നാലാമത് അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ പൊതുസഭാ സമ്മേളനം അവസാനിച്ചു

135
0

2030 ഓടെ ഒരു ട്രില്യൺ അമേരിക്കൻ ഡോളറിന്റെ ആഗോള സൗരോർജ നിക്ഷേപം യാഥാർഥ്യമാക്കാൻ പ്രതിജ്ഞയെടുത്ത് നാലാമത് അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ പൊതുസഭാ സമ്മേളനം അവസാനിച്ചു

2021 ഒക്ടോബർ 18 മുതൽ 21 വരെ അന്താരാഷ്ട്ര സൗരോർജ സഖ്യത്തിന്റെ നാലാമത് പൊതുസഭാ സമ്മേളനം വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ നടന്നു. കേന്ദ്ര ഊർജ്ജ-പുനരുപയോഗ ഊർജ മന്ത്രിയും, അന്താരാഷ്ട്ര സൗരോർജ സഖ്യ പൊതുസഭാ പ്രെസിഡന്റ്റുമായ ശ്രീ ആർ. കെ. സിംഗ് സമ്മേളനത്തിന് ആധ്യക്ഷം വഹിച്ചു. 108 രാജ്യങ്ങൾ, 23 സഖ്യ സംഘടനകൾ, 33 പ്രത്യേക ക്ഷണിതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവസ്ഥാ വ്യതിയാന പ്രത്യേക പ്രതിനിധി ജോൺ കെറി മുഖ്യപ്രഭാഷണം നടത്തി. യൂറോപ്യൻ ഗ്രീൻ ഡീലിന്റെ യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ് ഉപാധ്യക്ഷൻ ഫ്രാൻസ് ടിമ്മർമാൻസ് ഒക്ടോബർ 20ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു.

സൗരോർജ്ജം, പുനരുപയോഗ ഊർജ രൂപങ്ങൾ എന്നിവ വഴിയായി എല്ലാവർക്കും ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ ഒന്നിച്ചു പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ശ്രീ ആർ. കെ. സിംഗ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി – “ഞങ്ങൾ ഇത് വിജയകരമായി ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. ഇത് ലോകമെങ്ങും അനുകരിക്കാവുന്നതാണ്”. വിവിധ ഊർജ്ജ രൂപങ്ങളിലേക്കുള്ള മാറ്റം എന്നതിനേക്കാൾ ശ്രദ്ധ കൊടുക്കേണ്ടത് എല്ലാവർക്കും ഊർജം ലഭ്യമാക്കുക എന്നതിനാണ്. ലോകവ്യാപകമായി 800 ദശലക്ഷം പേർക്ക് ഊർജ്ജം ലഭ്യമാക്കാൻ അന്താരാഷ്ട്ര സൗരോർജ സഖ്യത്തിന് കഴിയും. മുമ്പ് നടന്ന കാലാവസ്ഥാ സമ്മേളനങ്ങളിൽ വാഗ്ദാനംചെയ്ത ഊർജ്ജ പരിവര്‍ത്തന നിധി, വികസിത രാഷ്ട്രങ്ങൾ നൽകേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. വായ്പ ഉറപ്പുകൾക്കൊപ്പം, ഈ രാജ്യങ്ങളിൽ ഹരിതോർജ നിക്ഷേപം യാഥാർത്ഥ്യമാക്കുന്നതിനും അന്താരാഷ്ട്ര സൗരോർജ സഖ്യം സഹായിക്കും.

സമ്മേളനത്തിനിടെ രണ്ട് പുതിയ പദ്ധതികൾക്കും തുടക്കം കുറിച്ചു – 1) സൗരോർജ്ജ ഫോട്ടോ വോൾട്ടായിക് പാനലുകൾ & ബാറ്ററി അവശിഷ്ട സംസ്കരണം, 2) സൗരോർജ്ജ ഹൈഡ്രജൻ പദ്ധതി. സൗരോർജ്ജ വൈദ്യുതിയിലൂടെ ഹൈഡ്രജൻ കുറഞ്ഞ ചിലവിൽ ഉത്പാദിപ്പിക്കാനാണ് പുതിയ ഹൈഡ്രജൻ മുന്നേറ്റം ലക്ഷ്യമിടുന്നത്. നിലവിലെ കിലോ ഒന്നിന് അഞ്ച് അമേരിക്കൻ ഡോളർ എന്ന നിരക്കിൽ നിന്നും രണ്ട് ഡോളറിലേക്ക് ചിലവ് കുറയ്ക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

ഒരു സൂര്യൻ ഒരു ലോകം ഒരു ശൃംഖല – One Sun One World One Grid – OSOWOG, മുന്നേറ്റവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും സമ്മേളനത്തിൽ ചർച്ചയായി. ലോകവ്യാപകമായി സൗരോർജ്ജം പങ്കുവയ്ക്കുന്നതിനായി അന്തർ – മേഖലാതല ഊർജ്ജ ശൃംഖലകൾ നിർമ്മിക്കുന്നതിനു ഇത് ലക്ഷ്യമിടുന്നു. നിലവിൽ ഹരിതഗൃഹവാതക പുറന്തള്ളലിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായ
ഊർജ ഉത്പാദന സമയത്തെ കാർബൺ ബഹിർഗമനം കുറയ്ക്കാനും OSOWOG സഹായിക്കും

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ രാഷ്ട്രങ്ങളിൽ സൗരോർജ്ജ മേഖലയിൽ ഒരു ട്രില്യൻ അമേരിക്കൻ ഡോളറിന്റെ ആഗോള നിക്ഷേപം യാഥാർത്ഥ്യമാക്കുന്നതിന് ബ്ലൂംബർഗ് ഫിലന്ത്രോപീസുമായി ഒരു പങ്കാളിത്തവും അന്താരാഷ്ട്ര സൗരോർജ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.