മുത്തച്ഛന്റെ മൂത്രക്കുപ്പികള്‍

755
0

കെ.ആര്‍.പ്രദീപ്
വര: സാബു മടുക്കാനില്‍


മീറ്റിങ്ങിന്റെ ഇടയില്‍ പല പ്രാവശ്യം തന്റെ സെല്‍ ഫോണിന്റെ കമ്പനം വിശ്വനാഥന്‍ അറിഞ്ഞിരുന്നു. കമ്പനിയുടെ ഭാവി പരിപാടികളെ പറ്റി വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള ചര്‍ച്ചകളില്‍ ആയിരുന്നത് കൊണ്ട് വിളികള്‍ പിന്നീട് നോക്കാം എന്ന് വെച്ചു. ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ ഉച്ചയായി. ഉടനെ തന്നെ നാട്ടിലേക്കു തിരിച്ചു പോവാനുള്ളത് കൊണ്ട് ഉച്ചഭക്ഷണവും കഴിഞ്ഞാണ് ഫോണ്‍ നോക്കിയത്.അഞ്ചു മിസ്സ്‌കാളുകളും ഒരു മെസ്സേജും.എല്ലാം നാട്ടില്‍ നിന്നാണ്. കാളുകള്‍ അച്ചന്റേതും സന്ദേശം നാട്ടിലെ ചങ്ങാതി പ്രസാദിന്റേതും.
സന്ദേശം ആണ് ആദ്യം നോക്കിയത്. ‘your grandfather kicked the bucket at 10.00 this morning. പെട്ടെന്ന് തന്നെ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല.അച്ചനെ വിളിച്ചു വിവരം സ്ഥിരീകരിച്ചു. ഇന്നലെ പുറപ്പെടുമ്പോള്‍ മുത്തച്ഛന് പ്രത്യേകിച്ച് ക്ഷീണം ഒന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിലും ശാരീരിക പരാധീനതകള്‍ ഒന്നും അങ്ങനെ വകവെച്ചു കൊടുക്കുന്ന ആള്‍ ആയിരു ന്നില്ലല്ലോ. ഈ തൊണ്ണൂറ്റിആറാം വയസ്സിലും മൂത്രഗ്രന്ധിയില്‍ ഉണ്ടായിരുന്ന വീക്കവും അതിനോടനുബന്ധിച്ചുള്ള ആലോസരങ്ങളും ഒഴിച്ചാല്‍ നല്ല അ ധ്വാനി ആയിരുന്ന ആ കര്‍ഷകനെ തോല്‍പ്പിക്കാന്‍ മറ്റൊരസുഖവും ധൈര്യപ്പെട്ടിരുന്നില്ല.
മടക്കയാത്ര വൈകിട്ട് ഏഴു മണിക്കുള്ള ഇന്റര്‍ സ്റ്റേറ്റ് ബസില്‍ ആണ്.ചെന്നൈയില്‍ നിന്നും അതാണ് സൗകര്യം.അതി രാവിലെ നാട്ടില്‍ എത്തും. അതു മതി എന്നും അച്ഛന്‍ പറഞ്ഞു. പോരാത്തതിനു ദില്ലിയില്‍ നിന്നും വലിയച്ഛന്‍ എത്തിയതിനു ശേഷമേ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുകയുമൂള്ളൂ. പെട്ടെന്ന് തന്നെ ഹോട്ടലില്‍ നിന്നും ചെക്ക് ഔക്ക് ചെയ്തു. ഉച്ചസമയത്തെ വിശ്രമത്തില്‍ നിന്നും മഴ വീണ്ടും ഉണര്‍ന്നിരിക്കുന്നു.ഇനിയും ഒരു മണിക്കൂര്‍ കൂടി ഉണ്ട് വണ്ടിവരാന്‍. ഒരു കമ്പ്യൂട്ടറും മൂന്ന് നാല് കസേരകളും മാത്രമുള്ള ട്രാവല്‍സിന്റെ കുടുസ്സു മുറിയില്‍ കയറി ഇരുന്നു. മാനേജര്‍ പയ്യന്‍ പുതച്ചു മൂടി കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിപ്പുണ്ട്.
പ്രസാദിനെ വിളിക്കാന്‍ വീണ്ടും പല തവണ ശ്രമിച്ചു. ഏറ്റവും അടുത്ത രണ്ടു ചങ്ങാതിമാരില്‍ ഒരാള്‍ അവനാണ്.മറ്റേതു മുത്തച്ഛനും. പ്രേമിച്ച പെണ്ണിനേയും കര്‍ണാടക സംഗീതവും പാര്‍ട്ടി പ്രവര്‍ത്തനവുമായി സന്തോഷമായി കഴിയുന്ന അവനെയും തന്നെയും ചേര്‍ത്തു ‘ബുദ്ധ ശുക്രന്മാര്‍’ എന്നാണ് മുത്തച്ഛന്‍ പരാമര്‍ശിക്കാറ്. ഏതു തിരക്കിലും വിളിപ്പുറത്തു അവനുണ്ട്. പക്ഷെ ഇപ്പോള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കിട്ടാറുള്ള പലതരത്തിലുള്ള ഖേദസന്ദേശങ്ങള്‍ മധുര വാണിയില്‍ കിട്ടിയതല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാ യില്ല.
