ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

68
0

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജില്ലായടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യും; ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി. ആ പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. പക്ഷെ തെറ്റായ നടപടി സ്വീകരിക്കാനും പാടില്ല. അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ മുതലുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവുമധികം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാല്‍ ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജില്ലായടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യും. മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. ജില്ലാതല അവലോകനവും സര്‍ക്കിള്‍തല അവലോകനവും നടത്തണം. പരിശോധനകളുടെ തുടര്‍നടപടികള്‍ സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യും. പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണം. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.

ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന സൗകര്യമുള്‍പ്പെടെയുള്ള പിന്തുണ നല്‍കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ആരാധനാലയങ്ങളിലും എഫ്എസ്എസ്എ പ്രകാരം ഭോഗ് (BHOG) പദ്ധതി നടപ്പിലാക്കും. ഫോസ്റ്റാക് പരിശീലനം കാര്യക്ഷമമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധി എടുത്ത് പോകാന്‍ പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ട്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 64,692 പരിശോധനകള്‍ നടത്തി. 7414 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 5259 സ്ഥാപനങ്ങളില്‍ നിന്നായി 1.83 കോടി രൂപ പിഴ ഈടാക്കി. 20,226 സര്‍വയലന്‍സ് സാമ്പിളും 6389 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. മൊബൈല്‍ ലാബ് വഴി 25,437 പരിശോധനകള്‍ നടത്തി. പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

1,85,448 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 35,992 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും നല്‍കിയിട്ടുണ്ട്. 97,77 പരാതികള്‍ ലഭിച്ചതില്‍ 9615 പരാതികളും തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ നടപടി സ്വീകരിച്ചു വരുന്നു. 955 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. 159 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് നല്‍കിയ കൊല്ലം ജില്ലയാണ് മുന്നില്‍. 396 ഭക്ഷ്യ സുരക്ഷാ പരിശീലന പരിപാടികള്‍ നടത്തി. 17 ആരാധനാലയങ്ങളില്‍ ഭോഗ് സര്‍ട്ടിഫിക്കേഷനായി ഫൈനല്‍ ഓഡിറ്റ് നടത്തി. 196 സന്നദ്ധ സംഘടനകള്‍ സേഫ്ഫുഡ് ഷെയര്‍ഫുഡ് പദ്ധതിയില്‍ അംഗങ്ങളായി. 476 സ്‌കൂളുകള്‍ സേഫ് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂളില്‍ അംഗങ്ങളായി. 85 മാതൃകാ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകളായി. 19 കാമ്പസുകള്‍ ഈറ്റ് റൈറ്റ് കാമ്പസുകളായിട്ടുണ്ട്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വീണാ മാധവന്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പി.എഫ്.എ), ചീഫ് ഗവ. അനലിസ്റ്റ്, എല്ലാ ജില്ലകളിലേയും അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.