മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

409
0

തിരുവനന്തപുരം; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2017 ജൂലൈ ഒന്നു മുതലുള്ള അല്ലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്കാത്തതിനാൽ, പ്രതിഷേധിച്ചു സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുടെ മുന്നിലും മെഴുകുതിരി തെളിയിച്ചു പ്രതിഷേധം നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാനപ്രസിഡന്റ്‌ ഡോ ബിനോയ്‌ എസും, കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ ഭാസ്കർ പ്രതിഷേധം ഉൽഘാടനം ചെയ്തു.

കേരളത്തിലെ കോവിഡ്‌ വ്യാപനം തടയാൻ കഠിന പ്രയത്നം നടത്തിയ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹതപ്പെട്ട ശമ്പള കുടിശ്ശിക നൽകാത്തതിനെതിരെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ വിവിധ പ്രതിഷേധപരിപാടികൾ നടത്തും.
ഡോക്ടർമാർക്ക് കുടിശ്ശിക ആയി കിട്ടാനുള്ള ശമ്പളവും അലവൻസുകളും പൂർണ്ണമായി നൽകാതെ തുച്ഛമായ തുകയാണ്‌ നൽകിയത്.
സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും മാന്യമായ ശമ്പള വർദ്ധന നൽകിയപ്പോൾ, സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തിൽ നിന്നു കര കയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് നാമ മാത്രമായ ആനുകൂല്യങ്ങളാണ് കൊടുത്തത്.

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് 2016 ൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം 2020 വരെ നീണ്ടു പോയി.
ഈ കാലയളവിൽ കിട്ടേണ്ട അലവൻസുകൾ അടക്കമുള്ള ശമ്പള കുടിശ്ശിക ലഭിച്ചില്ല.
ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർക്കാരുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിൽ സർക്കാരിന്റെ പ്രതിനിധിയായ ആരോഗ്യസെക്രട്ടറി തന്നെ, മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് 2017 ജൂലൈ ഒന്ന് മുതൽ ശമ്പളകുടിശ്ശിക അടക്കമുള്ള അരിയറിനു അർഹതയുണ്ടെന്നു പറയുകയും മിനുട്ട് ചെയ്തതുമാണ്. പിന്നീടു ഇക്കാര്യം സംഘടന ധനകാര്യ മന്ത്രിയുമായും ചർച്ച ചെയ്തതാണ്.
എന്നാൽ ഓർഡർ വന്നപ്പോൾ, 2019 ജൂലൈ ഒന്നു മുതൽ മാത്രമാണ് അലവൻസിന്റെ അരിയർ അനുവദിച്ചത്.
2017 ജൂലൈ ഒന്നു മുതൽ, 2019 ജൂൺ 30 വരെയുള്ള അലവൻസിന്റെ അരിയർ നഷ്ടപ്പെട്ടു. അതു ഞങ്ങൾക്ക് തരണം.

മിനുട്ടഡ് മീറ്റിംഗിൽ എൻട്രി കേഡറിൽ ശമ്പളത്തിന്റെ അപാകതയും, കരിയർ അഡ്വാൻസിമെന്റ് പ്രൊമോഷന്റെ സമയപരിധി കുറക്കുന്ന കാര്യം സർക്കാർ അംഗീകരിച്ചെങ്കിലും, അതിന്റെയും ഉത്തരവ് ഇറങ്ങിയിട്ടില്ല. അതും ഉടൻ ഇറക്കണം.
ഇതെല്ലാം ലഭിക്കുന്നതിന് വേണ്ടി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.
അതിനാൽ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ താഴെപറയുന്ന പ്രതിഷേധപരിപാടികൾ നടത്തുന്നു.

നേരത്തെ 10/3/2021 നു സെക്രെട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും എന്നു തീരുമാനിച്ചിരുന്നു. എന്നാൽ ബഹു : മന്ത്രിയുടെ ഓഫീസിന്റെ അഭ്യർത്ഥന പ്രകാരം സെക്രട്ടേറിയറ്റിന്റെ മുന്നിലെ പ്രതിഷേധം 17/3/2021ലേക്ക് മാറ്റിവെയ്ക്കുന്നു.

എന്നാൽ 10/3/2021നു എല്ലാ മെഡിക്കൽ കോളേജിലും വൈകിട്ട് 6.30നു മെഴുകുതിരി കൊളുത്തി പ്രതിഷേധം നടത്തി.

17/3/2021 നു സെക്രെട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും.അന്നേ ദിവസം വൈകിട്ട് , മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രെസ്സ് കോൺഫറൻസ് നടത്തും. പ്രതിഷേധങ്ങൾക്ക് എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കും.

മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കൽ കോളേജ് ഡോക്ടർമാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.

കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ) സംസ്ഥാന സമിതിക്കു വേണ്ടി,

ഡോ ബിനോയ്‌ എസ്‌
സംസ്ഥാനപ്രസിഡന്റ്‌

ഡോ നിർമ്മൽ ഭാസ്കർ
സംസ്ഥാനസെക്രട്ടറി