പുറത്തു മഴ വീണ്ടും കനത്തു. വണ്ടി എത്താന്‍ ഒന്നര മണിക്കൂര്‍ താമസിച്ചു. കുറച്ചു യാത്രക്കാര്‍ മാത്രമേ കയറാന്‍ ഉണ്ടായിരുന്നുള്ളൂ. കഷ്ടിച്ച് കുറച്ചു ബിസ്‌കറ്റും ഒരു കുപ്പി വെള്ളവും മാത്രം കരുതി. രജനി അണ്ണന്റെ ഏതോ ഒരു തട്ടുപ്പൊളിപ്പന്‍ തമിഴ് സിനിമ വണ്ടിയിലെ ടിവിയില്‍ ഓടുന്നുണ്ട്. സാധാരണ രാത്രി യാത്രകളില്‍ ഉറക്കം വരുന്നത് വരെ മനസ്സിനെ ഇത്തരം സിനിമകളിലെ നായികാനായകന്മാരോടൊപ്പം ആടിപ്പാടാന്‍ വിടാറാണ് പതിവ്. പക്ഷെ ഇപ്പോള്‍ കുട്ടിക്കാലം മുതല്‍ കൂടെ ഉണ്ടായിരുന്ന ഒരു വീര നായകനെ പറ്റിയുള്ള ഓര്‍മ്മകളാണ് പുറത്തെ ഘോര വിഷയത്തോടൊപ്പം മനസ്സില്‍ പെയ്തിറങ്ങുന്നത്. മുത്തച്ഛന്റെ ജീവിത ശൈലിയും സ്വഭാവവും അങ്ങനെ ഒരു പരിവേഷം ആണ് നാട്ടില്‍ സൃഷ്ടിച്ചിരുന്നത്.
പ്രസാദ് സന്ദേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ അയാള്‍ ഓര്‍ത്തു. മൂത്ര സം ബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് രാത്രിയില്‍ സൗകര്യത്തിനു വേണ്ടി ഒരു ചെറിയ ബക്കറ്റ് കട്ടിലിനരികില്‍ വെച്ചിരുന്നു. ഒരിക്കല്‍ മൂത്രം ഒഴിക്കാന്‍ പുറത്തു പോവാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ഒന്ന് വീണു. അതിനുശേഷം ആണ് വളരെ നിര്‍ബന്ധിച്ചു ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.തമാശ രൂപേണ ഒരിക്കല്‍ അദ്ദേഹത്തിനോട് പറയുകയും ചെയ്തു.”ഇത് തട്ടി മറിക്കരുത്. ”
”നീ പോടാ. തട്ടി മറിച്ചാല്‍ എന്നാ ?”
”ഇവിടെയൊക്കെ നാറും . പോരെങ്കില്‍ ഇംഗ്ലീഷില്‍ അങ്ങനെ ചെയ്യുന്നതിന് വേറെ അര്‍ത്ഥവും ഉണ്ട്.” അങ്ങോട്ടും ഇങ്ങോട്ടും സ്‌നേഹം നിറഞ്ഞ തറുതലകള്‍ പറഞ്ഞു രസിക്കുന്നത് ഒരു പതിവായിരുന്നു.
”ഓ ഇനി ഇംഗ്ലീഷും അര്‍ത്ഥവും ഒക്കെ പഠിക്കേണ്ട ഒരു കുറവും കൂടിയേ ഉള്ളൂ .” കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ചിരിച്ചുകൊണ്ട് പിന്‍മാറി. മരിച്ചു എന്നറിയിക്കാന്‍ അവര്‍ ഉപയോഗിച്ച പ്രയോഗത്തിലെ യാദൃശ്ചികത അ ത്ഭുതപ്പെടുത്തി.
കൊച്ചുമക്കളില്‍ ഏറ്റവും താല്പര്യം തന്നോടായിരുന്നു. ഒരു വലിയ കുടുംബത്തിനു കഴിയാന്‍ മാത്രം കൃഷിയും കൃഷിഭൂമിയും സ്വന്തമായി ഉണ്ടായിരുന്നിട്ടും അദ്ദേഹം ജീവിച്ചത് ഒരു ജന്മിയുടെ രീതിയിലല്ല. പാടത്ത് പണി നടക്കു മ്പോള്‍ ഉടമസ്ഥര്‍ ആര് വേലക്കാര്‍ ആര് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം അവര്‍ക്കൊപ്പം കൂടിയിരുന്നു, ജാതിയും മതവും തൊട്ടുകൂ ടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് പോലും അങ്ങനെ തന്നെ ആയിരുന്നു. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിച്ചു, വാക്കുകള്‍ക്ക് വിലകൊടുത്തു.
