പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

81
0

ജസ്റ്റിസ് കെ കെ ഹരിപാലിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് അവസാനഘട്ടത്തിലാണെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

വധക്കേസിലെ ചില കാര്യങ്ങൾ അന്വേഷിക്കാനുള്ള ചുമതല സിബിഐയ്‌ക്ക് വിടാൻ കാരണങ്ങളാണെന്ന് ഹൈക്കോടതി നേരത്തെ പരാമർശിച്ചിരുന്നു. പ്രതികളിൽ ചിലർക്ക് സംരക്ഷണം നൽകിയ സ്ഥലങ്ങൾ കേരളത്തിന് പുറത്തായതിനാലും ഇത് കേരള പോലീസിന്റെ പരിധിയ്‌ക്ക് പുറത്തായതിനാലുമാണ് അന്വേഷണം സിബിഐയ്‌ക്ക് വിടുന്നതിനെക്കുറിച്ച് കോടതി പരാമർശിച്ചത്. അതിനിടെ കേസ് അവസാനിപ്പിക്കാൻ പൊലീസിന് തിടുക്കമെന്താണെന്നും കോടതി ചോദിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

നവംബർ 15നാണ് കാറിലെത്തിയ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു മാസത്തിന് ശേഷമാണ് കേസിലെ മുഖ്യപ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. അന്വേഷണത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം ഉയർത്തിക്കാട്ടിയാണ് സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ട് നിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും ഹർജിയിൽ പറയുന്നു.