കോവിഡ് പഠിപ്പിച്ചവ മറക്കരുത്

198
0

ഡോ.ഷർമദ് ഖാൻ

നിരവധി ജീവിതശൈലീരോഗങ്ങളും പലവിധ പകർച്ചവ്യാധികളുമുണ്ടായിട്ടും ആരോഗ്യത്തോടെ ജീവിക്കുവാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നമ്മളാരും വേണ്ടവിധം പഠിച്ചിരുന്നില്ല. എന്നാൽ കോവിഡ് വന്നതോടെ ചില നല്ലചിന്തകൾ ആരോഗ്യവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.

കോവിഡ് മാത്രമല്ലല്ലോ പകർച്ചവ്യാധികളുടെ ലിസ്റ്റിലുള്ളത്. എന്തൊക്കെയായാലും ചില കാര്യങ്ങൾക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ടിവരുമെന്ന കാര്യം ഇപ്പോൾ മുമ്പെങ്ങുമില്ലാത്തവിധം മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ പഠിച്ച പാഠങ്ങൾ തുടർന്നുള്ള ജീവിതത്തിലും പാലിക്കുന്നത് മര്യാദയുടേയും പകർച്ചവ്യാധികളെ ഒഴിവാക്കുന്നതിനുള്ള അനിവാര്യതയുടേയും ഭാഗമായി മാറുകയാണ്. രോഗപ്രതിരോധത്തിന്റെ പ്രാധാന്യം കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നവർതന്നെ അത്രയും പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന ചർച്ചകൾക്ക് വലിയ പ്രാമുഖ്യം ഇപ്പോൾ നൽകിയിട്ടുണ്ട്. എത്ര വലിയ പകർച്ചവ്യാധികളാണെങ്കിലും അവയെ ചെറുക്കുവാൻ രോഗപ്രതിരോധശേഷിതന്നെയാണ് ‘പരിച’യായി ഉപയോഗിക്കേണ്ടതെന്ന് ഉത്തമബോദ്ധ്യം വന്നവർ ധാരാളമുണ്ട്. അതിനായി വ്യക്തിശുചിത്വവും പരിസരശുചിത്വവും ദിനചര്യയും കൃത്യനിഷ്ഠയും കാലാവസ്ഥയ്ക്കനുസരിച്ചുള്ള മാറ്റവും നല്ലഭക്ഷണവും ശീലങ്ങളും പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളും ആവശ്യമാണെന്ന് പലർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുമുണ്ട്.

വീടിനു പുറത്തിറങ്ങി പലവിധ കാര്യങ്ങളിൽ ഏർപ്പെടുന്നവർ തിരികെ വീട്ടിലേക്കെത്തുമ്പോൾ രോഗകാരികളെ കൂടെകൂട്ടാതിരിക്കുവാൻ ഇപ്പോൾ ശ്രദ്ധിക്കുന്ന എല്ലാ മാർഗ്ഗങ്ങളും തുടർന്നുള്ള ജീവിതകാലയളവിലും ശ്രദ്ധിക്കേണ്ടതാണെന്ന് മനസ്സിലായിട്ടുണ്ട്. അലർജിരോഗങ്ങൾ, ആസ്ത്മ,വൈറൽഫീവർ, ചിക്കൻപോക്സ്, ചെങ്കണ്ണ് തുടങ്ങിയ പകർച്ചവ്യാധികൾ എന്തിനേറെ പറയുന്നു സാധാരണ ജലദോഷംപോലും ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. മാസ്ക് ശരിയായി ഉപയോഗിക്കുന്നവർക്കും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിച്ചവർക്കുമാണ് ഇത്തരം ഗുണങ്ങൾ ഉണ്ടായിട്ടുള്ളത്.