അദ്ദേഹത്തിന് വഴങ്ങാത്ത ഒന്നും ഉണ്ടായിരുന്നില്ല. കൃഷി കഴിഞ്ഞാ ല്‍ പ്രാധാനമായി ചെയ്തിരുന്നത് ദേഹണ്ണം ആയിരുന്നു.പിന്നെ ഓലപ്പരകള്‍ ധാരാളമായുണ്ടായിരുന്ന പ്രദേശത്തെ ഓലപ്പുരകള്‍ മേയാന്‍, ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് ഹോട്ടല്‍ നടത്തിപ്പ്, അങ്ങനെ എന്തെല്ലാം.നാട്ടിലെ കുളങ്ങള്‍ വ്യത്തി യാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ടീം വേറെ. പെണ്ണു ങ്ങളുടെ മേഖലയായിരുന്ന ഓലമെടയല്‍, കയറുപിരിക്കല്‍ എന്നിവ യിലെ കലാനിപുണത അവരെപ്പോലും അദ്ഭുതപ്പെടുത്തിയിരുന്നു. എല്ലാറ്റിനുപരി നാട്ടിലെ ഏതു പ്രശ്‌നങ്ങളെയും പരിഹരിക്കാനുള്ള അവസാന വാക്ക്. അതിനെ ആരും എതിര്‍ത്തിരുന്നില്ല. എതിര്‍ത്താല്‍ തന്നെ നടക്കാറുമില്ല. ദുസ്വഭാവവും ഉണ്ടായിരന്നു. എല്ലാ ദിവസവും അടുത്തുള്ള കള്ള്ഷാപ്പ് സ ന്ദര്‍ശനവും കൂട്ടുകാരമായുള്ള മദ്യ സേവയും. മദ്യം എന്ന് വെച്ചാല്‍ ശുദ്ധമായ തെങ്ങിന്‍ കള്ള്. പക്ഷെ ഒരിക്കലും അമിതമായി കഴിച്ചതാ യോ അതിനോടനുബന്ധിച്ചു കശ പിശയില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് താനും. മുത്തശിയുമായി. മറുപടി യായി ഒരു ചെറു ചിരിയുമായി ഉറ ങ്ങാന്‍ പോവുന്ന മുത്തച്ഛന്റെ രൂപം ബാല്യ കാലസ്മരണകളില്‍ ഇപ്പോ ഴും ഉണ്ട്. മുത്തശിയുടെ ആവലാതി കള്‍ മദ്യപിക്കുന്നതില്‍ ആയിരുന്നി ല്ല.ഒരിക്കലും നിലവിടില്ല എന്ന വി ശ്വാസം അവര്‍ക്കുണ്ടായിരുന്നു. പരിദേവനങ്ങള്‍ മുഴുവനും അന്യ ജാതിമതക്കാരുടെ ചങ്ങാത്തതിനെ കുറിച്ചായിരുന്നു. പക്ഷെ അദ്ദേഹ ത്തിന്റെ സുഹൃത്തുക്കള്‍ എല്ലാം മുത്തശ്ശിക്ക് കൊടു ത്തിരുന്ന സ്ഥാനം സ്വന്തം അമ്മക്കോ ജ്യേഷ്ഠ സഹോ ദരിക്കോ തുല്യമായിരുന്നു.
അദ്ദേഹത്തിന്റെ ആറു മക്കളില്‍ അച്ഛനും വലിയച്ഛനും ഒഴിച്ചാല്‍ ബാക്കി നാല് പേര്‍ പെണ്‍മക്കള്‍ ആയിരുന്നു. മക്കളെ എല്ലാം പള്ളിക്കൂടങ്ങളില്‍ കൊണ്ടു ചേര്‍ത്ത തല്ലാതെ അതിന്റെ ഒക്കെ പിറകെ പോകാനൊന്നും അ ദ്ദേഹം മെനക്കെട്ടില്ല. പിന്നെ അവരാരും പാഴായി പോവി ല്ല എന്ന ആത്മവിശ്വാസവും നേര്‍വഴിക്കു നയിക്കാന്‍ അല്ലാതെ അധ്യാപകന്‍ എന്നാത്തിനാ എന്ന ചോദ്യവും. വലിയച്ഛന്‍ പട്ടാളത്തില്‍ ചേര്‍ന്നു പുറത്തുപോയി. അച്ഛന്‍ അടുത്ത സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലികിട്ടി. ചെറിയമ്മമാര്‍ കല്യാണം കഴിഞ്ഞു ദൂര സ്ഥലങ്ങളിലും, അങ്ങനെ മുത്തച്ഛനും മുത്തശ്ശിയും തങ്ങ ളുടെ കൂടെയായി. താഴെയുള്ളവര്‍ രണ്ടുംപേരും അനു ജത്തിമാര്‍ ആയിരുന്നത് കൊണ്ട് മുത്തശ്ശന്‍ പല കാര്യ ങ്ങള്‍ക്കും തന്നെ കൂടെ കൂട്ടുമായിരുന്നു. ഗ്രാമം മൊത്തം വളര്‍ച്ചയുടെ പല ഘട്ടങ്ങളില്‍ ആയി കണ്ടു തീര്‍ത്തത് അങ്ങനെ ആണ്. എവിടെ ചെന്നാലും അദ്ദേഹത്തിന്റെ ചെറുമകന്‍ എന്ന അംഗീകാരവും. ഒരു പക്ഷേ അങ്ങനെ വളര്‍ന്നത് കൊണ്ടാവാം നല്ല നിലയില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പതിയില്‍ ജോലി കിട്ടിയിട്ടും നാട് വിടാന്‍ ഒരിക്കലും അയാള്‍ക്ക് തോന്നാതിരുന്നത്.
”ഈ എമ്മെന്‍സി എന്നു വെച്ചാല്‍ എന്നതാടാ ?” ജോലി കിട്ടിയപ്പോള്‍ അദ്ദേഹം ചോദിച്ചു.ഉത്തരം കൊ ടുത്തപ്പോള്‍ പാട വരമ്പില്‍ നിന്നു കൊണ്ടു തന്റെ മുന്‍ പില്‍ വിശാലമായി പരന്നു കിടക്കുന്ന പച്ച കടലിനെ ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു.
”നീ ഇതു കണ്ടോ ഇതായിരുന്നു എന്റെ എമ്മെന്‍സി. ഇതു വേണ്ടാന്നുവെച്ചതാ ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. കുടിക്കാനുള്ള വെള്ളം പോലും കുപ്പിയില്‍ കൊണ്ടു നടക്കണം… ” ബസ് അതി ന്റെ സാധാരണ വേഗത്തില്‍ അല്ല ഓടുന്നത്. പുറത്തു പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. അകത്തേയും പുറത്തെയും തണുപ്പ് കൂടിച്ചേര്‍ന്നു അസഹനീയമായി വരുന്നു. സീറ്റില്‍ വെച്ചിരുന്ന കമ്പിളി എടുത്തു നന്നായി പുതച്ചു.
