ധര്‍മ്മജ് മിത്ര
ആധുനിക ഭാരതത്തില്‍ വിപ്ലവാത്മാകമായ ആശയാദര്‍ശങ്ങള്‍ പ്രഖ്യാപനം ചെയ്തുകൊണ്ട് കടന്നുപോയ മഹര്‍ഷി ദയാനന്ദസരസ്വതിയുടെ യഥാര്‍ത്ഥ ചരിത്രം മൂടി വയ്ക്കാനാണ് ഇന്ത്യന്‍ അടിയാള ചരിത്രരചയിതാക്കളും പാശ്ചാത്യമുഷ്ടി പ്രയോക്തക്കളായ ചരിത്ര രചയിതാക്കളും ശ്രമിച്ചിട്ടുള്ളത്. ഇവര്‍ തട്ടിക്കൂട്ടി വച്ചിരിക്കുന്ന ചരിത്രത്തിന്റെ താളുകളില്‍ സത്യത്തിന്റെ ലാഞ്ചന അ ല്പം പോലുമുണ്ടാകില്ല. കാരണം ഇതൊക്കെ ചില മുന്‍വിധികളോടുകൂടിയാ ണു രചിക്കപ്പെട്ടിട്ടുള്ളത്. ഒരുഉദാഹരണം നോക്കാം.
ഭാരതത്തെ വൈദേശികള്‍ ആയിരക്കണക്കിന് വര്‍ഷം കീഴടക്കി ഭരിച്ചു എന്നാണല്ലോ ചരിത്രത്തി ല്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സത്യത്തില്‍ ഭാ രതത്തെ മൊത്തത്തില്‍ ആര്‍ക്കെങ്കിലും കീഴടക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഭാരതം എന്ന വാക്കിന്റെ അര്‍ത്ഥം വിദ്യയാല്‍ രമിക്കുന്ന ദേശമെന്നാണ്. ഈ ദേശത്തിന്റെ പ്രത്യേകത ഇവിടെ 179 ഭാഷകളും 544 ദേശീയ മൊഴികളും 600 ല്‍ പരം നാട്ടുരാജ്യങ്ങളും അടങ്ങിയ പ്രദേശമായിരുന്നു. തുര്‍ക്കികള്‍ സ്‌പെയിന്‍ പിടിച്ചടക്കി ഭരിച്ചു എന്ന് പറഞ്ഞാല്‍ യൂറോപ്പിനെ പിടിച്ചടക്കി എന്നാണോ അര്‍ത്ഥം? ഈ യൂറോപ്പില്‍ അനേകം ഭാഷാ ഗോത്രരാജ്യങ്ങളുണ്ടായിരുന്നു. ഇവിടെയെല്ലാം വൈവിദ്ധ്യത നിലനിന്നിരുന്നു. ഇവിടെ ഒരു രാജ്യത്തെ മറ്റൊരു രാജ്യം കീഴ്‌പ്പെടു ത്തി എന്നുവെച്ച് യൂറോപ്പിനെ മൊത്തം കീഴ്‌പ്പെടുത്തി എന്നു പറയുന്നത് ശുദ്ധമണ്ടത്തരമാണ്. ചരിത്രത്തോടുള്ള ഏറ്റവും വലിയ ചതിയായാണ് ഇത്തരം വിലയിരുത്തലിനെ കാണേണ്ടത്. അറുനൂറില്‍പരം രാജ്യങ്ങളുണ്ടായിരുന്ന ഭാരതത്തില്‍ നിന്നും കുറച്ച് രാജ്യങ്ങളെ സംസ്‌കാരശൂന്യര്‍ പിടിച്ചടക്കി എന്ന് വച്ച് ഭാരതത്തെ മൊത്തത്തില്‍ ആര്‍ക്കെങ്കിലും അധീനതയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ? ഭാരതം സ്വതന്ത്രമാക്കുന്നതിന് മുമ്പ് ഭാരതത്തിന് മൊത്തത്തില്‍ തലസ്ഥാനം ഉണ്ടായിരുന്നോ? അ ങ്ങനെ ഒന്ന് ഇല്ലായെങ്കില്‍ പിന്നെ എന്തിനെയാണ് പിടിച്ചടക്കിയത്? ഒരു രാഷ്ട്രത്തിന്റെ തലസ്ഥാനത്തെ പിടിച്ചടക്കാതെ എങ്ങനെ ഒരു രാഷ്ട്രത്തെ കീഴ്‌പ്പെടുത്തി എന്ന് നിശ്ചയിക്കാനാകും? ഇല്ലാ ത്ത ഒരു നിശ്ചയത്തെ വച്ചുകൊ ണ്ട് അതിന് ചരിത്രമെഴുതിയാല്‍ അത് ചരിത്രമാകുമോ? അങ്ങനെ ഒന്ന് എഴുതപ്പെട്ടാല്‍ അത് വിഡ്ഡികള്‍ എഴുതിയ ചരിത്രമായി അവശേഷിക്കില്ലേ?