ഏതൊക്കെ വിധത്തിലാണോ മുമ്പ് മറ്റുള്ളവരുമായി ഇടപഴകിയിരുന്നത് വളരെ പെട്ടെന്ന്തന്നെ നമ്മളെല്ലാം അതുപോലെ മാറും എന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ സൂചനകൾ റോഡിലും കടകളിലും ഓഫീസുകളിലും ഇപ്പോൾ തന്നെ കാണാനുണ്ട്. സ്കൂളുകൾ ഉൾപ്പെടെ ആ പാതയിലേക്ക് ഉടനെ എത്തിച്ചേരും. ഇവയെല്ലാം ഒരു രാജ്യത്തെയും അവിടെയുള്ള ജനങ്ങളെയും സംബന്ധിച്ച് വളരെ അനിവാര്യവുമാണ്. അതുകൊണ്ടാണ് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ നമ്മൾ നിർബന്ധിതരാകുന്നത്. എന്നാൽ ഒരു സ്വയംനിയന്ത്രണം ഇത്തരം ഇടപെടലുകളിൽ ഉണ്ടായിരിക്കുക എന്നത് എന്തുകൊണ്ടും നല്ലതാണ്. കോവിഡെന്നല്ല ഏത് പകർച്ചവ്യാധി ആയാലും അടുത്തിടപഴകുന്നതും ശ്രദ്ധയില്ലാതെ തുമ്മുന്നതും ചീറ്റുന്നതും ഇരിക്കുന്ന ഒരാളുടെ മുന്നിൽ നിന്നുകൊണ്ട് മുഖത്തേക്ക് ഉറക്കെ സംസാരിക്കുന്നതും വളരെ ഒച്ചത്തിൽ ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും വായ്ക്കകത്ത് വിരൽവെച്ചു തോണ്ടുന്നതും മൂക്കിനകത്ത് വിരൽ കയറ്റി ചൊറിഞ്ഞുകൊണ്ടിരിക്കുന്നതും സുരക്ഷിതമല്ലാത്തിടത്ത് തുപ്പുന്നതും ഉപയോഗിച്ച വസ്തുക്കൾ വലിച്ചെറിയുന്നതും അത്യാവശ്യമില്ലാത്ത കൂട്ടം കൂടുന്നതും തിങ്ങിയ ഇടങ്ങളിൽ അധികസമയം ചെലവഴിക്കുന്നതും വസ്ത്രങ്ങളും കിടക്കയും ഷെയർ ചെയ്യുന്നതും മറ്റുള്ളവരിലേക്ക് രോഗം പകരുവാൻ ഇടയാക്കും.

പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ സൗകര്യപ്പെടുത്തിയിട്ടുള്ള ചില വസ്തുക്കൾ നൽകുന്ന ഇടങ്ങളിൽപോലും അത് വേണ്ടെന്ന് വെച്ച് സുരക്ഷിതത്വത്തിനായി അത്തരം സാധനങ്ങൾ കയ്യിൽ കരുതുന്നത് നല്ലത്. ഭക്ഷണ നിർമ്മാണവുമായി ബന്ധപ്പെട്ടവർ, കച്ചവടക്കാർ, വൃത്തിഹീനമായ ഇടങ്ങളിൽ വെച്ച് ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ, പകരുവാനിടയുള്ള രോഗങ്ങളുമായി പൊതുഇടങ്ങളിൽ കറങ്ങുന്നവർ, പകർച്ചവ്യാധികൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടവർ തുടങ്ങിയവരുടെ മേൽ അധികാരപ്പെട്ടവരുടെ ശ്രദ്ധ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
രോഗങ്ങൾ പരത്തുവാൻ സാദ്ധ്യതയുള്ള ജീവികളുടെ കാര്യത്തിലും മാലിന്യസംസ്കരണത്തിനും കൂടി അത്തരമൊരു ശ്രദ്ധയുണ്ടെങ്കിൽ രോഗപ്രതിരോധശേഷിയുള്ള പൊതുജനത്തെ വാർത്തെടുക്കുവാൻ സാധിക്കും.

സോപ്പിട്ട് കൈകൾ കഴുകുവാൻ പഠിച്ചവർ അത് എത്രമാത്രം ശരിയായി ചെയ്യുന്നു എന്നതും കൂടി ശ്രദ്ധിക്കണം. ഏതുവിധത്തിൽ എത്ര സമയം കഴുകണമെന്നാണ് പഠിച്ചിട്ടുള്ളതെന്ന കാര്യം എക്കാലവും ഓർമ്മിക്കണം.മാസ്ക് ഉപയോഗിക്കുന്നതുപോലെ പ്രയോജനപ്പെടില്ലെങ്കിലും വസ്ത്രധാരണത്തിന്റെതന്നെ ഭാഗമായി കർച്ചീഫ് ഉപയോഗിക്കുന്നതാണ് നല്ലത്.

