ഭീകര ബന്ധം: ജമ്മുകശ്മീരിൽ എൻഐഎയുടെ വ്യാപക റെയ്ഡ്, ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

231
0

ശ്രീനഗർ: ഭീകരർക്ക് ധനസഹായം ഉൾപ്പെടെ നൽകിയെന്ന വിവരത്തെ തുടർന്ന് ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ശ്രീനഗർ, അനന്ത്‌നാഗ്, ബരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

എൻഐഎയ്‌ക്കൊപ്പം ജമ്മു കശ്മീർ പോലീസിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിആർപിഎഫും സംയുക്തമായാണ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തുന്നത്. അറസ്റ്റിലായ 36 കാരിയായ സ്ത്രീയിൽ നിന്ന് ചൈനീസ് ഗ്രനേഡുകളും 48,000 രൂപയും കണ്ടെടുത്തതായാണ് വിവരം. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാദ്ധ്യത.

ഇന്നലെ ജമ്മു ഭരണകൂടം 11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഭീകരർക്ക് സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. ഇതിൽ സുരക്ഷാ സേന തിരയുന്ന ഹിസ്ബുൾ തലവൻ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും ഉൾപ്പെടുന്നു. ഇവർ പല തരത്തിലും ഭീകരർക്ക് സഹായം നൽകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗർ, കുപ്വാര, പുൽവാമ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ ഭീകര സംഘടനകൾക്ക് സഹായം നൽകുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്.