”മുത്തച്ഛന് തണുപ്പ് എന്താണെന്നറിയില്ലേ ?” ഒരു കുപ്പായം ഇട്ടോ പുതച്ചോ കണ്ടിട്ടില്ലാത്ത അദ്ദേഹത്തോട് ഒരിക്കല്‍ ചോദിച്ചു.
ഒരു ചെറു ചിരിയോടെ സ്വന്തം കയ്യിലെ ചുളുങ്ങിയ തൊലി നുള്ളി കാണിച്ചു കൊണ്ടു പറഞ്ഞു. ”ഇതു കണ്ടോ. ഇതാണ് എന്റെ പുതപ്പ് ഇതിനടിയിലേക്കു ഒരു തണുപ്പും കയറി വരൂല്ല.” കൊടിയ വേനലിലും പാടത്തു നി ന്നോ പറമ്പില്‍ നിന്നോ കയറി വരുന്ന മു ത്തച്ഛന് വിയര്‍പ്പിന്റെ ദുര്‍ഗന്ധവും ഉണ്ടാ യിരുന്നില്ല.
മക്കളുടെ ഉത്തരവാദിത്തങ്ങള്‍ തീര്‍ന്നിട്ടും കൃഷിതുടര്‍ന്നു. പിന്നെ പിന്നെ പാടത്തു പ ണിയെടുക്കാന്‍ ആളെ കിട്ടാതായി. കൂടെയു ണ്ടായിരുന്ന ചങ്ങാതികളില്‍ പലരും മ ണ്ണോടു ചേര്‍ന്നു. പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി നേരത്തെ കുറെ നിലം വില്‍ക്കേണ്ടി വന്നിരുന്നു. പ്രായമായി തുട ങ്ങി എന്ന കാരണം പറഞ്ഞു മക്കള്‍ എല്ലാവരും ഈ നഷ്ട കച്ചവടത്തെ എതിര്‍ത്തു. ഒരുപാട് നിര്‍ബന്ധങ്ങ ള്‍ ക്കെടുവില്‍ കൃഷി ചെയ്യാന്‍ താ ല്പര്യം ഉള്ള ആള്‍ക്ക് മാത്രം വില്‍ ക്കാം എന്നു ഒരു വിധത്തില്‍ സമ്മ തിച്ചു. സ്വന്തം കൃഷിയിടം ഒരു ജഡ മായി കിടക്കുന്നതു കാണാന്‍ അദ്ദേ ഹത്തിന് കരുത്തില്ലായിരുന്നു. ജീ വിതവും ജീവതമാര്‍ഗ്ഗവും ഈ ഭൂമി ആയിരുന്നു. ഒടുവില്‍ നാട്ടില്‍ നി ന്നും വിദേശത്തേക്ക് ചേക്കേറിയ ജമാലിന് നിലം വിറ്റു. എല്ലാം മതി യാക്കി തിരിച്ചു വന്നു കൃഷി ചെയ്യാ ന്‍ പോവുന്നു എന്നായിരുന്നു വാഗ് ദാനം. മുത്തശ്ശന്‍ കരഞ്ഞു കണ്ടത് രണ്ടു സന്ദര്‍ഭങ്ങളില്‍ ആണ്. മുത്ത ശ്ശി മരിച്ചപ്പോഴും പിന്നെ സ്വന്തം കൃഷിനിലം കച്ചവടമായപ്പോഴും.
അന്യന്റെ മുതലായി പോയ ആ ഭൂമിയിലേക്ക് കുറെ നാള്‍ പതിവായി മുത്തച്ഛന്‍ പോകുമായിരുന്നു. പല പ്പോഴും തന്നെയും കൂട്ടി. പഴങ്കഥ കളും പറഞ്ഞു കുറെ സമയം വര മ്പത്തിരിക്കും. അതാ അവിടെ വെ ച്ചാണ് ഏലി പെലക്കള്ളിയെ തങ്കന്‍ പുലയന്‍ കൊയ്ത്തരിവാളിനു അരിഞ്ഞു വീഴ്ത്തിയത്. ചത്തെ ന്നുറപ്പാക്കിയ തങ്കന്‍ നേരെ പോ യ ത് പോലീസ് സ്റ്റേഷനിലേക്കാണ്. അപ്പോഴും കയ്യില്‍ പിടിച്ചിരുന്ന ചോ രപുരണ്ട അരിവാള്‍ താഴെ ഇടി ക്കാന്‍ അന്നത്തെ ഇടിയന്‍ പോലീ സുകാര്‍ക്ക് മുത്തച്ഛന്റെ സഹായം തേടേണ്ടി വന്നു. ‘തങ്കാ’ എന്ന ഒരു വിളിയില്‍ അയാളുടെ രോഷവും ദുഃഖവും അലിഞ്ഞെടുങ്ങി.അരി വാള്‍ മുത്തച്ഛന്റെ കാല്‍ക്കല്‍ വെച്ചു. കൊലക്കു പിന്നിലെ കാരണം മു ത്തച്ഛന് പോലും അറിയാന്‍ പറ്റി യില്ല. പക്ഷേ അയാള്‍ നല്ലൊരു മ നുഷ്യനായിരുന്നു എന്നു അദ്ദേഹം പറയുമായിരുന്നു. കൊലപാതകി യായ തങ്കന്‍ പുലയനെ മനുഷ്യ രുടെ കോടതിയും ദൈവത്തിന്റെ കോടതിയും ശിക്ഷിച്ചു. ജീവപര്യ ന്തം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ ഭ്രാന്തു പിടിച്ചു ജയില്‍ മോചിത നായ അയാള്‍ കുറെ കാലം നാട് മുഴുവന്‍ അലഞ്ഞു