പ്രിയരേ,
പത്രപ്രവർത്തക പെൻഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ, സംസ്ഥാന ധനമന്ത്രിയെ സന്ദർശിച്ച് നൽകിയ നിവേദനത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം ഉറപ്പ് നൽകിയത്.
- കേരളത്തിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നവരും വിരമിച്ചവരുമായി 7000ത്തോളം വരുന്ന മലയാളി മാധ്യമപ്രവര്‍ത്തകരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പിആര്‍ഡിയിലെ പെന്‍ഷന്‍ വിഭാഗം. ഇത് ഇപ്പോഴും സ്ഥിരം സെക്ഷനല്ല. ഓരോവര്‍ഷവും ധനവകുപ്പിൽ നിന്ന് സെക്ഷന്‍ അനുമതി പുതുക്കിവരികയാണ്. സ്ഥിരമായി പെന്‍ഷന്‍ സെക്ഷന്‍ ഇല്ലാത്തതിന്റെ ഫലമായി ഓരോവര്‍ഷവും മാസങ്ങളോളം ഇവിടെത്തെ ജോലി മുടങ്ങിപ്പോകുന്നു. അതിനാല്‍, പെന്‍ഷന്‍ സെക്ഷന്‍ പുനസ്ഥാപിച്ച് സ്ഥിരം സംവിധാനമായി നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണം.
- ആറുമാസത്തിലധികം കാലം കുടിശികയുള്ളവർക്ക് പണമടക്കാൻ ഒറ്റത്തവണ അവസരം നൽകണം.
- വീഡിയോ എഡിറ്റർമാരേയും തുടർച്ചയായി ഏഴുവർഷത്തിലധികം കാലം തുടർച്ചയായി മാധ്യമപ്രവർത്തനം നടത്തുന്ന കോൺട്രാക്‌ട് വിഭാഗത്തിൽപ്പെട്ട വരേയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം. (ചട്ടം ഭേദഗതി കമ്മിറ്റിക്ക് ഇതുൾപ്പെടെ നിവേദനം നൽകിയിട്ടുണ്ട്)
- സെക്രട്ടറിയറ്റിലെ പി ആർ ഡി സെക്ഷനിൽ പെൻഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഡപ്യൂട്ടി ഡയറക്‌ടറാണ്. മുമ്പ് ഇതേ ഡി ഡി തസ്തിക പരീക്ഷണാടിസ്ഥാനത്തിൽ ആറുമാസം ജോയിന്റ് ഡയറക്ടറുതാക്കിയിരുന്നു. അന്ന് കാര്യങ്ങൾക്ക് വേഗവും പരിഹാരവും ഉണ്ടായിരുന്നു. അതിനാൽ, ജോയിന്റ് ഡയറക്ടർ തസ്തിക പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.
- 2021–22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമജീവനക്കാരുടെയും പെന്‍ഷന്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചിരുന്നുവല്ലോ. എന്നാല്‍ ഇത് നടപ്പിലായിട്ടില്ല. ഈ ഫയല്‍ ഇപ്പോള്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലുണ്ട്. നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനം തടസപ്പെടുത്തുകയാണ് ചില ഉദ്യോഗസ്ഥര്‍. ഈ ഫയല്‍ വിളിപ്പിച്ച് ഉചിതമായ നടപടി സ്വീകരിക്കുകയും വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ മാധ്യമപ്രവത്തകര്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.