ഒരു രാഷ്ട്രത്തിന്റെ തലസ്ഥാനവും ആ രാജ്യത്തിന്റെ അന്‍പത്തൊന്ന് ശതമാനം ജനങ്ങളും അന്‍പത്തൊന്ന് ശതമാനം ഭൂപ്രദേശവും പിടിച്ചടക്കിയെങ്കില്‍ മാത്രമേ ആ രാഷ്ട്രത്തെ അധീനമാക്കി എന്ന് ഏറ്റവും കുറഞ്ഞപക്ഷം പറയാനാകൂ. പക്ഷെ ഭാരതത്തിന്റെ എണ്‍പതു ശതമാനം ജനങ്ങളും മുഖ്യധാരയില്‍നിന്നും മാറി വനാന്തരത്തിലും നദീതടങ്ങളിലുമാണ് വസിച്ചിരുന്നത്. കുറച്ച് രാജാക്കന്മാരുടെ തലവെട്ടിക്കൊണ്ടു പോകുന്നതോ, ആനയെക്കൊണ്ട് ചവിട്ടിച്ച് കൊല്ലുന്നതോ ഒന്നും തന്നെ ഇത്തരം ജനവിഭാഗങ്ങള്‍ അറിഞ്ഞിരുന്നതേയില്ല. അഥവാ അറിഞ്ഞാല്‍ തന്നെ അവര്‍ കരുതുക മ്ലേച്ഛന്മാരുടെ പൈശാച കര്‍മ്മങ്ങള്‍ എന്ന് മാത്രം. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്ന് ഗാന്ധിജി പറയാന്‍ കാരണമാക്കിയ ഘടകം ഭാരതീയരെ ഭാരതീയമാക്കി നിലനിര്‍ത്തുന്ന ഈ ഗ്രാമീണ അന്തര്‍ധാരയാണ്. ഇത് ചരിത്രാതീത കാലം മുതല്‍ പിന്‍തുടരുന്ന നൈതികബോധമാണ്. ചരിത്രത്തിന്റെ മുഖ്യധാരയില്‍ നിന്നും ദയാനന്ദസരസ്വതിയെയും അദ്ദേഹത്തിന്റെ കര്‍മകാണ്ഡത്തെയും വിസ്മരിക്കുന്നതിന് വേണ്ടിയുള്ളശ്രമം നടന്നതുകൊണ്ടാണ് ഇത്രയും കാര്യം ഇവിടെ പറയാന്‍ ഇടയായത്. യഥാര്‍ത്ഥ ദയാനന്ദസരസ്വതിയെ എത്ര ഇന്ത്യക്കാര്‍ക്കറിയാം?
ചരിത്രത്തില്‍ അടയാളപ്പെടുത്താത്ത ദയാനന്ദസരസ്വതിയെക്കുറിച്ച് ദയാനന്ദസാഹിത്യ സാകല്യം 2-ാം ഭാഗം 623-631 പേജുകളിലായി കൊടുത്തിരിക്കുന്ന ചരിത്ര സത്യങ്ങളാണ് താഴെ വിവരിക്കുന്നത്.
19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജാതിവ്യവസ്ഥയും ബ്രാഹ്മണ മേധാവിത്വവും ബ്രാഹ്മണരുടെ വേദനിന്ദാകര്‍മങ്ങളും കൊടികുത്തിവാഴുന്ന ഭാരതത്തില്‍ 1824-ല്‍ ജനിച്ച് 1883 വരെ ജീവിച്ച് ഭാരതീയരുടെ മനസ്സില്‍ അടിഞ്ഞ മാലിന്യത്തെയും ഹീന മനോഭാവത്തെയും ഉത്മൂലനം ചെയ്യുവാന്‍ അക്ഷീണം പരിശ്രമിച്ച ഋഷിവര്യനായിരുന്നു ദയാനന്ദസരസ്വതി. ശതാബ്ദങ്ങളായി നിലനിന്നുപോന്ന പരാധീനതകള്‍ ഭാരതീയ സമൂഹത്തെ ഛിന്നഭിന്നമാക്കിയിരുന്നു. മൗര്യസാമ്രാജത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. പകരം സ്ഥാപിക്കപ്പെട്ട ബ്രിട്ടീ ഷ് ഭരണം ഭാരതത്തിലെ ഹിന്ദുക്കളെ ബാഹ്യമായി തകര്‍ത്തു എന്ന് മാത്രമല്ല, ധാര്‍മികവും നൈതികവും ആധ്യാത്മികവുമായ എല്ലാ മണ്ഡലങ്ങളിലും നികത്താനാവാത്ത വിള്ളലുകള്‍ സൃഷ്ടിച്ചു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന രാമായണ മഹാഭാരത കാലീന സമൂഹത്തിനുണ്ടായിരുന്ന ആരോഗ്യ സന്ദായകമായ വീക്ഷണം നഷ്ടപ്പെട്ടു. മാത്രമല്ല മൗര്യ- ഗുപ്ത-ചാലൂക്യ-പല്ലവ കാലഘട്ടത്തിലെ ഭൗതിക സമൃദ്ധിയും ശുഷ്‌കമാക്കി.
