍ മുനീറിനെ കാത്തിരുന്നു. എന്നാല്‍ അ വിടെയെത്തിയതാകട്ടെ വേഷ പ്രച്ഛന്നനായ അബുസയ്യിദായിരുന്നു. മുനീറെന്നു തെറ്റിദ്ധരിച്ച രാജ്ഞി അവനെയും കുതിരപ്പുറത്തേറ്റി നാടുവിടുന്നു. ഏറെദൂരം പിന്നിട്ടപ്പോഴാണ് തനിക്കു പിണ ഞ്ഞ അബദ്ധം അവര്‍ തിരിച്ചറിയുന്നത്. അബുസയ്യിദിനെ രാജ്ഞി വഴിയിലുപേക്ഷിച്ചു. അവന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും വഴങ്ങിയില്ല. തന്നെ ദര്‍ശിക്കാനും പ്രാപിക്കാനുമായെത്തിയ എല്ലാ കാമകിങ്കരന്മാരെയും ആ സ്ത്രീരത്‌നം വാക്കും വാളുമേന്തി ഒറ്റയ്ക്ക് നേരിടുന്നു. ഒടുവില്‍ ജിന്നുകളുടെ രാജാവായ മുസ്താക്കിന്റെ കൊട്ടാരത്തില്‍ രാജകുമാരി അഭയം തേടി.
ഇതിനിടയില്‍ വീട്ടുതടങ്കലില്‍ നിന്നും മോചിതനായ മുനീര്‍ തന്റെ പ്രേയസിയെത്തേടിയലയുന്നു. ഏറെനാളത്തെ യാത്രയ്‌ക്കൊടുവില്‍ മുസ്താക്കിന്റെ കൊട്ടാരത്തിലെത്തി ഹുസ്‌നുല്‍ ജമാലിനെ ദര്‍ ശിക്കുന്നു. അനന്തരം ജിന്നുകളുടെ അകമ്പടിയോടെ ആ കമിതാക്കള്‍ സ്വരാജ്യത്തിലെത്തിച്ചേര്‍ന്നു. മഹാസീന്‍ തന്റെ പുത്രിയെ മുനീറിനു തന്നെ വിവാഹം ചെയ്തുകൊടുത്തു. ഒപ്പം രാജാധികാരവും കൈ മാറി. തുടര്‍ന്ന് ഖമര്‍ബാന്‍, സുഫൈറ, ജമീല എന്നീ മൂന്നുപേരെക്കൂടി വിവാഹം കഴിച്ച് സൗഭാഗ്യ സമ്പൂര്‍ണ്ണനായ ബദ്‌റുല്‍ മുനീര്‍ ഏറെക്കാലം നാടുവാഴുന്നു.
വര്‍ത്തമാനകാല സാമൂഹികപരി സ്ഥിതിയില്‍ ഇത്തരമൊരാഖ്യാനം പുതുമയുളവാക്കുന്നതല്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിനെ സം ബന്ധിച്ചിടത്തോളം ഇതൊരെടുത്തുചാട്ടമായിരുന്നു. വൈദ്യരുടെ രചനാപാടവവും കവിത്വസിദ്ധിയും ഈ പ്രണയഗാഥയെ ജനകീയമാ ക്കിയെന്നത് കേവലം ഒരുവശം മാത്രമാണ്. മാപ്പിളസാഹിത്യത്തിലും സമൂഹത്തിലും വിപ്ലവാത്മക ചലനങ്ങള്‍ക്കു തുടക്കമിട്ടുവെന്നതാകട്ടെ മറുവശവും. വിശേഷിച്ചും മതപരതയില്‍ മാത്രം തളച്ചിടപ്പെടു കയും ശൃംഗാര കവനരീതിയെ ഒട്ടും പ്രോത്സാഹിപ്പി ക്കുകയും ചെയ്യാത്ത ഒരു സാമൂഹികചുറ്റുപാടിലാണ് ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ പുറത്തിറങ്ങുന്നത്. പ്രണയം പുരുഷനില്‍നിന്നാരംഭിക്കുന്നുവെന്ന പര മ്പരാഗത സങ്കല്പത്തെ ഈ കെട്ടുകാവ്യം തകര്‍ത്തെറിഞ്ഞു. തന്റെ ഇണയെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീയ്ക്കും തുല്യപങ്കാണുള്ളതെന്നുദ്‌ഘോഷിച്ചു. സ്വതന്ത്രവാഞ്ചയുടെ ഉത്തുംഗശൃംഗത്തില്‍ നായികയെ പ്രതിഷ്ഠിച്ച കൃ തിയാണ് ഹുസ്‌നുല്‍ ജമാല്‍. ആശാന്‍ നളിനിയിലൂടെയും ലീലയിലൂടെയും ദുരവസ്ഥയിലൂടെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച സ്ത്രീത്വത്തിന്റെ സ്വതന്ത്ര ബോധത്തെ മൂന്നുദശകങ്ങള്‍ക്കു മുമ്പേ ഒരു സമാന്തരശാഖയിലൂടെ വൈദ്യര്‍ സാര്‍ത്ഥ കമാക്കുകയായിരുന്നുവെന്ന് പണ്ഡിതലോകം നിരീക്ഷിച്ചിട്ടുണ്ട്. യാഥാസ്ഥിതികതയ്‌ക്കെതിരെ തുറന്നടിച്ച ഈ കാവ്യം കാലാതീതമായ്ത്തീര്‍ന്നതിനു കാരണവും മറ്റൊന്നല്ല.
അഞ്ച് ഇശലുകളില്‍ രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് മൂലപ്പുരാണം. ദമ്പതിമാരായ അലിയും ഫാത്തിമാ ബീവിയും തമ്മിലുണ്ടായ ബൗദ്ധികമായൊരു തര്‍ക്കവും അതിന്റെ ശുഭകരമായ പരിസമാപ്തിയുമാണ് ഈ കൃതിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. മാതൃകാദാമ്പത്യത്തെ ഉദ്‌ഘോഷിക്കുന്ന ഈ ലഘുകാവ്യം സ്ത്രീകള്‍ വിദ്യാസമ്പന്നരും ബുദ്ധിമതികളുമായിരിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
സര്‍ഗ്ഗതലത്തിലും സാമൂഹിക ജീവിതക്രമങ്ങളിലും പുരുഷാധിപത്യം കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലാണ് വൈദ്യരുടെ കൃതികളേറെയും പിറവിയെടുത്തത്. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഒട്ടേറെ പരിമിതികളനുഭവിച്ചിരുന്ന മുസ്‌ലിം സ്ത്രീവിഭാഗത്തെ കെട്ടുപാടുകളില്‍ നിന്നെല്ലാം മോചിപ്പിക്കാനും മുഖ്യധാരയിലേയ്ക്കുയര്‍ത്താനും വൈദ്യരുടെ കൃതികള്‍ക്ക് സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് സ്വസമുദായത്തിലലയടിച്ച മതന വീകരണപ്രസ്ഥാനങ്ങള്‍ക്കും നവോത്ഥാനചിന്തകള്‍ക്കും വൈദ്യരുടെ സ്ത്രീപക്ഷ രചനകള്‍ പ്രചോദനമേകിയിട്ടുണ്ടെന്ന വസ്തുതയെ സമകാലിക പരിതസ്ഥിതിയില്‍പ്പോലും നിഷേധിക്കാവുന്നതല്ല.