തീര്‍ത്ഥാടകര്‍ വര്‍ധിച്ചു; വരുമാനം 78.92 കോടി രൂപയായി

93
0

മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 15 മുതല്‍ 41 ദിവസമാണ് മണ്ഡലകാലം. ഇതില്‍ രണ്ട് ദിവസം ബാക്കിനില്‍ക്കുമ്പോഴാണ് 78.92 കോടിയുടെ വരുമാനം ലഭിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്ത് ലഭിച്ചത് എട്ട് കോടി രൂപയായിരുന്നു. നിയന്ത്രണങ്ങളില്ലാതിരുന്ന 2019 ല്‍ 156 കോടി രൂപയാണ് മണ്ഡലകാലത്ത് ലഭിച്ചത്. അതിന്റെ പകുതി ഇത്തവണ ലഭിച്ചുകഴിഞ്ഞു. അരവണ വിറ്റതിലൂടെ 31 കോടിയും കാണിക്കയായി 29 കോടി രൂപയും അപ്പം വിറ്റതിലൂടെ 3.52 കോടി രൂപയുമാണ് ലഭിച്ചത്. ഡിസംബര്‍ 25 വരെയുള്ള കണക്കാണിത്. ഭണ്ഡാരത്തില്‍ കുറച്ച് കൂടി തുക എണ്ണാനുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10.35 ലക്ഷംപേര്‍ ഇതിനകം അയപ്പദര്‍ശനം നടത്തി. 43,000 പേര്‍വരെ എത്തിയ ദിവസവും ഇക്കാലത്തുണ്ട്. ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും ബോര്‍ഡ് അതിനുള്ള അനുവാദം നല്‍കുന്നുണ്ട്. ആരേയും മടക്കിയയക്കുന്നില്ല. മകരവിളക്ക് മഹോത്സവത്തിന് കൂടുതല്‍ അയ്യപ്പഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മകരവിളക്ക് മഹോത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. അന്നേ ദിവസം തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. 31 മുതല്‍ ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം.
ജനുവരി 11ന് ആണ് എരുമേലി പേട്ടതുള്ളല്‍. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. 14ന് വൈകിട്ട് 6.30 ന് ദീപരാധാനയ്ക്ക് ശേഷമാണ് മകരവിളക്ക് ദര്‍ശനം.
പുല്ലുമേട് വഴി തീര്‍ഥാടനത്തിന് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാത തെളിച്ചെടുത്തില്ലേല്‍ അത് നഷ്ടപെടും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരും. ബോര്‍ഡിന്റെ അഭിപ്രായം യോഗത്തില്‍ ചര്‍ച്ച ചെയ്യും. എരുമേലിയില്‍ 9 കോടി ചെലവില്‍ കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഇടത്താവള നിര്‍മാണം 6 ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും അനന്തഗോപന്‍ പറഞ്ഞു. ബോര്‍ഡംഗം പി.എം തങ്കപ്പന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. കൃഷ്ണകുമാര വാര്യര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കും

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് മാളികപ്പുറത്ത് കൂടുതല്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കുമെന്ന് ദോവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ അയ്യപ്പഭക്തര്‍ ദര്‍ശനത്തിന് എത്തുമെന്ന കണക്കുകൂട്ടലിലാണ് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നത്. മണ്ഡലകാലത്ത് 31 കോടി രൂപയുടെ അരവണയും 3.52 കോടിയുടെ അപ്പവുമാണ് വിറ്റുപോയത്.