ലോകത്തുള്ള ഭൂരിപക്ഷം മതങ്ങളും ബഹുദൈവ വിശ്വാസങ്ങളിലാരംഭിച്ച്, പരിണമിച്ച്, പുരോഗമിച്ച് അന്ത്യത്തില്‍ ഏകദൈവ വിശ്വാസത്തില്‍ എത്തിനില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എന്നാല്‍ ഹിന്ദു ധര്‍മാനുയായികളുടെ കഥ മറിച്ചാണ്. സൃഷ്ടിയുടെ ആദിയില്‍ ആവിര്‍ഭവിച്ച വേദങ്ങളില്‍ ഏകദൈവവിശ്വാസമായിരുന്നു. യുഗങ്ങള്‍ താണ്ടി ഇന്ന് ഹിന്ദു എത്തി നില്‍ക്കുന്നതോ ബഹുദൈവ വിശ്വാസത്തിലും വിഗ്രഹാരാധനയിലുമാണ്. നേരത്തെ സൂചിപ്പിച്ച വിദേശ ഭരണം ഇതിനൊരു കാരണമാണ്. 750 വര്‍ഷത്തെ മുസ്ലീം ഭരണവും 250 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണവും ചേര്‍ത്ത് കഴിഞ്ഞ ആയിരം വര്‍ഷം നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ ജീവസ്പര്‍ശിയായ ഒട്ടേറെ ഭാരതീയ ദര്‍ശനങ്ങളില്‍ സെമറ്റിക് മതങ്ങളുടെ അതിഭാവുകത്വം കലര്‍ത്തി. വൈദികവും ഔപനിഷികവുമായ വിവക്ഷകള്‍ തീരെ ശിഥിലമായിപ്പോയി. നമ്മുടെ ഭൗതിക രൂപങ്ങളും ആത്മീയ സങ്കല്പങ്ങളും ആര്‍ഷ പാരമ്പര്യത്തിന്റെ ചുവട് പിടിച്ച് രൂപകല്പന ചെയ്തവയായിരുന്നു. എന്നാല്‍ മിഷനറിമാരുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ അവയെ എല്ലാം വികൃതവും വിലക്ഷണവുമാക്കി മാറ്റി. വിഗ്രഹാരാധനയും ബഹുദൈവവിശ്വാസവും ക്ഷേത്ര സങ്കല്പവുമെല്ലാം പണ്ട് നമ്മുടെ ധര്‍മത്തിന് പുറത്ത് മാത്രം സ്ഥാനം പിടിച്ച ആചാരങ്ങളായിരുന്നു. ഏകനും,നിരാമയനും,നിത്യനുമായിരുന്നു നമ്മുടെ ദൈവസങ്കല്പം.ശാസ്ത്രീയവും ക്രമബദ്ധവുമായ പഠന പാഠനങ്ങളുടെ അഭാവം ആര്‍ഷ വിജ്ഞാനത്തെ താറുമാറാക്കി. യൂറോപ്പുകാരുടെ ബൗദ്ധിക കാപട്യം ഭാരതീയ സംസ്‌കാരത്തിന്റെ സമസ്ത മേഖലകളിലും കടന്നുകയറി തന്‍പെരുമ സ്ഥാപിക്കുന്നതില്‍ വിജയിച്ചതിന്റെ ഫലമായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും തച്ചുടയ്ക്കപ്പെട്ടു.
ഈ കാലഘട്ടത്തിലാണ് ദക്ഷിണ ഗുജറാത്തിലെ മോര്‍വ്വിയില്‍ ടങ്കാര എന്നൊരു ചെറിയ പട്ടണത്തില്‍ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ശിവഭക്തനായ കിര്‍ഷന്‍ജീയുടെ മകനായി മൂലശങ്കരന്‍ ജനിക്കുന്നത്. സിംഹങ്ങള്‍ക്ക് പേരുകേട്ട ഗീര്‍വനങ്ങളുടെ നാടായ ഗുജറാത്ത്. ഈ ലോകത്തിന് നല്‍കിയ രണ്ട് സമ്മാനങ്ങളില്‍ ഒന്നായിരുന്നു ദയാനന്ദന്‍. രണ്ടാമത്തേത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും. ഈ രണ്ട് മഹാത്മാക്കളും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു അടിത്തറ പാകിയത് മഹര്‍ഷി ദയാനന്ദസരസ്വതി ആയിരുന്നുവെങ്കില്‍ 1947-ലെ സ്വാതന്ത്ര്യലബ്ധിക്ക് വഴിയൊരുക്കിയത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയായിരുന്നു.