നടന്നു. ഒരു മീന വേനലില്‍ വരണ്ട പാട വരമ്പ ത്തു ജീവനറ്റു കിടന്ന അയാളുടെ ശരീരം ഏറ്റെടുക്കാന്‍ മക്കള്‍ പോ ലും തയ്യാറായില്ല. അയാളെ മണ്ണോ ടു ചേര്‍ക്കാനും മുത്തച്ഛന്‍ മുന്‍കൈ എടുക്കേണ്ടി വന്നു. ഇതേ വയലിന്റെ തെക്കേ മൂലയില്‍. പടിഞ്ഞാറു ഭാഗ ത്തു കാണുന്ന ആ തറയിലെ തെങ്ങിന്‍ ചുവട്ടില്‍ ആണ്. നാലു ഭര്‍ത്താക്കന്മാ രുണ്ടായിരുന്ന ഭവാനി കൊയ്ത്തിനി ടയില്‍ തന്റെ പതിനാലമത്തെ കെച്ചി നെ പ്രസവിച്ചത്. പ്രസവത്തിന്റെ പിറ്റേ ദിവസം മുതല്‍ വീണ്ടും ഭവാനി കൊ യ്യാനും മെതിക്കാനും വന്നു. അതാ യിരുന്നു. അന്നത്തെ പെണ്ണിന്റെ കരു ത്ത്. അങ്ങനെ എത്ര എത്ര കഥകള്‍.
കൃഷിയൊക്കെ നിര്‍ത്തിയിട്ടും അതിനോടനുബന്ധിച്ചുള്ള ആയുധ ങ്ങള്‍ എല്ലാ അദ്ദേഹം സൂക്ഷിച്ചു വെ ച്ചു.തൂമ്പയും അരിവാളും പത്താ യ വും നെല്ലുണക്കാനുള്ള വലിയ പായകളും പുഴുങ്ങാനുള്ള കുട്ടകങ്ങളും ഉള്‍പ്പെട്ട ഖജനാവില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതു ഒരു വലിയ ചക്രം ആയിരുന്നു.തടി കൊണ്ടുള്ള ആ യന്ത്രമാണ് താളവും പാട്ടുമായി വര്‍ഷ കാലങ്ങളില്‍ വിളയുടെ ജയപരാജ യങ്ങള്‍ നിര്‍ണയിച്ചിരുന്നത്. പാടവരമ്പി ല്‍ അതിനെ ഉറപ്പിക്കാനും ചവിട്ടി കറക്കി ജലവിതാനങ്ങള്‍ നിയന്ത്രിക്കാ നും പ്രത്യേക വൈദഗ്ദ്യം തന്നെ വേ ണം. പലപ്പോഴും കറക്കം നിലച്ചു പോ യ അതിന്റെ ഇതളുകളില്‍ തഴുകി തലോടി ഒരു ധ്യാനത്തിലെന്നപോലെ ഇരിക്കുന്ന മുത്തച്ഛനെ കണ്ടിട്ടുണ്ട്. താന്‍ മരിച്ചു കഴിയുമ്പോള്‍ തലക്കല്‍ വയ്ക്കുന്ന നിലവിളക്കിനോടൊപ്പം ഇതിനെയും വെക്കണം എന്നു പല പ്പോഴും പറയുമായിരുന്നു.
നാട്ടിലോ മൂന്നോ നാലോ വീടുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം ഓല മേഞ്ഞ വയായിരുന്നു. മുത്തച്ഛന്റെ ചെറുപ്പ ക്കാലത്തു മറയും മേല്‍ക്കൂരയും എല്ലാം ഓല കൊണ്ടുള്ളവ, തറയും ഭിത്തിയും തട്ടിന്‍പുറങ്ങളും ഉണ്ടെങ്കി ലും മേല്‍ക്കൂര ഓല മേഞ്ഞവ അങ്ങ നെ പലതരത്തില്‍. നന്നായി മെടഞ്ഞ ഓലകളാണെങ്കില്‍ ഒരു തുള്ളി വെള്ളം പോലും ചേര്‍ന്നു വീഴില്ല. വര്‍ഷാവര്‍ഷങ്ങളില്‍ സാമ്പത്തി കമായി കുറച്ചു ഭേദമായിട്ടുള്ളവര്‍ പുതിയ മേല്‍ക്കൂര ഓലമേയും. മുത്തച്ഛന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സേന തന്നെ ഉണ്ടായിരുന്നു നാട്ടില്‍. മുകളില്‍ ഇരുന്നു പഴയതു പൊളിക്കുന്നതും താഴെ നിന്നും എറിഞ്ഞു കൊടുക്കപ്പെടുന്ന പുതിയ ഓലകള്‍ വിദഗ്ദ്ധമായി അടുക്കി കെട്ടി പുതിയ മേല്‍ക്കൂര ഉണ്ടാക്കുന്നതും അദ്ദേഹവും മറ്റു മൂന്നു നാലു പേരും ആയിരുന്നു. അവരിലൊരാള്‍ ഒരിക്കല്‍ ഒരു സ്വകാര്യം പറഞ്ഞു…. ”മോനറിയാമോ….” മോന്റെ മുത്തച്ഛന്റെ മൂത്രം നിറഞ്ഞ കുപ്പികള്‍ നാട്ടിലെ പല തട്ടിന്‍പുറങ്ങളിലും ഉ ണ്ടാ യിരുന്നു. അതെങ്ങനെ അന്ന് അദ്ഭുതത്തോടെ ചോ ദിച്ചപ്പോള്‍ ആണ് കുസൃതി കഥ പുറത്തു വന്നത്.
