ജില്ലയിൽ 40 സർക്കാർ കേന്ദ്രങ്ങളും 11 സ്വകാര്യ ആശുപത്രികളുമടക്കം 51 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേർക്ക് കുത്തിവയ്പ്പിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യകേന്ദ്രങ്ങളിൽ 150ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 100ഉം പേർക്ക് വാക്‌സിനേഷൻ നൽകുമെന്നും കളക്ടർ അറിയിച്ചു.
60 വയസിനു മുകളിലുള്ളവർക്കും അനുബന്ധരോഗങ്ങളുള്ള 45നും 59നും ഇടയിൽ പ്രായമുള്ളവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
മേജർ ആശുപത്രിയിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി കുത്തിവയ്പ്പു സ്വീകരിക്കാം. സ്വകാര്യ ആശുപത്രിയിൽ 250 രൂപ ഫീസ് നൽകണം.
ജില്ലയിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് 18 ട്രെയിനിങ് സെന്ററുകളിൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 10 സെഷനുകളുള്ള സ്‌പെഷ്യൽ വാക്സിനേഷൻ ഡ്രൈവും നടക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഈ മാസം 10 വരെ പുതുതായി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നടക്കില്ല. ടോക്കൺ ലഭിച്ചവർക്കും നേരത്തെ രജിസ്റ്റർ ചെയ്തവർക്കും വാക്‌സിനേഷൻ നൽകുമെന്നും കളക്ടർ അറിയിച്ചു.
ഇന്നലെ (മാർച്ച് 04) 11,477 പേർക്കു കോവിഡ് വാക്സിൻ നൽകി
ജില്ലയിൽ ഇന്നലെ (മാർച്ച് 04) മാത്രം 11,477 പേർക്കു കോവിഡ് വാക്സിൻ നൽകി. മുതിർന്ന പൗരന്മാർക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. 60 സെഷനുകളായാണ് ഇന്നലെ വാക്സിനേഷൻ നൽകിയത്.
4,135 മുതിർന്ന പൗരന്മാർക്ക് ഇന്നലെ വാക്സിൻ നൽകി. 4,905 മുന്നണി പോരാളികൾ ആദ്യഘട്ട വാക്‌സിനും 76 പേർ രണ്ടാംഘട്ട വാക്‌സിനും സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 553 പേർ ആദ്യ ഘട്ടവും 1,808 പേർ രണ്ടാം ഘട്ടവും വാക്സിൻ സ്വീകരിച്ചു.