പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമം, ഭീഷണി; വരനെതിരെ കേസ്

155
0

വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രതിശ്രുത വരൻ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി വനിതാ ഹെല്പ്പലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പിറ്റേന്ന് യുവതിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാൾ പിൻവാങ്ങിയതെന്നും പരാതിയിലുണ്ട്. സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ്‌ 30-ന് 50,000 രൂപ വാങ്ങിയതായും പരാതിയിലുണ്ട്. പീഡനശ്രമം, സ്ത്രീധന നിരോധന നിയമം, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.