പുര മേയല്‍ ഒരു ആഘോഷമായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ മുകളിലേക്കു കയറിയാല്‍ പിന്നെ മേ ച്ചില്‍തീരാതെ താഴേക്കിറങ്ങില്ല മുത്തച്ഛന്‍. ഇതി നിടയില്‍ ഷാപ്പില്‍ നിന്നും കുപ്പികളില്‍ നിറച്ച കള്ളു കൊണ്ടു വരപ്പെടും. മുകളിലിരിക്കുന്നവര്‍ക്കു കു പ്പികള്‍ കയറില്‍ കെട്ടി ഉയര്‍ത്തപ്പെടും. കാലി കു പ്പികളില്‍ മുത്തച്ഛന്റെ ഒരു കുപ്പി മാത്രം താഴേക്കു വ രില്ല. പൊട്ടിപ്പോയി എന്നാണ് ആദ്യമൊക്കെ താഴെ നിന്നിരുന്നവരോട് പറഞ്ഞിരുന്നത്. അതിന്റെ വില യടക്കം കൊടുക്കുകയും ചെയ്യും. രഹസ്യമറിയാ വുന്നതു മുകളില്‍ ഇരിക്കുന്ന സഹ മേച്ചില്‍കാര്‍ക്ക് മാത്രം. രാവിലെ തുടങ്ങി മിക്കവാറും ഉച്ച കഴിഞ്ഞാല്‍ മാത്രം തീരുന്ന മേച്ചില്‍ പണികളുടെ ഇടയില്‍ പല പ്രാവശ്യമായി അതില്‍ മുത്തച്ഛന്റെ മൂത്ര ശോധന സാധിക്കപ്പെടും. പണി കഴിഞ്ഞു ഇറങ്ങുമ്പോള്‍ തട്ടിന് പുറത്തെ ഏതെങ്കിലും ഒരു മൂലയിലേക്ക് മാറ്റിവെച്ചിട്ടു കൂടെയുള്ളവരെ നോക്കി ഒന്നു കണ്ണിറുക്കി പറയും ”അടുത്ത വര്‍ഷം എടുത്തുകളയാം.” ഈ കഥ ഓര്‍ത്തതു കൊണ്ടാണോ എന്തോ മൂത്രമൊഴിക്കാ നു ള്ള ആഗ്രഹം ശക്തമായി പതുക്കെ എണീറ്റു മുന്നില്‍ ചെന്നു ഡ്രൈവറോട് കാര്യം പറഞ്ഞു. ”വണ്ടി നിര്‍ ത്തണം.”
”ഒരു പത്തു പതിനഞ്ച് മിനുറ്റ് കഴിഞ്ഞു നിര്‍ത്തുന്ന ഒരു പതിവ് സ്ഥലം ഉണ്ട്. പോയി ഇരുന്നോളൂ. സ്ഥല മാകുമ്പോള്‍ വിളിക്കാം.” അയാള്‍ പറഞ്ഞു.തിരിച്ചു വന്നിരുന്നു. തമിഴ് പടവും തീര്‍ത്തു രജനിയണ്ണനും പ്രേക്ഷകരും സുഖസുഷുപ്തിയി ലായിരിക്കുന്നു. പല സീറ്റുകളിലും കമ്പിളിയുടെ ഭാണ്ഡങ്ങളുടെ അടി യില്‍ നിന്നു കൂര്‍ക്കം വലിയുടെ ഗര്‍ജ്ജന ങ്ങള്‍ കേള്‍ക്കാം. ഇവര്‍ക്കൊന്നും ഈ തണു പ്പിലും ഈ വക തോന്നലുകളൊന്നുമില്ലേ. അതോ മൂത്രസഞ്ചി പൊട്ടിപ്പോയാലും വേ ണ്ടില്ല പുതപ്പിന്റെ അടിയിലെ ചൂടിന്റെ സു ഖം കളയണ്ട എന്നു കരുതിയിട്ടാണോ?
തന്റെ ഒരു സ്വകാര്യ സൂക്ഷിപ്പ്കാരന്‍ കൂടി യായിരുന്നു അദ്ദേഹം. പൊളിഞ്ഞുപോയ ഒരു പ്രണയം അടക്കം പല രഹസ്യങ്ങളും അറിയാമായിരുന്ന കൂട്ടുകാരന്‍. പ്രീഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന കാലത്ത് ഒരു വൈകു ന്നേരം ചോദിച്ചു. ”നീ കള്ളു കുടിച്ചിട്ടു ണ്ടോ?” ഇല്ലെന്നു പറഞ്ഞപ്പോള്‍ ചിരിച്ചു. അമ്പലത്തില്‍ ഉത്സവ കാലമായിരുന്നു. വീട്ടിലെ എല്ലാവരും പോകാ നിറങ്ങിയപ്പോ ള്‍ പറഞ്ഞു. നമുക്ക് പിന്നെ പോകാം. നീ ഇവിടിരിക്ക്. കുറച്ച് കഴിഞ്ഞപ്പോളുണ്ട് തോമാ മാപ്ല പുറത്തെ പറമ്പിലെ ഇരുട്ടില്‍ നിന്നും ഒരു കള്ളനെപോലെ കയറി വ രുന്നു. അയാളുടെ കയ്യിലെ നിഗൂഢതക ള്‍ നിറഞ്ഞ സഞ്ചിയില്‍ നിന്നും മൂന്നു നാ ലു കുപ്പികള്‍ പുറത്തിറങ്ങി. പകര്‍ന്നൊ ഴിച്ച ഒരു ഗ്ലാസ്സ് പ്രാര്‍ത്ഥനാനിരതമായ മുഖഭാവത്തോടെ തോമാ മാപ്ല എന്റെ നേര്‍ക്കു നീട്ടി. സ്ത ബ്ധനായി മുത്ത ച്ഛനെ നോക്കിയപ്പോള്‍ കുസൃതി നിറഞ്ഞ ഒരു നോട്ടത്തോടെ പറഞ്ഞു.