പുറത്തിറങ്ങി തിരികെ വന്നാൽ കൈകാൽകഴുകി അംഗശുദ്ധി വരുത്തുകയോ കുളിക്കുകയോ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകാനായി പ്രത്യേകം സൂക്ഷിക്കുകയോ അപ്പോൾതന്നെ കഴുകുകയോ ചെയ്യുന്ന ശീലങ്ങൾ മറന്നുപോകരുത്. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതും എത്ര വൃത്തിയില്ലാത്തിടത്തുനിന്നും എന്തും വാങ്ങിക്കഴിക്കുന്നതും ചിലരൊക്കെ ഒഴിവാക്കിയിട്ടുണ്ട്. സ്കൂളിലേക്ക് കുട്ടികളെ വിടുമ്പോഴും സ്വന്തം വാട്ടർബോട്ടിൽ,സ്വന്തം ചോറ്റുപാത്രം എന്ന രീതിയാണ് ഇനി നല്ലതെന്ന് ഓർമ്മപ്പെടുത്തേണ്ടിവരും.ചില സ്കൂളിലെ അദ്ധ്യാപകരെങ്കിലും ശാരീരികമായി ബുദ്ധിമുട്ട്തോന്നിയ വിദ്യാർത്ഥികളെ സിക്ക്റൂമിലാക്കിയതിന് രക്ഷാകർത്താക്കളുടെ നീരസത്തിന് വിധേയമായിട്ടുണ്ടെന്ന കാര്യം മറന്നിട്ടില്ലല്ലോ? അത്തരം സാഹചര്യങ്ങളിൽ പൊതു ഉത്തരവാദിത്തമായികണ്ട് സഹകരിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടതെന്ന കാര്യം ഇനിയും ബോദ്ധ്യപ്പെട്ടേ മതിയാകൂ.

നമ്മൾ കൈകാര്യം ചെയ്യുന്ന വസ്തുക്കളെല്ലാം വൃത്തിയായിരിക്കുന്നതിനൊപ്പം അണുവിമുക്തമായിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ശൗചാലയങ്ങൾ പ്രത്യേകിച്ചും.
നമുക്ക് ഗുണകരമായ ജീവാണുക്കളും നമുക്കുചുറ്റും ഉണ്ടെന്നത് മറന്നുകൊണ്ടുള്ള അണുനശീകരണം വലിയ വിപത്തുകൾ ഉണ്ടാക്കുവാൻ കാരണമാകുമെന്ന കാര്യം മറക്കരുത്. വളരെ ശ്രദ്ധയോടെയും ബോധത്തോടെയും വിവേകത്തോടെയും മാത്രമേ അണുനാശിനികൾ എന്ന ലേബലിലുള്ള സാധനങ്ങൾ കൈകാര്യം ചെയ്യുവാൻ പാടുള്ളൂ.

രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യാവസ്ഥ എന്ന് കരുതുന്നത് പൂർണ്ണമായും ശരിയല്ല. ആരോഗ്യകരമായി നല്ലതല്ലാത്ത ശീലങ്ങൾ രോഗത്തിലേക്ക് നയിക്കുമെന്നതുപോലെ ആരോഗ്യം സംരക്ഷിക്കുന്ന നല്ല ശീലങ്ങൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ് എന്ന് മനസ്സിലാക്കണം. വ്യക്തിപരമായ ആരോഗ്യം ജീവിതശൈലീരോഗങ്ങളകറ്റുവാൻ പര്യാപ്തമാണെങ്കിലും പകർച്ചവ്യാധികൾ അകറ്റുന്നതിന് നമ്മുടെ പരിസരത്തുള്ള സകലതിനും നമുക്ക് അനുകൂലമായി പ്രവർത്തിക്കുവാൻ സാധിക്കുന്ന അവസ്ഥകൂടി ഉണ്ടായിരിക്കണം. ആയതിനാൽ നമ്മുടെ ചുറ്റുപാടിനെ നമുക്ക് അനുകൂലമാക്കി നിർത്തുവാനും അതിന് സാധിക്കാതെ വന്നാൽ നമ്മുടെ ആരോഗ്യം നഷ്ടമാകാത്തരീതിയിൽതന്നെ ആവശ്യമായ മാറ്റങ്ങൾ പ്രകൃതിക്കനുസരിച്ച് ഉൾക്കൊള്ളുവാനും നമ്മൾ തയ്യാറാകണം.അത്തരം കാര്യങ്ങൾ കൂടുതൽ ഉൾക്കൊണ്ട് നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാനുള്ള മാർഗ്ഗങ്ങൾ ശീലിക്കുവാൻ കോവിഡ്കാലത്ത് സാധിക്കുന്നുണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല.