നൂറ്‌ സിനിമകളിൽ ജീവിതം പകർന്നാടിയതിന്റെ നിറവിലാണ്‌ നടി നിലമ്പൂർ ആയിഷ.

133
0

നൂറ്‌ സിനിമകളിൽ ജീവിതം പകർന്നാടിയതിന്റെ നിറവിലാണ്‌ നടി നിലമ്പൂർ ആയിഷ. നൂറാമത്തെ ചിത്രത്തിൽ സ്വന്തം ജീവിതമാണ്‌ അവർ പകർത്തുന്നത്‌. ആയിഷയെ 12-ാം വയസിൽ അഭിനയരംഗത്തേക്ക് കൊണ്ടുവന്ന ഇ കെ അയമുവിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ‘ചോപ്പ്’ സിനിമയിലാണ് ആയിഷ സ്വജീവിതത്തിന്‌ ചായമിടുന്നത്‌.

കിഴക്കൻ ഏറനാട്ടിലെ ആദ്യകാല കമ്യൂണിസ്റ്റുകാരനും ‘ജ്ജ് നല്ലൊരു മൻസനാകാൻ നോക്ക്’ എന്ന നാടകത്തിലൂടെ ശ്രദ്ധേയനുമായ നാടകകൃത്താണ്‌ അയമു. ഈ നാടകത്തിലൂടെയാണ് നിലമ്പൂർ ആയിഷ അരങ്ങിലെത്തുന്നത്.
മതമൗലികവാദത്തെയും അന്ധവിശ്വാസത്തേയും അനാചാരങ്ങളെയും തുറന്നുകാട്ടി മനുഷ്യത്വത്തിന്റെ കഥ പറഞ്ഞ നാടകകൃത്താണ്‌ അയമു. നിരവധി എതിർപ്പുകളെ അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ നാടക പ്രവർത്തനം. നാടകത്തിൽ അഭിനയിച്ചതിന്‌ ആയിഷയ്‌ക്കും നിരവധി തിക്താനുഭവങ്ങളുണ്ടായി. ഇതെല്ലാം സിനിമയുടെ ഇതിവൃത്തമാണ്‌. സനിൽ മട്ടന്നൂർ ആണ് അയമു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രാഹുൽ കൈമലയാണ് സംവിധാനം. കെ വി എൻ കണ്ണാലത്താണ്‌ നിർമാണം. കഥ, -സംഭാഷണം വിശ്വം കെ അഴകത്തും കലാസംവിധാനം മനു കള്ളിക്കാടും. കെ ജി ഉണ്ണീൻ എഴുതി എം എസ് ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങളും പി ജെ സംഗീതംചെയ്ത ഗാനങ്ങളും ചിത്രത്തിലുണ്ട്. നിലമ്പൂർ ആയിഷക്കൊപ്പം നിലമ്പൂർ ബാലന്റെ ഭാര്യ വിജയലക്ഷ്മി ബാലനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്‌.
നിലമ്പൂർ ഇ കെ അയമു ട്രസ്റ്റിന്റെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും സഹകരണത്തോടെയാണ്‌ ചിത്ര നിർമാണം.