”മേടിച്ചോടാ… നിനക്കു വേണ്ടി പറഞ്ഞു കൊണ്ടുവന്നതാ.’ അന്നത്തെ പോലെ മു ന്‍പോ പിന്നീടോ ഛര്‍ദ്ദിച്ചിട്ടില്ല. ബോധം വീണപ്പോള്‍ ഒന്നുമറിയാത്ത പോലെ മു ത്തച്ഛന്‍ അടുത്തിരിപ്പുണ്ട്. തോമ മാപ്ലയും കുപ്പികളും ഛര്‍ദ്ദിയുടെ അവ ശിഷ്ട ങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. നടന്ന തൊക്കെ സത്യമാണോ അതോ വെറും തോന്നലായിരുന്നോ എന്നു വിചാരിച്ചു വിഡ്ഢിയെപ്പോലെ ഇരി ക്കുമ്പോള്‍ മുത്തച്ഛന്‍ ആജ്ഞാപിച്ചു. ”എന്റെ നിറു കയില്‍ കൈ വെക്കെടാ….” സ്വന്തം കൈ യ്ക്കു ഇത്ര ഭാരം ഉണ്ടെന്നു ഒരിക്കലും തോന്നിയിട്ടില്ല. ഒരു കണക്കിന് പൊക്കി യെടുത്തു അദ്ദേഹത്തിന്റെ തലയില്‍ വെച്ചു, അല്ല ഇട്ടു.
”ഇനി പറ ഇതു എന്റെ ആദ്യത്തെയും അവസാനത്തെയും മദ്യപാനമാണ്. ജീ വിതത്തില്‍ ഒരിക്കലും ഇനി ആവര്‍ ത്തി ക്കില്ല.” എങ്ങനെയൊക്കെയോ പറ ഞ്ഞു കൂട്ടി. ഉത്സവാഘോഷം വീട്ടില്‍ മറ്റാരും അറിഞ്ഞില്ല. പിറ്റേ ദിവസം അദ്ദേഹം ചോ ദിച്ചു. ”ഇന്നലെ ചെയ്ത പ്രതിജ്ഞ ഓര്‍ മ്മയുണ്ടോ?” ഉണ്ടെന്നു മൂളിയപ്പോള്‍ പറ ഞ്ഞു. ”ഉണ്ടാവണം . . എന്നും”
”ചുമ്മാ ഇരുന്ന എന്നെ പിന്നെ കു ടിപ്പിച്ചതെന്തിനാ….”ദേഷ്യത്തോടെ ചോദിച്ചു.
”ഇതു എന്താണെന്നു ഒരിക്കലെങ്കിലും അറിഞ്ഞിരിക്കട്ടെ എന്നു കരുതി…. ഏതാ യാലും ഇനി ഒരിക്കലും വേണ്ട”.
പിന്നെ ഇന്നുവരെ തൊട്ടിട്ടില്ല. കുറേ കാലം കഴിഞ്ഞപ്പോള്‍ മുത്തച്ഛനും നിര്‍ ത്തി. ഡ്രൈവര്‍ പറഞ്ഞ സമയം കഴിഞ്ഞി ട്ടും വണ്ടി നിര്‍ത്തുന്നില്ല. മൂത്രമൊഴി ക്കാനുള്ള തോന്നല്‍ ഒരു വേദനയായി മാറിയിരിക്കുന്നു. ഇനിയും തടഞ്ഞു നിര്‍ ത്തിയാല്‍ ഒരു സ്‌ഫോടനത്തില്‍ കലാ ശിക്കും എന്നു തോന്നി. മുത്തച്ഛന്റെ ഭാഷ യില്‍ പറഞ്ഞാല്‍ മട പൊട്ടും. വീണ്ടും പ ണിപ്പെട്ടു എണീറ്റു ഡ്രൈവറുടെ അടു ത്തേക്ക് ചെന്നു. ചെന്നപ്പോള്‍ ആണ് അറിയുന്നത്. മഴ പ്രതീക്ഷിച്ചതിലും ഘോ രമായാണ് പെയ്യുന്നത്. മുന്‍പിലുള്ള റോഡ് പോലും വ്യക്തമായി കാണാന്‍ പറ്റുന്നില്ല.
