ബഹു. സ്പീക്കറുടെ റൂളിംഗ് – 2

140
0

പതിനഞ്ചാം കേരള നിയമസഭ രണ്ടാം സമ്മേളനം ആവര്‍ത്തിച്ച് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനെതിരെ യും പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ മുന്‍കാല നടപടികള്‍ക്ക് സാധൂകരണം നല്‍കാതിരുന്നതിനെയും സംബന്ധിച്ച് ബഹുമാനപ്പെട്ട അംഗം ശ്രീ. അനൂപ് ജേക്കബ് ചട്ടം 303 പ്രകാരം 2021 ആഗസ്റ്റ് രണ്ടാം തീയതി ഉന്നയിച്ച ക്രമപ്രശ്നത്തിന്മേലുള്ള റൂളിംഗ്

നിയമ നിര്‍മ്മാണത്തില്‍ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ച് പൊതുചര്‍ച്ച പൂര്‍ത്തീകരിച്ചതിനു ശേഷം ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെയോ ഒരു സെലക്ട് കമ്മിറ്റിയുടെയോ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുകയും തുടര്‍ന്ന് പ്രസ്തുത സമിതി പരിശോധന പൂര്‍ത്തീകരിച്ച് സഭയില്‍ സമര്‍പ്പിക്കുന്ന ബില്ല് വിശദമായി ചര്‍ച്ച ചെയ്തും വകപ്പ് തിരിച്ച് പരിഗണിച്ചുമാണ് നിയമസഭ നിയമങ്ങള്‍ക്ക് രൂപം നല്‍കുന്നത്. എന്നാല്‍ ഈ രീതിയില്‍ നിന്നും വിഭിന്നമായി ഓര്‍ഡിനന്‍സിലൂടെ നിയമങ്ങള്‍ നിര്‍മ്മിക്കുകയും കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അവ വീണ്ടും re-promulgate  ചെയ്തുകൊണ്ട് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്ന പ്രവണതയെ ആണ് ബഹുമാനപ്പെട്ട അംഗം ശ്രീ. അനൂപ് ജേക്കബ് ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. 
അതോടൊപ്പം 2019 മാര്‍ച്ച് 1ാം തീയതി പുറപ്പെടുവിച്ച The Kerala Public Service Commission (Additional Functions as respects the Services under the Waqf Board) Ordinance ലാപ്സായതിനെത്തുടര്‍ന്ന് 2020-ല്‍ വീണ്ടും പുറപ്പെടുവിച്ചുവെങ്കിലും ആദ്യ ഓര്‍ഡിനന്‍സിന്‍ കീഴില്‍ കൈക്കൊണ്ട നടപടികള്‍ക്കായുള്ള validation clauseചേര്‍ത്തില്ല എന്നും അത് ക്രമപ്രകാരമല്ലെന്നും അദ്ദേഹം ഇവിടെ ഉന്നയിക്കുകയുണ്ടായി.
ഒരേ ഓര്‍ഡിനന്‍സ് തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ച് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യങ്ങളെ സംബന്ധിച്ച് ബഹുമാനപ്പെട്ട നിയമവും വ്യവസായവും കയറും വകുപ്പുമന്ത്രി ഇവിടെ വിശദീകരിക്കുകയുണ്ടായി. അതുപോലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകളുടെ ആധികാരികതയെ സംബന്ധിച്ചും ബഹുമാനപ്പെട്ട മന്ത്രി ഇവിടെ വിശദീകരിക്കുകയുണ്ടായി. അതൊക്കെത്തന്നെ വസ്തുതാപരമെന്നു തന്നെയാണ് കാണുന്നത്.

കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കാലങ്ങളിലെ സഭാ സമ്മേളന ദിനങ്ങളില്‍ ഗണ്യമായി കുറവു വന്നതു മൂലമാണ് ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ ഒരേസമയം നിലനില്‍ക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായതെന്ന് നമുക്കൊക്കെ അറിയുന്ന കാര്യമാണ്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതും സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതും സുപ്രധാനമായതുമായ ഒട്ടേറെ നിയമങ്ങളാണ് ബില്ലുകളായി സഭ മുന്‍പാകെ വരാതെ ഓര്‍ഡിനന്‍സായിത്തന്നെ നിലനില്‍ക്കുന്നത്.  ഇപ്പോള്‍ പ്രാബല്യത്തിലിരിക്കുന്ന മൊത്തം 44 ഓര്‍ഡിനന്‍സുകളും സഭയുടെ ഈ സമ്മേളനം അവസാനിക്കുന്നതോടുകൂടി re-promulgate ചെയ്യേണ്ടി വരുമെന്നാണ് കാണുന്നത്. ഇവിടെ ചൂണ്ടിക്കാണിച്ചതു പോലെ പല ഓര്‍ഡിനന്‍സുകളും അഞ്ചിലധികം പ്രാവശ്യം re-promulgate ചെയ്യപ്പെട്ടവയാണ് എന്ന വസ്തുത കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.
അനിയന്ത്രിതമായി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന 1987-ലെ D.C. Wadhara V. State of Bihar [(1987) I Sec, 378] എന്ന കേസ്സിലെ സുപ്രീം കോടതി വിധിക്കു ശേഷം രാജ്യത്ത് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്ന കാര്യത്തിലും അവ വീണ്ടും വീണ്ടും  re-promulgate ചെയ്യുന്ന കാര്യത്തിലും നിയന്ത്രണം ഉണ്ടായിട്ടുണ്ടെങ്കിലും ആ രീതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയാറില്ലെന്നതാണ് രാജ്യത്തെ പൊതുവായിട്ടുള്ള സ്ഥിതി.
ഇക്കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നു കാണുന്നതിനാല്‍ ഇപ്പോള്‍ പുറപ്പെടുവിക്ക പ്പെട്ടിട്ടുള്ള എല്ലാ ഓര്‍ഡിനന്‍സുകള്‍ക്കും പകരമുള്ള നിയമങ്ങള്‍ സഭയില്‍ പാസ്സാക്കുന്നതിനായുള്ള ഒരു ആക്ഷന്‍ പ്ലാന്‍ നിയമ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കണമെന്നും നിയമ നിര്‍മ്മാണത്തിനു മാത്രമായി 2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സഭയുടെ ഒരു പ്രത്യേക സമ്മേളനം ചേര്‍ന്നുകൊണ്ട് എല്ലാ ഓര്‍ഡിനന്‍സുകളേയും replace ചെയ്യുന്ന നിയമങ്ങള്‍ പാസ്സാക്കാന്‍ അവസരമൊരുക്കണമെന്നും ചെയര്‍ നിര്‍ദ്ദേശിക്കുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്ന് ചെയര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.