”എവിടെ നിര്‍ത്താനാണ് സര്‍? നിര്‍ത്തിയാല്‍ തന്നെ മുട്ടോളം വെള്ളം ഉണ്ട് പുറത്തു ഇറങ്ങുന്നത് അപകടമാണ്. കുറച്ചുകൂടി ക്ഷമിക്കൂ….” വീണ്ടും തി രിച്ചു പോയിരുന്നു. മണിക്കൂറുകളോളം താമസി ച്ചാ ണ് വണ്ടി നാട്ടില്‍ എത്തിയത്. ബസ് സ്റ്റാന്‍ഡില്‍ കാ റുമായി പ്രസാദ് എത്തിയിരുന്നത് കൊണ്ടു വീട്ടില്‍ എത്താന്‍ അധികം താമസിച്ചില്ല. മുത്തച്ഛന്‍ വെളുത്ത വസ്ത്രത്തില്‍ പുതച്ചു മൂടി ശാന്തനായി ഉറങ്ങി കിടക്കുന്നു. മുത്തച്ഛന്റെ ആഗ്രഹപ്രകാരം തലക്കല്‍ നിലവിളക്കിനോടൊപ്പം ആ ചക്രവും വച്ചിട്ടുണ്ട്. ജീ വിതത്തിലെ നൂറുകണക്കിന് നേരനുഭവങ്ങളുടെ ഒരു മഹാ ഗ്രന്ഥമാണ് ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്ത വിധം അടഞ്ഞിരിക്കുന്നതു കാല്‍ക്കല്‍ കുറേ നേരം പ്രാ ര്‍ത്ഥനയോടെ നിന്നു. ആരോ വന്നു തോളില്‍ തട്ടിയ പ്പോള്‍ ആണ് ഉണര്‍ന്നത്.
മുറ്റത്തും പറമ്പിലുമായി നാട് മുഴുവനും ഉണ്ട്. ഈ നാട്ടിന്‍പുറം വിട്ടു അധികമൊന്നും യാത്ര ചെയ്തി ട്ടില്ലാത്ത ആള്‍ ഒരു മഹാ പ്രസ്ഥാനത്തിനൊരുങ്ങു ന്നു. അതിന്റെ തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തി യായി കഴിഞ്ഞിരിക്കുന്നു. വലിയച്ഛന്‍ എ ത്തിച്ചേ രാനുള്ള ഏതാനും മണിക്കൂറുകള്‍ മാത്രമേ ഇനി ഉള്ളൂ. അദ്ദേഹത്തിന്റെ വീരഗാഥകളില്‍ മുഴുകിയിരുന്ന കഴിഞ്ഞ രാത്രിയില്‍ അടക്കി വെ ച്ചിരുന്ന ദു:ഖം ഒരു കരച്ചിലായി പൊട്ടി ഒഴുകി. മുത്തശ്ശി യാത്ര തുടങ്ങിയ ഭൂമിയുടെ അടുത്തു സന്ധ്യയ്ക്ക് മുന്‍പേ ചടങ്ങു കളെല്ലാം ഒരു യന്ത്രത്തെപ്പോലെ മറ്റുള്ളവരോടൊപ്പം ചെയ്തു തീര്‍ത്തു.
പിറ്റേ ദിവസം താമസിച്ചാണ് അയാള്‍ എണീറ്റത്. തെക്കേ പറമ്പിലെ ജ്വാലകള്‍ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചു രൂപമൊന്നുമില്ലാതെ മുകളിലേക്കുയരുന്ന പുകയുടെ ഇടയിലെങ്ങാനും മുത്തച്ഛന്റെ ആത്മാവ് തങ്ങി നില്‍പ്പുണ്ടോ? ഇനിയും പഴയ കഥകള്‍ പറ ഞ്ഞുതരാന്‍. പഴയ കഥകളെ പറ്റി ഓര്‍ത്തപ്പോള്‍ അറിയാതെ മുഖത്തു പ്രതിഫലിച്ച ചിരി കണ്ടു അമ്മ അമ്പരന്നു. ഇന്നലെ കൊച്ചു കുട്ടിയെപ്പോലെ കര ഞ്ഞവന്‍ ഇന്ന് ചിരിക്കുന്നു…. ചിരിക്കാന്‍ കണ്ട സമ യം…. അവള്‍ ശാസിച്ചു.
വിങ്ങുന്ന മൂത്രസഞ്ചിയുമായി നിസ്സഹായനായി പു ളഞ്ഞ കഴിഞ്ഞ രാത്രി യാത്രയുടെ ഇടയില്‍ ഒരുവേള താന്‍ മുത്തച്ഛനായി മാറിയത് അയാള്‍ ഓര്‍ത്തു. പഴയൊരു തട്ടിന്‍പുറമായി മാറിയ വ ണ്ടിയുടെ ഉള്ളി ല്‍ ഇരുന്നു സ്വന്തം ഭാണ്ഡത്തില്‍ നിന്നും തപ്പിയെ ടുത്ത ഒഴിഞ്ഞ കുടിവെള്ള കു പ്പിയിലേക്ക് മറ്റാരു മറിയാതെ ആശ്വസിക്കുമ്പോള്‍ മുത്തച്ഛന്റെ ആത്മാവ് മാത്രം ഒരു ചെറു ചിരിയോടെ അതു കണ്ടിരിക്കാം.
പിന്നീടെപ്പോഴോ മഴയൊഴിഞ്ഞ ഒരു ഇടവേളയില്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങി ഇരുട്ടില്‍ അടുത്തുകൂടി ഒഴുകുന്ന ഒരു പുഴയുടെ ശബ്ദം ലക്ഷ്യമാക്കി പുരാ വൃത്തം നിറഞ്ഞ കുപ്പി വലിച്ചെറുയുമ്പോള്‍ എവിടെ നിന്നോ അയാളുടെ ശരീരമാസകലം തഴുകി കടന്നു പോയ തണുത്ത കാറ്റിനു വിളഞ്ഞു കിടക്കുന്ന നെല്‍ പ്പാടത്തിന്റെ ഗന്ധമായിരുന്നു.